സ്വർണ വില ഇന്ന് ഉയർന്നു: ആഭരണപ്രേമികൾക്ക് നിരാശ..ഇനിയും വില ഉയർന്നേക്കും?
അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിന് കുതിപ്പ്. യു.എസ് പണപ്പെരുപ്പ കണക്കുകളാണ് സ്വർണത്തിന് ഇന്ന് ആശ്വാസമായത്. പ്രതീക്ഷിച്ച നിലയിൽ കണക്കുകൾ ഉയരാത്തത് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ഇല്ലാതാക്കി, ഇതാണ് സ്വർണത്തിന് അനുകൂലമായത്.
നിലവിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 0.1 ശതമാനം ഉയർന്ന് 4,056.69 ഡോളറിലെത്തി. അതേസമയം പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നത് വിപണിയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി.

ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഇറാൻ്റെ തന്ത്രപ്രധാന ദ്വീപ് പ്രദേശങ്ങളാണ് യു എസ് ഇപ്പോൾ ലക്ഷ്യം വെയ്ക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്കെതിരായ ഇറാൻ്റ ആക്രമണങ്ങൾ തടുക്കുകയെന്ന ലക്ഷ്യത്തോടെയാണിത് എന്നാണ് യുഎസ് പറയുന്നത്. ബുധനാഴ്ച ഇറാൻ്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാൻ്റെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയും യുഎസ് മുഴക്കുന്നുണ്ട്.
എന്നാൽ യുഎസുമായി ഉണ്ടാക്കിയ ധാരണാപത്രത്തിൽ നിന്നും പൂർണമായി തങ്ങൾ പിൻമാറുകയാണെന്ന് ഇറാൻ വ്യക്തമാക്കിയത്. ധാരണകൾ ലംഘിച്ച് യുഎസ് തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പിൻമാറ്റമെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ തുടർച്ചയായ മൂന്നാം ദിവസവും എണ്ണ വില ഉയരുകയാണ്. യുഎസ് ക്രൂഡ് വില ബാരലിന് 0.98% വർധനയുമായി 80.12 ഡോളറിലെത്തി.ബ്രെന്റ് വില 1.17% ഉയർന്ന് 85.72 ഡോളറും ആയി.
അതേസമയം യുഎസ് സർക്കാർ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് റിപ്പോർട്ട് പുറത്തുവിട്ടാൽ മാത്രമേ ജൂണ്‍ മാസത്തിലെ യഥാർത്ഥ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരൂ. ജൂൺ മാസത്തെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്. പണപ്പെരുപ്പം 3.5 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകൾ പറയുന്നത്. മേയിൽ വാർഷികാടിസ്ഥാന പണപ്പെരുപ്പം 4.2% ആയിരുന്നു. ഇതോടെ സെപ്റ്റംബറിൽ നടക്കുന്ന ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് കുറക്കാനുള്ള സാധ്യതകൾ കുറഞ്ഞു. സിഎംഇ ഫെഡ് വാച്ച് ടൂൾ പ്രകാരം സെപ്റ്റംബറിൽ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത നിലവിൽ 58 ശതമാനം മാത്രമാണെന്നാണ് വ്യാപാരികൾ കണക്കാക്കുന്നത്. പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് ഇത് 76 ശതമാനമായിരുന്നു.
അതേസമയം പണപ്പെരുപ്പ ആശങ്ക ഇകന്നതോടെ യുഎസ് ഡോളർ സൂചിക 101ന് മുകളിൽ നിന്ന് 100 നിലവാരത്തിലേക്ക് ഇടിഞ്ഞു. ഇത് സ്വർണത്തിന് നേട്ടമായി. നിലവിൽ ഔണ്‍സിന് 4052 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കേരളത്തിൽ ഇന്ന് വില ഉയരും
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4015 ഡോളറിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്നലെ സ്വർണം ഇടിഞ്ഞിരുന്നു. ഇന്നലെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13090 രൂപയായിരുന്നു വില. പവന് 104720 രൂപയും. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ഇന്ന് വില ഉയർന്നതോടെ കേരളത്തിലും ഇന്ന് നേരിയ തോതിൽ വില ഉയർന്നേക്കും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വില കുറഞ്ഞതോടെ സ്വർണം 1 ലക്ഷത്തിന് താഴേക്ക് വരുമോയെന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. എന്നാൽ പലിശ യുഎസ് ഫെഡ് പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതകൾ കുറഞ്ഞതോടെ ഉടനൊന്നും വലിയൊരു ഇടിവ് സ്വർണത്തിന് ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അപ്പോഴും വലിയ കുതിപ്പിനുള്ള സാധ്യത ഇല്ലെന്നതാണ് ആശ്വാസം. പശ്ചിമേഷ്യൻ സംഘർഷം സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങുന്നത് വരെ സ്വർണ വില ഇതേ നിലയിൽ തന്നെ തുടരാനാണ് സാധ്യത.


Click it and Unblock the Notifications