സ്വര്‍ണം ആദ്യം, പിന്നാലെ ക്രൂഡ് ഓയില്‍; പാകിസ്താന്‍ 'സൗദി അറേബ്യ' ആകുമോ, റെയില്‍ ശൃംഖല
ഇസ്ലാമാബാദ്: റെക്കോ ദിഖ് ഖനിയില്‍ കണ്ടെത്തിയ സ്വര്‍ണവും ചെമ്പും ഖനനം ചെയ്യാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. കനേഡിയന്‍ കമ്പനിയുടെയും അമേരിക്കയുടെയും എഡിബിയുടെയും സഹായത്തോടെ ഇതിനുള്ള ഫണ്ട് കണ്ടെത്തുകയാണ്. അതിനിടെയാണ് വലിയ ക്രൂഡ് ഓയില്‍ ശേഖരം പാകിസ്താന്‍ കണ്ടെത്തിയിരിക്കുന്നത്.
പഞ്ചാബ് പ്രവിശ്യയിലെ അട്ടോക്ക് ജില്ലയിലുള്ള ധോക് സുല്‍ത്താന്‍-03 മേഖലയിലാണ് കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരം ഉണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ പരിശോധന വിജയം കണ്ടിരിക്കുകയാണിപ്പോള്‍ എന്ന് പാകിസ്താന്‍ പെട്രോളിയം ലിമിറ്റഡ് (പിപിഎല്‍) അറിയിച്ചു. ധോക്ക് സുല്‍ത്താന്‍ ബ്ലോക്കില്‍ പിപിഎല്‍ കണ്ടെത്തുന്ന രണ്ടാമത്തെ എണ്ണ ശേഖരമാണിത്. അതിനിടെയാണ് കൂറ്റന്‍ റെയില്‍ ശൃംഖല ഒരുക്കാന്‍ പോകുന്നത്...

ബലൂചിസ്താന്‍ പ്രവിശ്യയിലാണ് റെക്കോ ദിഖ് സ്വര്‍ണ ഖനി. ഇവിടെ വൈകാതെ ഖനനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്താന്‍. സൗദി അറേബ്യയുടെ സാമ്പത്തിക സഹായം ആദ്യം പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. പിന്നീട് അമേരിക്കയും എഡിബി വഴിയുമാണ് പണം കണ്ടെത്തുന്നത്. അതിന്റെ നടപടികള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കെയാണ് പഞ്ചാബില്‍ എണ്ണ കണ്ടെത്തിയിരിക്കുന്നത്.
ജിയോളജി, ജിയോഫിസിക്കല്‍ വിഭാഗത്തിന്റെ പഠനത്തിന് ശേഷമാണ് പഞ്ചാബില്‍ എണ്ണ പര്യവേക്ഷണം തുടങ്ങിയത്. അതുകൊണ്ടുതന്നെ സമയവും ചെലവും ലാഭിക്കാന്‍ സാധിച്ചു എന്ന് പിപിഎല്‍ പറയുന്നു. കഴിഞ്ഞ ജനുവരി 18നാണ് കുഴിക്കല്‍ ആരംഭിച്ചത്. 5815 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തു പരിശോധിച്ച വേളയിലാണ് എണ്ണ കണ്ടെത്തിയത് എന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനെ എണ്ണ ഖനനത്തിന് സഹായിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
പിപിഎല്ലിനും ഗവണ്‍മെന്റ് ഹോള്‍ഡിങ് (പ്രൈവറ്റ്) ലിമിറ്റഡിനുമാണ് പുതിയ എണ്ണ കിണറിന്റെ ഓഹരിയുള്ളത്. ബലൂചിസ്താനില്‍ നിന്ന് സ്വര്‍ണവും ചെമ്പും പഞ്ചാബില്‍ നിന്ന് ക്രൂഡ് ഓയിലും സമ്പൂര്‍ണ തോതില്‍ ഖനനം ചെയ്യാന്‍ സാധിച്ചാല്‍ പാകിസ്താന്റെ സാമ്പത്തിക രംഗം ശക്തിപ്പെടും. അമേരിക്കയുടെ സഹായത്തില്‍ അപൂര്‍വ ധാതുക്കളുടെ ഖനനത്തിനും പാകിസ്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.
1700 കിലോമീറ്റുള്ള റെയില്‍വെ
ചൈനയില്‍ നിന്ന് തുടങ്ങി പാകിസ്താനിലെ തുറമുഖത്തെത്തുന്ന റോഡ്, റെയില്‍ പാതകള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) യുടെ നിര്‍മാണം ഏറെകാലമായി നടക്കുന്നു. റോഡ് നിര്‍മാണം ഏറെ പുരോഗമിച്ചു. റെയില്‍പാത അതിവേഗം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 700 കോടി ഡോളര്‍ ഇതിന് വേണ്ടി കണ്ടെത്താന്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാനാണ് തീരുമാനം.
പാകിസ്താന്‍, ചൈന, എഡിബി, എഐഐബി എന്നിവര്‍ ഉള്‍പ്പെടുന്നതാകും കണ്‍സോര്‍ഷ്യം എന്ന് വികസന കാര്യങ്ങള്‍ക്കുള്ള മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ പറഞ്ഞു. 2029 ആകുമ്പോഴേക്കും റെയില്‍പാത പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അടുത്തിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ചൈന സന്ദര്‍ശിച്ചപ്പോള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. 1700 കിലോമീറ്റുള്ള കറാച്ചി-പെഷാവര്‍ റൂട്ടിലാണ് റെയില്‍പാത വരുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പാക് അധീന കശ്മീരിലൂടെ നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴിക്കെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications