സ്വര്‍ണവില ഇടിഞ്ഞു വീഴുമോ? ബിറ്റ് കോയിന് 30 ശതമാനം തകര്‍ച്ചയില്‍, സുപ്രധാന വിവരങ്ങള്‍
ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ മൂക്കുകുത്തി വീണിരിക്കുകയാണ്. ഒക്ടോബര്‍ ആറിന് ചരിത്ര വിലയായ 125000 ഡോളറില്‍ എത്തിയ ശേഷം ഇടിയുകയായിരുന്നു. നിലവില്‍ 86000 ഡോളറിലാണ് വ്യാപാരം. അതായത്, 30 ശതമാനത്തോളം വില കുറഞ്ഞു. ഇത് വിപണിയില്‍ വലിയ അസ്ഥിരതയ്ക്ക് കാരണമായിട്ടുണ്ട്. ആഴ്ച്ചകള്‍ക്കിടെ ഇത്രയും വില ഇടിയുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
ബിറ്റ് കോയിന്‍ മാത്രമല്ല, മറ്റു ക്രിപ്‌റ്റോ കറന്‍സികളുടെ വിലയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ചരിത്ര വിലയില്‍ എത്തിയ ശേഷം ലാഭമെടുക്കാന്‍ വേണ്ടി വന്‍തോതില്‍ വിറ്റഴിക്കല്‍ തുടങ്ങിയതാണ് വില ഇടിയാന്‍ കാരണമായത്. പണപ്പെരുപ്പം, അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ കുറയ്ക്കല്‍ നടപടി എന്നിവയെല്ലാം ബിറ്റ് കോയിന്റെ വില തകര്‍ച്ചയ്ക്കുള്ള മറ്റു കാരണങ്ങളാണ്.

ഒരു മാസത്തിനിടെ മാത്രം ബിറ്റ് കോയിന് 22 ശതമാനം വില കുറഞ്ഞു. അമേരിക്കയുടെ മാക്രോ ഡാറ്റ പുറത്തുവന്നതാണ് വിറ്റഴിക്കല്‍ ശക്തമാകാന്‍ കാരണം. അതേസമയം, ഫെഡറല്‍ റിസര്‍വ് വലിയ തോതില്‍ പലിശ നിരക്ക് കുറയ്ക്കുമെന്നും പ്രചാരണമുണ്ട്. പല രാജ്യങ്ങള്‍ക്കിടയിലും വ്യാപാര യുദ്ധം നടക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നാണ് മറ്റൊരു ആശങ്ക. ബിറ്റ് കോയിന്‍ ഇടിഎഫുകളില്‍ വ്യാപക വില്‍പ്പന തുടരുകയാണ്.
ഈ സാഹചര്യത്തില്‍ എന്താണ് ബിറ്റ് കോയിന്‍ വിലയില്‍ സംഭവിക്കാന്‍ സാധ്യത എന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. വില കുറഞ്ഞ സാഹചര്യത്തില്‍ പലരും ബിറ്റ് കോയിന്‍ വാങ്ങാന്‍ ആരംഭിച്ചേക്കും. ഈ പ്രവണത ശക്തിപ്പെട്ടാല്‍ ബിറ്റ് കോയിന്‍ വില വീണ്ടും കൂടി വരും. എന്നാല്‍ ബിറ്റ് കോയിന്‍ വില ഇടിഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുമോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.
സ്വര്‍ണം കുതിക്കുമോ?
സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്. സ്വര്‍ണം ഈ വര്‍ഷം മാത്രം 30 ശതമാനം വില വര്‍ധിച്ചു. നിലവില്‍ വില ചാഞ്ചാടുകയാണെങ്കിലും ക്രമേണ മുന്നേറുമെന്ന് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ബിറ്റ് കോയിന്‍ വിറ്റ് ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുമോ എന്ന ചോദ്യം ബാക്കിയാണ്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുതിക്കും.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് വിലയില്‍ എത്തിയ ശേഷം താഴ്ന്നുവെന്നും ഇനിയും കുതിപ്പിന് സാധ്യതയില്ലെന്നും പറയുന്നവരുണ്ട്. ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര തര്‍ക്കം അവസാനിച്ചാല്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയുമെന്നും കരുതുന്നു. ഇക്കാര്യത്തിലുള്ള പ്രവചനങ്ങള്‍ എത്രത്തോളം കൃത്യമാകുമെന്ന സംശയമുണ്ട്.
ഡിസംബര്‍ പത്തിനാണ് ഫെഡറല്‍ റിസര്‍വ് യോഗം. പലിശ നികക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചാല്‍ സ്വര്‍ണവില കുതിക്കും. നിക്ഷേപ വരുമാനം കുറയുമെന്ന് മനസിലാക്കി സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് പിന്നീട് സംഭവിക്കുക. ഈ സാഹചര്യം വന്നാല്‍ സ്വര്‍ണവില പറക്കും. എന്നാല്‍ പരിധി വിട്ട് സ്വര്‍ണം വില കൂടിയാല്‍ വില്‍ക്കാന്‍ പറ്റാത്ത സാഹചര്യം വരും. വിറ്റാല്‍ പണം കിട്ടാത്ത അവസ്ഥയുണ്ടാകും. ആ അവസ്ഥയാണ് നിലവില്‍ ബിറ്റ് കോയിന്‍ നേരിട്ടതും വില കുത്തനെ ഇടിഞ്ഞതും.












Click it and Unblock the Notifications