സ്വര്‍ണം ഇപ്പോള്‍ വാങ്ങല്ലേ, ഇനിയും വന്‍തോതില്‍ വില കുറഞ്ഞേക്കും, കെവിന്‍ വാര്‍ഷ് വന്നാല്‍ മാറും
സ്വര്‍ണവില അഭൂതപൂര്‍വമായ വര്‍ധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ജനുവരി 29ന് ഒരു പവന്‍ സ്വര്‍ണത്തിന് 131160 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ചിത്രം മാറി. കയറിയ പോലെ വില താഴാന്‍ തുടങ്ങി. മൂന്ന് ദിവസത്തിനിടെ 13400 രൂപ കുറഞ്ഞു. എന്താണ് വിപണിയില്‍ സംഭവിക്കുന്നത് എന്ന് പലരും ചോദിക്കുന്നു.
കെവിന്‍ വാര്‍ഷ് എന്ന വ്യക്തിയിലേക്കാണ് സ്വര്‍ണവിലയിലെ ഇടിവിനെ ആഗോള മാധ്യമങ്ങള്‍ ചേര്‍ത്തുപറയുന്നത്. ജനുവരി 31ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 117760 രൂപയായി കുറഞ്ഞിരിക്കുന്നു. ഇനിയും കുറയാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന മെയ് മാസത്തോടെ വലിയ തോതില്‍ കുറഞ്ഞേക്കുമെന്നും പറയപ്പെടുന്നു. ഇതിനെല്ലാം കാരണം കെവിന്‍ വാര്‍ഷ് ആണ്.

സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ചയാണ്. മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും ഒരു കാരണമാണ്. നിലവിലെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പലിശ നിരക്ക് കുറയ്ക്കുന്നതിന് എതിരാണ്. ഡൊണാള്‍ഡ് ട്രംപ് ആകട്ടെ പലിശ നിരക്ക് കുറയ്ക്കണം എന്ന അഭിപ്രായക്കാരനുമാണ്.
ജെറോം പവലിന്റെ കാലാവധി മെയ് മാസത്തോടെ അവസാനിക്കും. അടുത്ത ഫെഡ് ചെയര്‍മാനായി പലിശ നിരക്ക് കുറയ്ക്കുന്ന വ്യക്തിയെ ട്രംപ് നിര്‍ദേശിക്കും എന്നായിരുന്നു ഇതുവരെ കരുതിയത്. എന്നാല്‍ കെവിന്‍ വാര്‍ഷിനെയാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. അദ്ദേഹം ഫെഡ് റിസര്‍വിന്റെ മുന്‍ ഗവര്‍ണര്‍ ആണ്. പലിശ നിരക്ക് ഉയര്‍ത്തണം, ഡോളര്‍ മൂല്യം വര്‍ധിപ്പിക്കണം തുടങ്ങിയ നിലപാടുള്ള വ്യക്തിയാണ്.
എന്താണ് മെയ് മാസത്തില്‍ സംഭവിക്കുക?
2008ലെ സാമ്പത്തിക പ്രതിസന്ധി കാലണത്ത് വിപണിയിലേക്ക് കൂടുതല്‍ പണം എത്തിക്കാന്‍ എല്ലാ യുഎസ് സാമ്പത്തിക വിദഗ്ധരും പലിശ നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കെവിന്‍ വാര്‍ഷ് ഇതിനെ എതിര്‍ക്കുകയും പലിശ നിരക്ക് കൂട്ടുകയാണ് വേണ്ടത് എന്ന് വാദിക്കുകയും ചെയ്തു. കെവിന്‍ വാര്‍ഷ് മെയ് മാസത്തില്‍ ഫെഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റാല്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചേക്കും. ഇതോടെ സ്വര്‍ണവില കൂടുതല്‍ താഴുമെന്നാണ് പ്രതീക്ഷ.
പലിശ നിരക്ക് കൂട്ടിയാല്‍ ബാങ്ക്, ബോണ്ട് നിക്ഷേപ വരുമാനം ഉയരും. കൂടുതല്‍ പേര്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടും. സ്വര്‍ണം വിറ്റ് നിക്ഷേപത്തിലേക്ക് കൂടുതല്‍ പേരെത്തും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്ന സാഹചര്യം വരും. ഇത് സ്വര്‍ണവില കുറയ്ക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഡോളര്‍ മൂല്യം ഉയര്‍ന്നാല്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് വലിയ ചെലവുള്ള കാര്യമാകും. ഇതും സ്വര്‍ണത്തിന് ആകര്‍ഷണം കുറയ്ക്കും. വില താഴാന്‍ ഈ രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
ജനുവരി 30ന് 7 ശതമാനം വിലയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. 1987ന് ശേഷം ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും വില താഴുന്നത്. അന്ന് 5 ശതമാനം വിലയാണ് കുറഞ്ഞിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 5500 കടന്ന സ്വര്‍ണം ഇപ്പോഴുള്ളത് 4865 ഡോളറിലാണ്. ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെട്ട് 97.15 എന്ന നിരക്കിലേക്ക് എത്തിയത് ഇനിയും സ്വര്‍ണവില കുറയുമെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു.












Click it and Unblock the Notifications