സ്വര്‍ണത്തെ എന്ത് ചെയ്യും? വില്‍ക്കണോ അതോ വാങ്ങണോ എന്നറിയാതെ നിക്ഷേപകര്‍!
സമീപകാലത്തൊന്നുമില്ലാത്ത സമ്മര്‍ദ്ദമാണ് അടുത്തിടെയായി സ്വര്‍ണത്തിന് നേരിടേണ്ടി വരുന്നത്. വിപരീത ദിശകളിലേക്ക് വലിക്കുന്ന രണ്ട് ശക്തികള്‍ക്കിടയില്‍പ്പെട്ട് സ്വര്‍ണം നിലവില്‍ 4130 ഡോളറിന് അടുത്താണ് വ്യാപാരം നടത്തുന്നത്. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ സ്വര്‍ണശേഖരണവും ഇടിഎഫുകളിലേക്കുള്ള നിരന്തരമായ നിക്ഷേപപ്രവാഹവും സ്വര്‍ണത്തിനായുള്ള അടിസ്ഥാനപരമായ ഡിമാന്‍ഡ് നിലനിര്‍ത്തുന്നു.
അതേസമയം, 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള റിയല്‍ യീല്‍ഡ് 18 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ഡോളര്‍ മൂല്യം എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ സാധാരണ പലിശനിരക്ക് വര്‍ധനവ് ഉണ്ടാക്കുന്നതിനേക്കാള്‍ തീവ്രമായി മാറിയിരിക്കുന്നു. വിലനിലവാരം മാത്രമല്ല, നിലവിലെ വിലയിടിവ് മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കുന്നതും പ്രധാനമാണ്.

സ്വര്‍ണവിലയിലുണ്ടായ സമീപകാല ഇടിവ് വ്യത്യസ്ത കാരണങ്ങളാല്‍ രണ്ട് ഘട്ടങ്ങളിലായാണ് സംഭവിച്ചത്. ആദ്യ ഘട്ടത്തില്‍, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുകള്‍ സെപ്റ്റംബറിലെ പലിശനിരക്ക് വര്‍ധനവ് ഉറപ്പാക്കിയതോടെ വില 4700 ഡോളറില്‍ നിന്ന് 4250 ഡോളറിന് താഴേക്ക് കൂപ്പുകുത്തി. എഫ്ഒഎംസി യോഗത്തിന് തൊട്ടുമുമ്പുള്ള മൂന്നാഴ്ചയ്ക്കുള്ളില്‍ ഏകദേശം 10 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
ശ്രദ്ധേയമായ കാര്യം, ഈ കാലയളവില്‍ 10 വര്‍ഷത്തെ ടിഐപിഎസ് യീല്‍ഡ് 2.32 ശതമാനത്തിനും 2.45 ശതമാനത്തിനും ഇടയില്‍ സ്ഥിരത പുലര്‍ത്തിയിരുന്നു എന്നതാണ്. അതായത് വിലയിലുണ്ടായ പ്രാരംഭ ഇടിവിന് കാരണം റിയല്‍ യീല്‍ഡില്‍ ഉണ്ടായ അടിസ്ഥാനപരമായ വര്‍ധനവല്ല, മറിച്ച് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലുണ്ടായ മാറ്റമാണ്..
വിപണിയിലെ തിരുത്തല്‍ പ്രക്രിയയുടെ ഏറ്റവും പുതിയ ഘട്ടം കാര്യമായ വ്യത്യാസങ്ങള്‍ നിറഞ്ഞതാണ്. സെപ്റ്റംബര്‍ തുടക്കത്തില്‍ 2.46 ശതമാനമായിരുന്ന 10 വര്‍ഷത്തെ ടിഐപിഎസ് യീല്‍ഡ്, ഒക്ടോബര്‍ ആദ്യവാരത്തോടെ 2.95 ശതമാനത്തോളമായി ഉയര്‍ന്നു. 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതായത്, ഒരു മാസത്തിനുള്ളില്‍ ഏകദേശം 50 ബേസിസ് പോയിന്റുകളുടെ വര്‍ധനവാണ് ഉണ്ടായത്.
ഇതിലും പ്രധാനമായി, ഒക്ടോബറില്‍ പലിശനിരക്ക് വര്‍ധിക്കാനുള്ള സാധ്യത 20 ശതമാനത്തില്‍ താഴേക്ക് കുറഞ്ഞിട്ടും 'റിയല്‍ യീല്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 84000 മുതല്‍ 90000 വരെ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന പൊതുപ്രതീക്ഷയ്ക്കു വിപരീതമായി സെപ്റ്റംബറില്‍ 29000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. കൂടാതെ പിസിഇ കണക്കുകളിലെ കുറവും തൊഴിലില്ലായ്മ നിരക്കിലെ വര്‍ധനവും ഇതിന് കാരണമായി.
പലിശനിരക്ക് വര്‍ധനവിനുള്ള സാധ്യത കുറയുന്നതും എന്നാല്‍ റിയല്‍ യീല്‍ഡ് വര്‍ധിക്കുന്നതും തമ്മിലുള്ള ഈ വൈരുധ്യമാണ് നിലവിലെ വിപണി സാഹചര്യത്തിന്റെ പ്രധാന സവിശേഷത. ടേം പ്രീമിയം വര്‍ധിക്കുന്നതും ട്രഷറി ബോണ്ടുകളുടെ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളും യുഎസ് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായനിരക്കിലെ പുനര്‍നിര്‍ണയവും ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സാധാരണ പലിശനിരക്ക് വര്‍ധനവ് ഉണ്ടാക്കുന്നതിനേക്കാള്‍ ശക്തമായ വെല്ലുവിളിയാണ് പലിശ വരുമാനം നല്‍കാത്ത ആസ്തികള്‍ക്ക് ഈ ഘടകങ്ങള്‍ സൃഷ്ടിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനവ് ഈ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കി. ഫ്രാന്‍സിലെ ബജറ്റ് കമ്മി സംബന്ധിച്ച ആശങ്കകളും രാഷ്ട്രീയ അനിശ്ചിതത്വവും കാരണം യൂറോയുടെ മൂല്യം കുറഞ്ഞതും ഇതിനൊരു കാരണമായി.
ഇതിനെത്തുടര്‍ന്ന് ഡോളര്‍ സൂചിക 102-ന് മുകളിലെത്തുകയും ഈ ആഴ്ച ആദ്യം 18 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 102.5-ല്‍ എത്തുകയും ചെയ്തു. 10 വര്‍ഷത്തെ നോമിനല്‍ ട്രഷറി യീല്‍ഡ് 5.35 ശതമാനത്തിലെത്തി. 2002-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിപണിയിലെ വലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, പലിശനിരക്കുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മാത്രം വിശദീകരിക്കാനാവാത്ത വിധം ഘടനാപരമായ ആവശ്യകത സ്വര്‍ണവിലയ്ക്ക് ഒരു താങ്ങായി വര്‍ത്തിക്കുന്നു.


Click it and Unblock the Notifications
