സ്വർണം ലാഭത്തിൽ വാങ്ങണോ? ദുബായിയൊക്കെ വിട്ട് പിടിച്ചോളൂ..വാങ്ങേണ്ടത് ഈ രാജ്യത്ത് നിന്ന്
സ്വർണത്തിന് വില കുതിക്കുകയാണ്. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2921 ഡോളർ വരെയാണ് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തിലും വില കുത്തനെ കുതിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8065 രൂപയാണ് വില. അതായത് പവൻ വില 64,520 രൂപ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണത്തിന് വില കൂടിയും കുറഞ്ഞുമിരിക്കുകയാണ്. ആഗോള സാഹചര്യങ്ങൾ തന്നെയാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. യുഎസിന്റെ താരിഫ് യുദ്ധവും സാമ്പത്തിക മാന്ദ്യ ഭീതിയുമെല്ലാമാണ് വില ഉയരാൻ കാരണമാണ്. എന്നാൽ യുക്രൈനിൽ യുദ്ധ ഭീതിയൊഴിയുമെന്നൊക്കെയുള്ള വാർത്തകൾ സ്വർണ വില വരും ദിവസങ്ങളിൽ കുറയാൻ കാരണമാകുമെന്ന വിലയിരുത്തലുകൾ വിപണി വിദഗ്ധർ നടത്തുന്നുണ്ട്.

ഇനി സ്വർണ വില കൂടിയാലും കുറഞ്ഞാലും ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതിന് യാതൊരു കുറവുമില്ല. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കാണ് ആളുകൾ സ്വർണത്തിന് പിന്നാലെ പോകുന്നത്. പൊതുവെ സ്വർണ വില ഉയരുമ്പോൾ ഇന്ത്യക്കാർ, പ്രത്യേകിച്ച് കേരളക്കാർ യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്ന പതിവുണ്ട്. അതിനൊരു കാരണം ഇവിടുത്തെ അപേക്ഷിച്ച് യുഎഇയിൽ സ്വർണത്തിന് വില കുറവാണെന്നതാണ്.
മാത്രമല്ല ശുദ്ധ സ്വർണമാണ് അവിടെ നിന്ന് ലഭിക്കുക. വ്യത്യസ്ത ഡിസൈനുകളും മോഡലുമെല്ലാം ധാരാളം ലഭിക്കും. സ്വർണത്തിന് നികുതി കൊടുക്കേണ്ടതില്ലെന്നാണ് എടുത്ത് പറയേണ്ട കാര്യം. പണിക്കൂലി ഉണ്ടാകുമെങ്കിലും സ്വർണ വില കൂടിയതോടെ ആളുകളെ ആകർഷിക്കാൻ പണിക്കൂലിയിൽ ചില ഓഫറുകൾ ഇപ്പോൾ പല ജ്വല്ലറികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ലോകത്ത് ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ സാധിക്കുന്ന രാജ്യം യുഎഇ അല്ല. ഫെബ്രുവരിയിലെ കണക്കുകൾ വെച്ച് പരിശോധിക്കുകയാണെങ്കിൽ ദുബായ് ഈ പട്ടികക്ക് പുറത്താണ്. ലാഭത്തിൽ സ്വർണം വാങ്ങാൻ സാധിക്കുന്ന അഞ്ച് രാജ്യങ്ങൾ ഏതെന്ന് നോക്കാം
യുഎസ്
അമേരിക്കയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8586 രൂപയാണ്. 22 കാരറ്റിന് 7874 രൂപയും. അതായത് പവന് വില 62,992 രൂപ.
ഓസ്ട്രേലിയ
24 കാരറ്റ് സ്വർണം ഗ്രാമിന് 8602 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാമിന് 7889 രൂപ
സിംഗപൂർ
24 കാരറ്റ് ഒരു ഗ്രാമിന് 8667 രൂപ, 22 കാരറ്റിന് 7963 രൂപ.
സ്വിറ്റ്സർലാൻഡ്
24 കാരറ്റിന് 8682 രൂപ, 22 കാരറ്റിന് 7963 രൂപ
ഇന്തോനേഷ്യ
24 കാരറ്റിന് 8704 രൂപ , 22 കാരറ്റിന് 7983 രൂപ.
വില താരതമ്യം ചെയ്താൽ പട്ടികയിൽ ആറാം സ്ഥാനത്ത് മാത്രമാണ് ദുബായ് വരുന്നത്.
ഇങ്ങനെയൊക്കെ ആണെങ്കിലും വിദേശരാജ്യത്ത് നിന്ന് സ്വർണം വാങ്ങിക്കൂട്ടി നാട്ടിലേക്ക് മടങ്ങാമെന്ന് കരുതരുത്. നിശ്ചിത അളവിലുള്ള സ്വർണം മാത്രമേ ഡ്യൂട്ടി ഫ്രീയായി ഇവിടേക്ക് കൊണ്ടുവരാൻ അനുവാദമുള്ളൂ. സ്ത്രീകൾക്ക് 40 ഗ്രാം വരേയും പുരുഷൻമാർക്ക് 20 ഗ്രാം വരേയുമാണ് കൊണ്ടുവരാൻ സാധിക്കുക. ഇതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നാൽ നികുതിയൊടുക്കേണ്ടി വരും.












Click it and Unblock the Notifications