ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വർണ ഖനി കണ്ടെത്തി: ആ ഭാഗ്യം സൂരിനാമിന്: ഇന് സമ്പത്ത് കുമിഞ്ഞ് കൂടും
വന്‍ സ്വർണ നിക്ഷേപം കണ്ടെത്തി തെക്കേ അമേരിക്കന്‍ രാഷ്ട്രമായ സൂരിനാം. ഫൗണ്ടേഴ്സ് മെറ്റൽസ് എന്ന കമ്പനിയാണ് ഓരോ ടണ്ണിനും 11.88 ഗ്രാം എന്ന ഉയർന്ന ഗ്രേഡിലുള്ള ഈ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. 2025-ന്റെ തുടക്കത്തിൽ ഈ പ്രദേശത്ത് ആദ്യമായി ഡ്രില്ലിംഗ് നടത്തിയപ്പോൾ, ഇത്രയും ഉയർന്ന സ്വർണ സാന്ദ്രത ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ സ്വർണനിക്ഷേപ കണ്ടെത്തലായി സൂരിനാമിനെ വിശേഷിപ്പിക്കുന്നവരും ഏറെയാണ്.
10 ഗ്രാം/ടൺ-ന് മുകളിലുള്ള ഏതൊരു സ്വർണ നിക്ഷേപവും ഉയർന്ന ഗ്രേഡായി കണക്കാക്കപ്പെടുന്നു. അതായത് ഒരു ടണ്‍ അവശിഷ്ടങ്ങളില്‍ നിന്നും 10 ഗ്രാമിലേറെ സ്വർണം വേർതിരിച്ചെടുക്കാന്‍ കഴിയുന്നു എന്നുള്ളത്. ഈ സാഹചര്യത്തില്‍ സൂരിനാമിലെ 11.88 ഗ്രാം/ടൺ എന്ന നിരക്ക്, ഖനനം കൂടുതൽ ലാഭകരവും ചെലവ് കുറഞ്ഞതുമാക്കുന്നു. ഇത്രയും ഉയർന്ന സാന്ദ്രതയുള്ള സ്വർണം ഖനനം ചെയ്യാന്‍ കുറഞ്ഞ അളവിൽ പാറ നീക്കം ചെയ്താൽ മതിയാകും. ഇത് മാലിന്യവും പരിസ്ഥിതി ആഘാതവും കുറയ്ക്കുന്നു.

സൂരിനാമിലെ മരിയ ജെറാൾഡ എന്ന പ്രദേശത്താണ് പുതിയ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഇടമാണ് ഇതെന്ന് ശാസ്ത്രലോകവും വിലയിരുത്തുന്നു. 1.7 ബില്യൺ വർഷത്തിലേറെ പഴക്കമുള്ള ഗയാന ഷീൽഡ് (Guiana Shield) എന്ന ക്രാറ്റോണിന്റെ ഭാഗമാണ് ഈ പ്രദേശം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ നിക്ഷേപങ്ങളിൽ പലതും ഇവിടെ നിന്നാണ് വന്നിട്ടുള്ളത്.
സുരിനാമിന്റെ മൊത്തം ജി ഡി പിയുടെ 60% ഉം കയറ്റുമതിയുടെ 90% ഉം സ്വർണവും എണ്ണയുമാണ്. പുതിയ സ്വർണ നിക്ഷേപം രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ഇതിലൂടെ തൊഴിലവസരങ്ങൾ, നികുതി വരുമാനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനും കഴിയും. എന്നാൽ, കാടിനുള്ളിൽ 4,000 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കുന്ന ഈ പ്രദേശത്ത് റോഡുകൾ, വൈദ്യുതി, ക്യാമ്പുകൾ എന്നിവ നിർമിക്കേണ്ടതാണ് ഖനനം ആരംഭിക്കുമ്പോഴുള്ള പ്രധാന വെല്ലുവിളി.
സുരിനാം സർക്കാർ 2022-ൽ പുതിയ ഖനന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പരിസ്ഥിതി നാശവും തദ്ദേശവാസികളുമായുള്ള സംഘർഷങ്ങളും ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരു നീക്കം. മുൻപ്, റോസ്ബെൽ, മെറിയൻ തുടങ്ങിയ പ്രോജക്ടുകൾ വലിയ തോതിലുള്ള വരുമാനം കൊണ്ടുവന്നെങ്കിലും നിയമപരമല്ലാത്ത ഖനനങ്ങള്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതോടെയായിരുന്നു സർക്കാർ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.
ഖനന തൊഴിലുകളില്‍ പ്രാദേശിക സമൂഹങ്ങള്‍ അർഹിച്ച പ്രാധാന്യം നല്‍കണമെന്നാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിർദേശം. ഫൗണ്ടേഴ്സ് മെറ്റൽസ് ഈ നിർദേശം പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. "ഇത് ഞങ്ങൾ കണ്ടെത്തിയ ഏറ്റവും ഉയർന്ന ഗ്രേഡുള്ള സ്വർണ നിക്ഷേപങ്ങളിൽ ഒന്നാണ്. ഇനി ഈ പോയിന്റിന് ചുറ്റുമുള്ള ഡ്രില്ലിംഗ് തുടരുകയാണ് ലക്ഷ്യം." - ഫൗണ്ടേഴ്സ് മെറ്റൽസിന്റെ പ്രസിഡന്റ് കോളിൻ പാഡ്ജറ്റ് പറയുന്നു
പ്രാഥമികമായ കണ്ടെത്തല്‍ മാത്രമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പൂർണ്ണ തോതിലുള്ള ഖനി പ്രവർത്തനങ്ങള്‍ക്കായി കൂടുതൽ ഡ്രില്ലിംഗ്, മെറ്റലർജിക്കൽ വിശകലനം, സാമ്പത്തിക പഠനങ്ങൾ, ലോജിസ്റ്റിക്സ്, റോഡുകൾ, പെർമിറ്റുകൾ എന്നിവ ആവശ്യമാണ്. എല്ലാം തീരുമാനിച്ചുറപ്പിച്ച പ്രകാരം നീങ്ങിയാൽ ഖനന പ്രവർത്തനങ്ങള്‍ അടുത്ത വർഷത്തോടെ തന്നെ ആരംഭിക്കാന്‍ സാധിക്കും. സുരിനാം ആഗോള ഖനന മേഖലയിൽ ഒരു പ്രധാന നാമമായി മാറിയേക്കാമെന്നും സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.












Click it and Unblock the Notifications