സ്വര്‍ണം 50 ടണ്‍ കുഴിച്ചെടുക്കുന്നു; ഒരു തരി പോലും സ്വന്തമായില്ല, ഭക്ഷണം കിട്ടാത്ത ജനക്കൂട്ടം
സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്താന്‍ പ്രധാന കാരണം ലോക രാജ്യങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കൊണ്ടാണ്. എല്ലാ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്ക് മുഖേന വന്‍തോതിലാണ് സ്വര്‍ണം വാങ്ങുന്നത്. പ്രതിസന്ധി കാലത്ത് ഉപയോഗിക്കാം എന്ന് കരുതിയാണിത്. മാത്രമല്ല, സാമ്പത്തിക ഭദ്രത ഉറപ്പാക്കലും ലക്ഷ്യമാണ്.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങി ശേഖരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൂടാതെ ചൈന, പോളണ്ട്, തുര്‍ക്കി എന്നിവരും അവരുടെ കേന്ദ്ര ബാങ്കുകള്‍ വഴി വ്യാപകമായി സ്വര്‍ണം വാങ്ങിവച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശം വച്ചിരിക്കുന്നത് അമേരിക്കയാണ്. അലാസ്‌ക പോലുള്ള പ്രദേശങ്ങളില്‍ വന്‍തോതില്‍ സ്വര്‍ണ ഖനനം നടന്നിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

എന്നാല്‍ മറ്റൊരു രാജ്യമുണ്ട്. യഥേഷ്ടം സ്വര്‍ണ ഖനികളുള്ള രാജ്യം. ഓരോ വര്‍ഷവും 50 ടണ്‍ സ്വര്‍ണം ഇവിടെ ഖനനം ചെയ്യുന്നു. ഒരുതരി സ്വര്‍ണം പോലും സൂക്ഷിച്ചുവയ്ക്കുന്നില്ല. എല്ലാം വിദേശരാജ്യങ്ങളിലേക്ക് പോകും. ഒരു കാലത്ത് പ്രതാപികളായിരുന്ന ഇവിടെയുള്ളവര്‍ ഇന്ന് മൂന്ന് നേരം ഭക്ഷണത്തിന് പ്രയാസപ്പെടുകയാണ്. ആഫ്രിക്കന്‍ രാജ്യമായ മാലിയെ കുറിച്ചാണ് പറയുന്നത്.
860 സ്വര്‍ണ ഖനികളാണ് മാലിയിലുള്ളത്. എന്നിട്ടും മാലിയുടെ കേന്ദ്ര ബാങ്കില്‍ സ്വര്‍ണം സൂക്ഷിക്കുന്നില്ല. ഒരു കാലത്ത് ആഫ്രിക്കയിലെ ഏറ്റവും സമ്പത്തുള്ള രാജ്യമായിരുന്നു മാലി. സ്വര്‍ണം കൊണ്ട് കളിപ്പാട്ടമുണ്ടാക്കിയ ഭരണാധികാരികളും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തെ 47 അവികസിത രാജ്യങ്ങൡ മാലിയും ഉണ്ട്.
സ്വര്‍ണത്തില്‍ കുളിച്ച മാലിയുടെ പ്രതാപകാലം
സമ്പന്നരായ ഭരണാധികാരികളില്‍ ചരിത്രം എണ്ണിപ്പറയുന്നവരുടെ കൂട്ടത്തിലുള്ള പേരാണ് മന്‍സ മൂസയുടേത്. 415 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന ഭരണാധികാരി. 1280ല്‍ ജനിച്ച ഇദ്ദേഹം 1312ലാണ് മാലിയുടെ ഭരണം ഏറ്റെടുത്തത്. ഇന്നത്തെ മൗറിത്താനിയ, സെനഗല്‍, ഗാംബിയ, ഗിനിയ, ബുര്‍ക്കിന ഫാസോ, മാലി, ഛാഡ്, നൈജീരിയ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു.
പണ്ടുമുതലേ സ്വര്‍ണ ശേഖരത്തില്‍ പേരുകേട്ട നാടാണ് മാലി. സ്വര്‍ണം, ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ മാലിയുടെ മണ്ണിനടിയില്‍ ഏറെയുണ്ട്. തിംബുക്തു, ഗാവോ തുടങ്ങിയ നഗരങ്ങളെല്ലാം ലോക ശ്രദ്ധാ കേന്ദ്രമാക്കിയത് മന്‍സ മൂസയുടെ കാലത്താണ്. ഇവിടെ കൂറ്റന്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച അദ്ദേഹം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പണ്ഡിതന്മാരെ മാലിയില്‍ കൊണ്ടുവന്നു വിദ്യാഭ്യാസ വിപ്ലവത്തിനും ശ്രമിച്ചു.
പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് ശില്‍പ്പികളെ കൊണ്ടുവന്ന് വിശാലമായ നഗരങ്ങള്‍ മാലിയില്‍ മന്‍സ മൂസ സ്ഥാപിച്ചു. വാണിജ്യ കേന്ദ്രങ്ങളും കലാലയങ്ങളുമായിരുന്നു മന്‍സ മൂസ ഒരുക്കിയതില്‍ മിക്കതും. ഉപ്പ്, സ്വര്‍ണം, ആനക്കൊമ്പ് എന്നിവയെല്ലാം വ്യാപാരം നടത്തിയാണ് മാലി അക്കാലത്ത് വരുമാനം കണ്ടെത്തിയിരുന്നത്.
ഭരണമേറ്റ് 12 വര്‍ഷം കഴിഞ്ഞപ്പോള്‍ മക്കയിലേക്ക് ഹജ്ജിന് പോയ മന്‍സ മൂസയുടെ കൂടെ വന്‍പടയും ഉണ്ടായിരുന്നു. ഒട്ടകങ്ങളും ആയിരക്കണക്കിന് ആളുകളും അടങ്ങുന്ന വന്‍സംഘമായിട്ടായിരുന്നു യാത്ര. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് ഈജിപ്തില്‍ വിറ്റുവെന്നും എല്ലാവരുടെയും കൈവശം സ്വര്‍ണമെത്തിയതോടെ ഈജിപ്ത് കുറച്ചുകാലം സാമ്പത്തിക അസ്ഥിരതയിലായി എന്നും ചരിത്രമുണ്ട്.
മന്‍സ മൂസയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകന് പക്ഷേ രാജഭരണം മികച്ച രീതിയില്‍ കൊണ്ടുപോകാനായില്ല. ഇതോടെ പല മേഖലയിലും ചെറുസംഘങ്ങള്‍ ശക്തിപ്പെടുകയും കൊച്ചു രാജ്യങ്ങളായി മാറുകയും ചെയ്തു. ഇന്ന് ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് മാലി. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടാത്ത രാജ്യം.












Click it and Unblock the Notifications