സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; എന്നിട്ടും ചൈനക്കാര്‍ ക്യൂ നിന്ന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു; കാരണമിത്
അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവില എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണം വിറ്റത് 62840 രൂപയ്ക്കാണ്. അന്താരാഷ്ട്ര വിപണിയില്‍ ചൊവ്വാഴ്ച സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2830 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ ആണ് വ്യാപാരം നടത്തിയത്. വില കൂടുമ്പോള്‍ പൊതുവെ ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിമുഖത കാണിക്കാറുണ്ട്.
എന്നാല്‍ ചൈനയില്‍ നേരെ വിപരീതമാണ് കാഴ്ച. ചൈനയില്‍ ക്യൂ നിന്ന് പോലും സ്വര്‍ണം വാങ്ങുകയാണ് എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. എന്തുകൊണ്ടാണ് റെക്കോഡ് വിലയിലേക്ക് സ്വര്‍ണം കുതിക്കുമ്പോഴും ചൈനയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നത് എന്നല്ലേ? അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ജ്യോതിഷ സംബന്ധമായ വിശ്വാസം തന്നെയാണ് ചൈനയില്‍ സ്വര്‍ണത്തിന് ഇപ്പോള്‍ ഡിമാന്‍ഡ് കൂടാന്‍ കാരണം. ജ്യോതിഷപ്രകാരം ചൈനയില്‍ ജനുവരി 29 മുതല്‍ പുതുവര്‍ഷമാണ്. ചൈനയുടെ 2025 ലെ സ്പ്രിംഗ് ഫെസ്റ്റിവല്‍ അവധി കാരണം ഉപഭോക്താക്കള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങുന്നത്. പാമ്പിന്റെ വര്‍ഷമായാണ് 2025 ചൈനീസ് ജ്യോതിഷ വിശ്വാസ പ്രകാരം കണക്കാക്കുന്നത്.
പാമ്പ് ജ്ഞാനവും പരിവര്‍ത്തനവും ശാന്തതയും സര്‍ഗ്ഗാത്മകതയും കൊണ്ടുവരുന്നു എന്നാണ് ഇവിടത്തെ വിശ്വാസം. പാമ്പിന്റെ വര്‍ഷം പലരുടെയും ജീവിതത്തെ മാറ്റിമറിച്ചേക്കാം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇക്കാരണം മുന്നില്‍ക്കണ്ടാണ് സമൃദ്ധി ലക്ഷ്യമിട്ട് കൊണ്ട് ആളുകള്‍ സ്വര്‍ണം വാങ്ങിക്കുന്നത്. ചൈനീസ് രാശിചക്രം അടിസ്ഥാനമാക്കിയുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്.
ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെന്‍ഷെനിലെയും ഷാങ്ഹായിലെയും ചില ഉപഭോക്താക്കള്‍ ചൗ തായ് ഫുക്ക്, ചൗ സാങ് സാങ്, ലാവോ ഫെങ് സിയാങ് തുടങ്ങിയ സ്റ്റോറുകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2025 പാമ്പിന്റെ വര്‍ഷമായി അടയാളപ്പെടുത്തുന്നതിനാല്‍ പാമ്പിനെ അടിസ്ഥാനമാക്കിയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കാണ് ഡിമാന്‍ഡ്.
പല കടകളിലും ചില ഉല്‍പ്പന്നങ്ങള്‍ വിറ്റുതീര്‍ന്നു എന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാങ്ഹായ് സ്വദേശിയായ ലിന്‍ തന്റെ അമ്മയ്ക്ക് പാമ്പിന്റെ ഡിസൈനിലുള്ള സ്വര്‍ണ ബ്രേസ്ലെറ്റ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവ വളരെ പെട്ടെന്ന് തന്നെ വിറ്റുപോയി എന്ന് ലിന്‍ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഈ ഡിമാന്‍ഡ് ഊൗര്‍ജ്ജസ്വലമായ ഉപഭോഗത്തെയും ഉപഭോക്താക്കളുടെ വിശ്വാസത്തെയും സൂചിപ്പിക്കുന്നു എന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എക്കണോമിയുടെ വിദഗ്ധ സമിതി അംഗം പാന്‍ ഹെലിന്‍ പറഞ്ഞു.
ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമീപകാല സര്‍ക്കാര്‍ നടപടികള്‍ സ്വര്‍ണ്ണാഭരണ ഉപഭോഗം വര്‍ധിപ്പിക്കുമെന്ന് പാന്‍ അഭിപ്രായപ്പെട്ടു. സ്ഥിരമായ സാമ്പത്തിക ഉയര്‍ച്ചയ്ക്കൊപ്പം ആഭ്യന്തര ഉപഭോഗ സാധ്യതകള്‍ കൂടുതല്‍ ഉത്തേജിപ്പിക്കപ്പെടുന്നതിനാല്‍ ചൈനയില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നുണ്ട്. ചൈനീസ് പുതുവത്സര അവധി ദിനങ്ങളില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
2025-ല്‍ സ്വര്‍ണ്ണ വിലയില്‍ മിതമായതും എന്നാല്‍ പോസിറ്റീവുമായ വളര്‍ച്ചാ വീക്ഷണമാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രവചിക്കുന്നത്. അതേസമയം, വ്യവസായികളും സ്വര്‍ണത്തിന് ശുഭപ്രതീക്ഷ നല്‍കിയിട്ടുണ്ട്. മിന്‍ഷെങ് സെക്യൂരിറ്റീസിലെ സീനിയര്‍ അനലിസ്റ്റായ ക്യു സക്‌സ്യൂ പറയുന്നതനുസരിച്ച്, സ്വര്‍ണ്ണത്തിന്റെ വില ഔണ്‍സിന് 3,000 ഡോളര്‍ കടക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications