സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി
ആഫ്രിക്കയിലെ സമ്പന്നനായ രാജാക്കന്മാരില്‍ ഒരാളാണ് മൊറോക്കോയിലെ മുഹമ്മദ് ആറാമന്‍. രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് അല്‍ മദ. ഖനന രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഈ കമ്പനിക്ക് കീഴില്‍ പ്രത്യേക ഉപ കമ്പനിയുണ്ട്. അതാണ് മനാജിം ഗ്രൂപ്പ്. ഇവര്‍ ആഫ്രിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്നത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ഖനികള്‍ പ്രവര്‍ത്തിക്കുന്നത് ആഫ്രിക്കയിലാണ്. നിയമവിരുദ്ധമായും നിരവധി ഖനികളുണ്ട്. നിയമ പ്രകാരവും അല്ലാതെയും ഇവിടെ നിന്ന് ദുബായ് ഉള്‍പ്പെടെയുള്ള വിപണിയിലേക്ക് സ്വര്‍ണം എത്തുന്നു. ആഫ്രിക്കയിലെ പല സംഘര്‍ഷങ്ങള്‍ക്കു പിന്നിലും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പോരുമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് മൊറോക്കോ രാജാവിന്റെ പുതിയ നീക്കം.

സ്വര്‍ണവില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ മൊറോക്കോ രാജാവ് തീരുമാനിച്ചത്. 750 മില്യണ്‍ ഡോളര്‍ സ്വര്‍ണ ഉല്‍പ്പാദന രംഗത്ത് നിക്ഷേപിക്കാനാണ് തീരുമാനം. ആഫ്രിക്കയിലെ തങ്ങളുടെ കമ്പനിയുടെ സ്വര്‍ണ ഉല്‍പ്പാദനം 134 ശതമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 2030ല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് മനാജിം കമ്പനിയുടെ പ്രതീക്ഷ.
ഓരോ വര്‍ഷവും അഞ്ച് ലക്ഷം ഔണ്‍സ് സ്വര്‍ണം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കണം എന്ന പദ്ധതിയാണ് മനാജിം കമ്പനി തയ്യാറാക്കിയിട്ടുള്ളത്. സുഡാന്‍, കോംഗോ, ഗാബോണ്‍, സെനഗല്‍, ഗിനിയ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കമ്പനിക്ക് ഖനികളുണ്ട്. എല്ലായിടത്തും ഉല്‍പ്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിക്ഷേപം.
ചൈനീസ് കമ്പനിയുടെ സഹകരണം
രണ്ട് വര്‍ഷത്തിനകം വരുമാനത്തില്‍ 200 കോടി ഡോളര്‍ മറികടക്കാന്‍ സാധിക്കുമെന്ന് മനാജിം കമ്പനി കരുതുന്നു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 384 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. സ്വര്‍ണവില ക്രമാതീതമായി ഉയര്‍ന്നതാണ് കമ്പനിക്ക് നേട്ടമായത്. ആഫ്രിക്കയില്‍ ചെമ്പ് ഉള്‍പ്പെടെയുള്ള ഖനികളും മനാജിം കമ്പനിക്കുണ്ട്. എന്നാല്‍ കൂടുതല്‍ വരുമാനം കിട്ടിയത് സ്വര്‍ണ ഖനിയില്‍ നിന്നാണ്.
മൊറോക്കോയുടെ രാജാവ് സമ്പന്നന്‍ ആണെങ്കിലും രാജ്യം അത്ര സമ്പന്നതയില്‍ അല്ല മുന്നോട്ട് പോകുന്നത്. എങ്കിലും ഭരണകൂടം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സ്വര്‍ണ ഖനന മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍ വരുമാനം ഇരട്ടിയാക്കാമെന്ന് മുഹമ്മദ് ആറാമന്‍ കരുതുന്നു. ആഫ്രിക്കയിലെ ഖനന മേഖലയില്‍ അതിവേഗം വളരുന്ന കമ്പനിയാണ് മനാജിം.
കോംഗോയില്‍ ചെമ്പ് ഖനി നടത്തുന്നത് ചൈനീസ് കമ്പനിയായ വന്‍ബാവോയുടെ സഹകരണത്തോടെയാണ്. 2025ല്‍ 26 ശതമാനമാണ് മനാജിം കമ്പനിയുടെ ഉല്‍പ്പാദന വളര്‍ച്ച. 2028ല്‍ ഗാബോണില്‍ നിന്ന് മാത്രം 60000 ഔണ്‍സ് സ്വര്‍ണം ഉല്‍പ്പാദിപ്പിക്കണം എന്നാണ് കമ്പനിയുടെ ലക്ഷ്യം. സ്വര്‍ണവില ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ സിഇഒ ഇമാദ് അല്‍ തുമി പങ്കുവയ്ക്കുന്നു.












Click it and Unblock the Notifications