സ്വര്‍ണം 38 ശതമാനം വില കുറഞ്ഞേക്കും; സത്യത്തില്‍ സ്വര്‍ണവില കുതിക്കേണ്ടതാണ്, വിപണിയില്‍ ട്വിസ്റ്റ്
ആഗോള സാമ്പത്തിക മാന്ദ്യം വരുമെന്ന പ്രചാരണം വിപണിയില്‍ ശക്തമാണ്. അമേരിക്കയുടെ താരിഫ് പോര് പ്രഖ്യാപനം ഇതിന് ആക്കം കൂട്ടിയെന്നും വിലയിരുത്തുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് രണ്ട് തവണയായി പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണവും വിപണിയിലുണ്ട്. ഇന്ത്യയിലേത് ഉള്‍പ്പെടെ മിക്ക ഓഹരി വിപണികളും തകര്‍ന്നടിയുകയാണ്.
ക്രൂഡ് ഓയില്‍ വില കുറഞ്ഞുവരികയും ചെയ്യുന്നു. വിപണിയില്‍ ആശങ്ക വ്യാപകമാകുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില കൂടുകയാണ് ചെയ്യുക. എന്നാല്‍ ഇത്രയും പ്രതിസന്ധി വിപണിയില്‍ നിലനില്‍ക്കെ സ്വര്‍ണവിലയും കുറയുകയാണ്. ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അപ്രതീക്ഷിതമായ ചില നീക്കം നടത്തുമെന്നും വിവരമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സ്വര്‍ണവില കുറയുന്നത്...

കൊവിഡ് കാലത്തും 2008ലെ സാമ്പത്തിക മാന്ദ്യ കാലത്തും സ്വര്‍ണവില കുതിക്കുകയാണ് ചെയ്തത്. നിക്ഷേപകര്‍ ആശങ്കയിലാകുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടുകയും സ്വര്‍ണവില ഉയരുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ നിലവില്‍ അത്തരം സാഹചര്യമുണ്ടെങ്കിലും സ്വര്‍ണവില താഴുകയാണ്.
കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ 2200 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞു. സര്‍വകാല റെക്കോര്‍ഡ് വിലയായ 68480 രൂപയിലെത്തിയ ശേഷമാണ് ഇടിഞ്ഞത്. വിപണിയില്‍ മറ്റൊരു മാറ്റമാണ് സംഭവിക്കുന്നത് എന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ച് പണമാക്കപ്പെട്ടു എന്നാണ് പുതിയ വിവരം.
ലാഭം കൊയ്യാനുള്ള അവസരം
മാര്‍ച്ച് 13ന് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വിലയിലേക്ക് ഇപ്പോള്‍ വീണ്ടുമെത്തിയിരിക്കുകയാണ്. സ്വര്‍ണത്തിന് ആവശ്യം കുറഞ്ഞു എന്നതാണ് പ്രധാന കാര്യമെന്ന് ജെപി മോര്‍ഗന്‍ ചെയ്‌സ് നിരീക്ഷകര്‍ പറയുന്നു. വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റഴിക്കലും നടത്തുന്നുണ്ട്. മറ്റു ആസ്തികളില്‍ നിന്നുള്ള നഷ്ടം നികത്താനാണ് ഇവര്‍ സ്വര്‍ണം വിറ്റഴിക്കുന്നതത്രെ.
സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോഴുള്ളതെന്ന് ചിലര്‍ കരുതുന്നു. ഈ സമയം വിറ്റ് പണമാക്കിയാല്‍ ലാഭം കൊയ്യാമെന്നാണ് ഇവരുടെ വിശ്വാസം. ഇതെല്ലാം വിപണിയില്‍ കൂടുതലായി സ്വര്‍ണം എത്താന്‍ കാരണമായിട്ടുണ്ട്. സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിക്കുകയും ചെയ്തു. അമേരിക്ക രണ്ട് തവണയായി 130 ബേസിസ് പോയന്റ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത്.
ജര്‍മനി സ്വര്‍ണം മടക്കി കൊണ്ടുവരും
അതേസമയം, സ്വര്‍ണവില 38 ശതമാനം കുറയുമെന്നാണ് അമേരിക്കയിലെ സാമ്പത്തിക നിരീക്ഷകരായ മോണിങ് സ്റ്റാറിലെ സ്ട്രാറ്റജിസ്റ്റ് ജോണ്‍ മില്‍സ് പറയുന്നത്. നിലവില്‍ ഔണ്‍സിന് 3000 ഡോളറിന് മുകളിലാണ് വില. ഇത് 1820 ഡോളറിലേക്ക് ഇടിയുമെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലും വന്‍തോതില്‍ സ്വര്‍ണ വില കുറയും.
അതിനിടെ ജര്‍മനി അവരുടെ സ്വര്‍ണ കരുതല്‍ ശേഖരം അമേരിക്കയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിക്കുമെന്നാണ് വാര്‍ത്തകള്‍. ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങളാണ് ജര്‍മനിയെ ഭയപ്പെടുത്തുന്നതെന്ന് ബിഡ് മാധ്യമത്തെ ഉദ്ധരിച്ച് യാഹൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1200 ടണ്‍ സ്വര്‍ണം അമേരിക്കയിലെ മാന്‍ഹട്ടനിലാണ് ജര്‍മനി സൂക്ഷിച്ചിട്ടുള്ളത്. 9.83 ലക്ഷം കോടി രൂപയുടെ സ്വര്‍ണമാണിത്. എത്രയും വേഗം ഇത് ജര്‍മനിയിലെത്തിക്കണം എന്ന് എംപിമാരും പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications