സ്വർണം 'വീഴ്‌വേനെൻട്രു നിനയ്‌ത്തായോ'; യുഎസ് ഭവന വിപണിയിലെ തിരിച്ചടിയിലും സ്വർണത്തിന് തിളക്കം
ന്യൂയോർക്ക്: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യത്തിൻ്റെ സൂചനകൾ ശക്തമാകുന്നതിനിടെ രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും കുതിക്കുകയാണ്. ഇറാൻ-യുഎസ് സമാധാന കരാർ സാധ്യമായതോടെ പണപ്പെരുപ്പ ആശങ്ക ഒഴിയുമെന്ന പ്രതീക്ഷയും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള വർധിച്ചുവരുന്ന ആവശ്യകതയുമാണ് വിപണിക്ക് കരുത്താകുന്നത്. അതിനിടെ അമേരിക്കൻ ഭവന നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ കണക്കുകൾ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
മേയ് മാസത്തിൽ അമേരിക്കയിലെ ഭവന നിർമാണ പ്രവർത്തനങ്ങൾ കുത്തനെ ഇടിഞ്ഞുവെന്നാണ് യു.എസ്. കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സീസണൽ ക്രമീകരണങ്ങൾക്ക് ശേഷമുള്ള വാർഷിക ഭവന നിർമാണ നിരക്ക് 15 ശതമാനത്തിലേറെ ഇടിഞ്ഞ് 11.8 ലക്ഷം യൂണിറ്റുകളിലെത്തി. ഏകദേശം 14.3 ലക്ഷം യൂണിറ്റുകളുടെ നിർമാണ പ്രവർത്തനമാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ പുറത്തുവന്ന കണക്കുകൾ വിപണിയിൽ വലിയ നിരാശയാണ് സമ്മാനിച്ചത്.

ഇതോടൊപ്പം ഏപ്രിൽ മാസത്തിലെ കണക്കുകളും തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട കണക്കുകളേക്കാൾ കുറഞ്ഞ നിലയിലാണ് ഏപ്രിൽ മാസത്തിലെ ഭവന നിർമാണ പ്രവർത്തനം ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം ഏപ്രിലിൽ 13.9 ലക്ഷം യൂണിറ്റുകളുടെ നിർമ്മാണം മാത്രമാണ് നടന്നത്.
കഴിഞ്ഞ വർഷം മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഭവന നിർമാണ പ്രവർത്തനങ്ങളിൽ 8.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന പലിശനിരക്കുകൾ, ഭവന വായ്പകളുടെ വർധിച്ച ചെലവ്, വീടുകളുടെ വിലയിലെ കുതിപ്പ് എന്നിവ ഇപ്പോഴും മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇതുമൂലം പുതിയ വീടുകൾ നിർമ്മിക്കുന്നതിലും വാങ്ങുന്നതിലും ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തുകയാണ്.
അതേസമയം, ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഭവന വിപണി ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷകളേയും തള്ളുകയാണ് പുതിയ കണക്കുകൾ. ഭാവിയിലെ ഭവന നിർമാണ പ്രവർത്തനങ്ങളുടെ പ്രധാന സൂചികയായി കണക്കാക്കപ്പെടുന്ന ബിൽഡിംഗ് പെർമിറ്റുകളുടെ എണ്ണം മേയ് മാസത്തിൽ 0.7 ശതമാനം കുറഞ്ഞ് 14.13 ലക്ഷം യൂണിറ്റുകളായി. വിപണി പ്രതീക്ഷകൾക്ക് ഏകദേശം അനുസൃതമായ കണക്കാണെങ്കിലും നിർമാണ മേഖലയിലെ മന്ദഗതി തുടരുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഏപ്രിലിലെ ബിൽഡിംഗ് പെർമിറ്റ് കണക്കുകളും താഴേക്ക് തിരുത്തിയിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം 14.23 ലക്ഷം പെർമിറ്റുകളാണ് ഏപ്രിലിൽ അനുവദിച്ചിരുന്നത്. ഇതും ഭവന നിർമാണ മേഖലയിലെ വെല്ലുവിളികൾ തുടരുന്നുവെന്നതിന് തെളിവായാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കൻ ഭവന മേഖലയിലെ ദുർബലത സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കകൾ ശക്തമായിട്ടുണ്ടെങ്കിലും സ്വർണവിപണിയെ ഈ കണക്കുകൾ ബാധിച്ചിട്ടില്ല. മറിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് വിപണിയിൽ കാണുന്നത്. ഇതോടെ സ്വർണവില ഉയർന്ന നിലയിൽ തുടരുകയാണ്.
രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,349.40 ഡോളറിലെത്തി. ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾ, അമേരിക്കൻ ഭവന മേഖലയിലെ മന്ദഗതി, പലിശനിരക്കുകളുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയ്ക്ക് വരും ദിവസങ്ങളിലും പിന്തുണ ലഭിക്കുമെന്നാണ് വിപണി നിരീക്ഷകരുടെയും സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തൽ.












Click it and Unblock the Notifications