Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന്റെ അളവ് അരലക്ഷം കിലോയിലേറെ: ഇന്ത്യക്കാർ ആദ്യമായി ആ സ്വർണഖനിയില്‍ ഇറങ്ങി

കിർഗിസ്ഥാനിലെ സ്വർണ ഖനന പ്രവർത്തനങ്ങള്‍ സജീവമാക്കി ഇന്ത്യന്‍ കമ്പനിയായ ഡെക്കാൻ ഗോൾഡ് മൈൻസ്. നാരിൻ മേഖലയിലെ അൽടിൻ ടോർ സ്വർണ ഖനനം ഏതെങ്കിലും ഒരു ഇന്ത്യൻ സ്വർണ ഖനന കമ്പനിയുടെ ആദ്യ വിദേശ സംരംഭമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഡെക്കാന്റെ പ്രാദേശിക സഹസ്ഥാപനമായ അവലം പാർട്ണേഴ്സ് എൽഎൽസി വഴിയാണ് വിദേശ ഖനന പ്രവർത്തനം നടപ്പാക്കുന്നത്. കമ്പനിക്ക് ഖനിയിൽ 60% ഓഹരി പങ്കാളിത്തമാണുള്ളത്.

മുന്‍ നിശ്ചയിച്ച പ്രകാരം പദ്ധതികള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഈ വർഷം ഒക്ടോബറിൽ തന്നെ സ്വർണ ബാറുകളുടെ (ഡോർ ബാറുകൾ) ഉത്പാദനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിശാസ്ത്ര വിദഗ്ധരുടെ കണക്കുകൾ പ്രകാരം, അൽടിൻ ടോർ ഖനിയിൽ 46 ലക്ഷം ടൺ സ്വർണം അടങ്ങിയ അയിര് ഉണ്ട്. ഒരു ടൺ അയിരിൽ ശരാശരി 1.2 ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്ക്. അതായത് മൊത്തം 60 ടൺ സ്വർണ നിക്ഷേപം ഇവിടെ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

gold-mine

'എല്ലാം തയ്യാറെടുപ്പുകളും പദ്ധതി പ്രകാരം മുന്നോട്ട് പോകുന്നു. 11 കൺവെയർ സിസ്റ്റങ്ങൾ ഖനിയിൽ സ്ഥാപിച്ചു കഴിഞ്ഞു. ക്രഷിംഗ് യൂണിറ്റിന്റെ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. ഈ മാസം ആദ്യം, പ്രോസസിംഗ് പ്ലാന്റിന്റെ പ്രധാന ഭാഗമായ ബോൾ മിൽ പ്രവർത്തനം തുടങ്ങും. ഇത് ഞങ്ങളുടെ ഉത്പാദന ശേഷി പൂർണതോതിൽ എത്തിക്കാൻ സഹായിക്കും.'ഡെക്കാൻ ഗോൾഡ് മൈൻസിന്റെ സിഇഒ ഹനുമ പ്രസാദ് മോഡലി പറഞ്ഞു.

പരിസ്ഥിതി സൗഹൃദവും ഉത്തരവാദിത്തപൂർണവുമായ ഖനനത്തിന്റെ മാതൃകയായാണ് കമ്പനി അവതരിപ്പിക്കുന്നത് അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്താനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 1940-കളിൽ സോവിയറ്റ് ശാസ്ത്രജ്ഞർ കണ്ടെത്തിയ സോൾട്ടൻ-സാരി സ്വർണ നിക്ഷേപത്തിന്റെ ഭാഗമാണ് അൽടിൻ ടോർ ഖനി.

1990-കളിലും 2000-കളുടെ തുടക്കത്തിലും ഇവിടെ ഖനനം നടന്നിരുന്നെങ്കിലും, നിക്ഷേപക്കുറവ് മൂലം പിന്നീട് പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. ഖനന അവശിഷ്ടങ്ങളിൽ (ടെയ്‌ലിംഗ്‌സ് പോണ്ട്) ശേഷിക്കുന്ന സ്വർണം വേർതിരിച്ചെടുക്കാനുള്ള സാധ്യതകളും ഡെക്കാൻ ഗോൾഡ് മൈൻസ് പരിശോധിക്കുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏക സ്വർണ ഖനന കമ്പനിയാണ് ഡെക്കാൻ ഗോൾഡ് മൈൻസ്. ഈ വിദേശ വിപുലീകരണ വാർത്ത കമ്പനിയുടെ ഓഹരി വിലയിൽ വലിയ കുതിപ്പുണ്ടാക്കുകയും ചെയ്തു.

നേരത്തെ, കിർഗിസ്ഥാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള കിർഗിസാൾട്ടിൻ 2024-ന്റെ രണ്ടാം പകുതിയിൽ ഈ ഖനിയിൽ ഉത്പാദനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, 2025 ഒക്ടോബറിലാണ് ഉത്പാദനം ആരംഭിക്കുന്നത്.

അതേസമയം, തെലങ്കാനയുടെ അതിർത്തിക്കടുത്തായി ആന്ധ്രാപ്രദേശിലെ ജോന്നഗിരിയില്‍ സ്ഥിതി ചെയ്യുന്ന ഖനിയിലും ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് ഖനന പ്രവർത്തനങ്ങള്‍ സജീവമാക്കുന്നുണ്ട്. . പ്രവർത്തനം ആരംഭിച്ചാല്‍ വാർഷിക ഉത്പാദനം 1.2 ടൺ സ്വർണ്ണമായിരിക്കുമെന്നാണ് പ്രതീക്ഷ. 2023 ൽ തന്നെ ഖനിയിൽ നിന്ന് ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു.

ഇന്ത്യയിൽ സ്വർണ ഖനനത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനും, വിദേശത്തു നിന്നുള്ള സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ജോന്നഗിരി അടക്കമുള്ള പ്രാദേശിക ഖനികളിലെ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോന്നഗിരിയിലെ സ്വർണ ഖനന സംസ്കരണ പ്ലാന്റ്, ഖനനം ചെയ്യപ്പെടുന്ന അസംസ്കൃത സ്വർണം ശുദ്ധീകരിച്ച് വിപണന യോഗ്യമാക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് നിർമ്മിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+