Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയ്ക്ക് ഒന്നും കിട്ടില്ലേ; സ്വര്‍ണം എടുക്കാന്‍ യുഎസ്, വെളുത്ത സ്വര്‍ണവും ലക്ഷ്യം

ഇസ്ലാമാബാദ്: സ്വര്‍ണം, ക്രൂഡ് ഓയില്‍, ലിഥിയം ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ യഥേഷ്ടമുള്ള സ്ഥലമാണ് പാകിസ്താനിലെ ബലൂചിസ്താന്‍. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണം, ചെമ്പ് ഖനികളിലൊന്നായ റേക്കോ ദിഖ് ബലൂചിസ്താനിലാണ്. വന്‍കിട ഖനന കമ്പനികള്‍ നോട്ടമിടുന്ന ഖനി കൂടിയാണിത്. സൗദി അറേബ്യ ഈ ഖനി പാട്ടത്തിനെടുക്കുന്ന ചര്‍ച്ചയിലാണ് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. ഈ രാജ്യത്ത് വളരെ പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ് ബലൂചിസ്താന്‍. കോടികളുടെ പ്രകൃതി വിഭവം ഇവിടെയുണ്ടെങ്കിലും കുഴിച്ചെടുത്ത് പണമാക്കി മാറ്റാനുള്ള ശേഷി പാകിസ്താനില്ല. തുടര്‍ന്നാണ് വിദേശ രാജ്യങ്ങളുടെയും കമ്പനികളുടെയും സഹായം പാകിസ്താന്‍ തേടിയത്...

gold mine in pakistan saudi arabia us

കനേഡിയന്‍ ഖനന കമ്പനിയായ ബാരിക് ഗോള്‍ഡിനാണ് ബലൂചിസ്താനിലെ സ്വര്‍ണ ഖനിയുടെ വലിയ ഓഹരി ഉടമസ്ഥതയുള്ളത്. 50 ശതമാനം ഓഹരി ഈ കമ്പനിക്കാണ്. 25 ശതമാനം വീതം പാകിസ്താന്‍ ഫെഡറല്‍ സര്‍ക്കാരിനും ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാരിനുമാണ്. അടിസ്ഥാന സൗകര്യമൊരുക്കി ഖനനം ആരംഭിക്കാന്‍ ആര് സഹായിക്കുമെന്നാണ് പാകിസ്താന്റെ നോട്ടം.

തുടര്‍ന്നാണ് തങ്ങളുടെ കൈവശമുള്ള 25 ശതമാനം ഓഹരിയില്‍ ഒരു ഭാഗം സൗദി അറേബ്യയ്ക്ക് വിറ്റാലോ എന്ന് പാകിസ്താന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയെങ്കിലും ഓഹരി തുക സംബന്ധിച്ച് കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. എങ്കിലും ചര്‍ച്ചകള്‍ തുടരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് അമേരിക്കയുടെ വരവ്.

അമേരിക്ക റെഡിയാണ്

പാകിസ്താനിലെ ഖനികളില്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറാണ് എന്നാണ് അമേരിക്കന്‍ കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. പാകിസ്താന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. സൗത്ത്-സെന്‍ട്രല്‍ ഏഷ്യന്‍ കാര്യങ്ങള്‍ക്കുള്ള അമേരിക്കയുടെ വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എറിക് മെയര്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ നേരിട്ടാണ് താല്‍പ്പര്യം അറിയിച്ചത്.

വിദേശ രാജ്യങ്ങളോട് ഖനനത്തിനുള്ള സഹായം തേടാന്‍ പാകിസ്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ഇസ്ലാമാബാദില്‍ കഴിഞ്ഞ ദിവസം വിദേശ പ്രതിനിധികളുടെ യോഗം വിളിച്ചത്. ഈ യോഗത്തിന് ശേഷമാണ് എറിക് മെയര്‍ പാകിസ്താന്‍ പ്രധാനമന്ത്രിയോട് താല്‍പ്പര്യം അറിയിച്ചത്. സര്‍ക്കാര്‍ സമ്മതം മൂളിയാന്‍ അമേരിക്കന്‍ കമ്പനികള്‍ ഖനനം ആരംഭിക്കും.

gold mine in pakistan saudi arabia us-1

നിലവില്‍ റേക്കോ ദിഖ് ഖനിയുടെ പകുതി ഓഹരി ബാരിക് ഗോള്‍ഡിനാണ്. ടൊറണ്ടോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ കമ്പനിയാണിത്. അമേരിക്കയും കാനഡയും ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്താനിലെ ഖനന ശ്രമം മുന്നോട്ട് പോകുമോ എന്ന ആശങ്ക ബാക്കിയാണ്. 13 രാജ്യങ്ങളില്‍ സ്വര്‍ണവും ചെമ്പും ഖനനം ചെയ്യുന്ന കമ്പനിയാണ് ബാരിക് ഗോള്‍ഡ്.

പാകിസ്താന്‍ മിനറല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം എന്ന പേരില്‍ ഒരു സമ്മേളനം ഇസ്ലാമാബാദില്‍ പാകിസ്താന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. സൗദി അറേബ്യ, അമേരിക്ക, ചൈന, തുര്‍ക്കി, ബ്രിട്ടന്‍, അസര്‍ബൈജാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. എല്ലാവര്‍ക്കും പാകിസ്താനിലെ ഖനികളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുണ്ട്.

ഈ യോഗം കഴിഞ്ഞ ശേഷം അമേരിക്കന്‍ പ്രതിനിധി പ്രത്യേകം ഷഹ്ബാസ് ഷെരീഫുമായി ചര്‍ച്ച നടത്തുകയായിരുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് പാകിസ്താനിലെ ഖനികളിലുള്ള താല്‍പ്പര്യം ഈ കൂടിക്കാഴ്ചയിലാണ് അറിയിച്ചത്. ഇതോടെ മറ്റു രാജ്യങ്ങള്‍ പിന്തള്ളപ്പെടുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. പാകിസ്താന്റെ ഉറ്റരാജ്യങ്ങളും സ്വര്‍ണ ഖനി ലക്ഷ്യമിട്ട് എത്തിയിരുന്നു.

ചൈനയും സൗദി അറേബ്യയും

പാകിസ്താനുമായി വലിയ അടുപ്പമുള്ള രാജ്യങ്ങളാണ് ചൈനയും സൗദി അറേബ്യയും. പാകിസ്താന്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോള്‍ സഹായിക്കാന്‍ ആദ്യമെത്തുന്നവരില്‍ പെട്ടവരാണ് ഈ രാജ്യങ്ങള്‍. അതുകൊണ്ടുതന്നെ സൗദിയെയും ചൈനയെയും പൂര്‍ണമായും അകറ്റി അമേരിക്കന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കാന്‍ സാധ്യത കുറവാണ് എന്നും വിലയിരുത്തലുണ്ട്.

gold mine in pakistan saudi arabia us-2

നേരത്തെ പാകിസ്താന് സാമ്പത്തിക സഹായം നല്‍കിയിരുന്ന രാജ്യമാണ് അമേരിക്ക. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് എന്ന പേരിലായിരുന്നു പണം നല്‍കിയത്. ഡൊണാള്‍ഡ് ട്രംപ് ആദ്യ തവണ അധികാരത്തിലെത്തിയ വേളയിലാണ് ഈ സഹായം അവസാനിപ്പിച്ചത്. ലോകത്ത് സമാനമായ രീതിയില്‍ അമേരിക്ക നല്‍കുന്ന എല്ലാ സഹായങ്ങളും ട്രംപ് അവസാനിപ്പിച്ചിരുന്നു. രണ്ടാംതവണ ട്രംപ് അധികാരത്തിലെത്തിയ ഉടനെ ലോകാരോഗ്യ സംഘടനയ്ക്ക് ഉള്‍പ്പെടെ നല്‍കുന്ന സഹായം നിര്‍ത്തിയിട്ടുണ്ട്.

എല്ലാ രാജ്യങ്ങള്‍ക്കും പാകിസ്താനിലെ ഖനികളില്‍ നോട്ടമുണ്ടെങ്കിലും സുരക്ഷാ വെല്ലുവിളിയാണ് പ്രതിസന്ധി. ബലൂചിസ്താനില്‍ സുരക്ഷ വളരെ കുറവാണ്. അടുത്തിടെ യാത്രാ ട്രെയിന്‍ ആക്രമിച്ച് നിരവധി പേരെ ബലൂച് തീവ്രവാദികള്‍ കൊലപ്പെടുത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിദേശ കമ്പനികള്‍ക്ക് മേഖലയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

സൈന്യത്തിന്റെ ഉറപ്പ്

വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പാകിസ്താന്റെ സൈനിക മേധാവി ജനറല്‍ അസിം മുനീറും സന്നിഹിതനായിരുന്നു. ബലൂചിസ്താനില്‍ സുരക്ഷ ഉറപ്പാക്കുന്ന കാര്യം സൈന്യം ഏറ്റെടുക്കുമെന്ന് അദ്ദേഹം വിദേശ പ്രതിനിധികളോട് പറഞ്ഞു. വിദേശ ഉദ്യോഗസ്ഥര്‍ക്ക് ഭയംകൂടാതെ ജോലി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാകിസ്താനില്‍ ഖനനം നടത്തുന്നതിന് ചെലവ് കുറവാണ്. എന്നാല്‍ വളരെ കുറഞ്ഞ തുകയില്‍ ദീര്‍ഘകാലത്തേക്ക് ഖനികള്‍ ലേലം ചെയ്യാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. പ്രതിപക്ഷ കക്ഷികള്‍ വിഷയം വിവാദമാക്കുമെന്നതാണ് ഷഹ്ബാസ് ഷരീഫ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി. മാന്യമായ ലേല തുക ലഭിച്ചാല്‍ കരാര്‍ ഉറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെളുത്ത സ്വര്‍ണം, ക്രൂഡ് ഓയില്‍

വെളുത്ത സ്വര്‍ണം എന്ന പേരില്‍ അറിയപ്പെടുന്ന ലിഥിയം പാകിസ്താനിലെ അതിര്‍ത്തി മേഖലയില്‍ ഉണ്ട് എന്നാണ് കണ്ടെത്തല്‍. മാത്രമല്ല, ക്രൂഡ് ഓയിലും അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. ബാറ്ററികളും ചിപ്പുകളും നിര്‍മിക്കാന്‍ അവശ്യം വേണ്ടതാണ് ലിഥിയം. ഇവ ഖനനം ചെയ്യാന്‍ സാധിച്ചാല്‍ വലിയ നേട്ടമാകുമെന്ന് അമേരിക്കയും കരുതുന്നു.

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്ക താരിഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. 10 ശതമാനമാണ് കുറഞ്ഞ താരിഫ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് പ്രഖ്യാപിച്ചപ്പോള്‍ ചൈനയ്ക്ക് 104 ശതമാനവും ഇന്ത്യയ്ക്ക് 26 ശതമാനവും താരിഫ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. 29 ശതമാനം താരിഫ് ആണ് പാകിസ്താന് ചുമത്തിയിട്ടുള്ളത്. അതായത്, പാകിസസ്താനില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 29 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ചുരുക്കം.

Take a Poll

അതിനിടെ പാകിസ്താനില്‍ വന്‍തോതില്‍ ക്രൂഡ് ഓയില്‍-പ്രകൃതി വാതക ശേഖരം കണ്ടെത്തിയിരിക്കുകയാണ്. നോര്‍ത്ത് വസീറിസ്താന്‍ ജില്ലയിലാണിത്. മാരി പെട്രോളിയം കമ്പനിയാണ് വിവരം പരസ്യമാക്കിയത്. ഓരോ ദിവസവും 70 ദശലക്ഷം ക്യൂബിക് അടി വാതകം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

വസീറിസ്താനിലെ എണ്ണ ഖനന ബ്ലോക്കിലെ 55 ശതമാനം ഓഹരി മാരി പെട്രോളിയം കമ്പനിക്കാണ്. ഓയില്‍ ആന്റ് ഗ്യാസ് ഡവലപ്‌മെന്റ് കമ്പനി ലിമിറ്റഡിന് 35 ശതമാനം ഓഹരിയും ഓറിയന്റ് പെട്രോളിയം കമ്പനിക്ക് 10 ശതമാനം ഓഹരിയുമാണ് ഇവിടെയുള്ളത്. പാകിസ്താന്റെ ഊര്‍ജ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് പുതിയ കണ്ടെത്തല്‍ എന്ന് മാരി പെട്രോളിയം എംഡി ഫഹീം ഹൈദര്‍ പ്രതികരിച്ചു. ആവശ്യമുള്ള എണ്ണയുടെയും വാതകത്തിന്റെയും വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്ന പാകിസ്താന് പുതിയ കണ്ടെത്തല്‍ നേട്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+