സ്വര്‍ണം പിടിതരില്ല; ചര്‍ച്ചയായി 2 പ്രവചനങ്ങള്‍, എങ്കിലും ഈ വില മാറ്റം വ്യക്തമായ സൂചന
ദുബായ്: എല്ലാവര്‍ക്കും ആകര്‍ഷണം തോന്നുന്ന ഒന്നാണ് സ്വര്‍ണം. ഒരുകാലത്ത് ആഭരണം മാത്രമായി വാങ്ങി സൂക്ഷിച്ചിരുന്നവര്‍ പിന്നീട് കോയിന്‍ ആയും ബാര്‍ ആയുമെല്ലാം സ്വരൂപിച്ചു. അടുത്ത കാലത്ത് ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങുന്നവരും ഏറിയിട്ടുണ്ട്. വിപണിയിലെ ഏത് മാറ്റവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്. സ്വര്‍ണവിലയിലെ വരുംദിവസങ്ങളിലെ മാറ്റം എന്താകുമെന്ന് അറിയാന്‍ കൊതിക്കുന്നവരാണ് മിക്കവരും.
ജ്വല്ലറികളിലെത്തുന്ന അന്വേഷണവും ഭാവിയിലെ വില മാറ്റത്തെ കുറിച്ചാണ് എന്ന് വ്യാപാരികള്‍ പറയുന്നു. വലിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് വ്യാപാരികള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആഗോള തലത്തില്‍ സാമ്പത്തിക-വിപണി നിരീക്ഷകരുടെ പുതിയ അഭിപ്രായം വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. സ്വര്‍ണവിലയെ കുറിച്ചുള്ള രണ്ട് തരം പ്രവചനങ്ങളാണ് വൈറല്‍...

ബാങ്ക് ഓഫ് അമേരിക്ക അടുത്തിടെ പ്രവചിച്ചത് സ്വര്‍ണവില വന്‍തോതില്‍ ഉയരും എന്നാണ്. അതായത്, അടുത്ത വര്‍ഷം ഔണ്‍സ് വില 4000 ഡോളര്‍ ആകുമെന്ന്. നിലവില്‍ 3350 ഡോളര്‍ ആണ് എന്ന് ഓര്‍ക്കണം. നിലവിലുള്ള വിലയില്‍ നിന്ന് 20 ശതമാനം കൂടിയേക്കും. അതേസമയം, ഗോള്‍ഡ്മാര്‍ സാക്‌സ് പ്രവചിക്കുന്നത് ഈ വര്‍ഷം അവസാനത്തോടെ വില 4500 ഡോളറിലെത്തിയേക്കും എന്നാണ്.
സ്വര്‍ണവില കുറയും എന്നാണ് സിറ്റി റിസര്‍ച്ചിന്റെ പ്രവചനം. നിലവിലുള്ളത് ഏറ്റവും ഉയര്‍ന്ന നിരക്കാണ് എന്നും ഇനി താഴാനാണ് സാധ്യത എന്നും അവര്‍ പ്രവചിക്കുന്നു. ഈ വര്‍ഷം മൂന്നാംപാദത്തില്‍ വില പതിയെ കുറയുമെന്നും അടുത്ത വര്‍ഷം വീണ്ടും കുറയുമെന്നുമാണ് സിറ്റി റിസര്‍ച്ചിന്റെ പ്രവചനം. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയാണിത്.
സ്വര്‍ണവില മാറിയത് ഇങ്ങനെ
സ്വര്‍ണം നിക്ഷേപം എന്ന നിലയില്‍ വാങ്ങുന്നവര്‍ തിടുക്കം ഒഴിവാക്കിയാല്‍ വലിയ നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് കഴിഞ്ഞ കാലങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-2025 കാലത്ത് 200 ശതമാനം വില വര്‍ധനവ് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പുള്ള പത്ത് വര്‍ഷത്തിനിടെയും വില വന്‍തോതില്‍ മാറി. ദീര്‍ഘാകലാത്തേക്ക് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് നേട്ടമാകുമെന്ന് ചുരുക്കം.
2000ത്തില്‍ സ്വര്‍ണം ഔണ്‍സ് വില 200 ഡോളര്‍ ആയിരുന്നു. 2005ല്‍ ഇത് 377 ആയി ഉയര്‍ന്നു. 2010ല്‍ വലിയ മുന്നേറ്റം നടത്തി 1200 ഡോളര്‍ ആയി. 2020ല്‍ 1777 ആയി കുതിച്ചു. ഇപ്പോള്‍ ഇരട്ടിയോളം വര്‍ധിച്ച് 3350 ഡോളറുമായി. അതായത്, അതിവേഗമാണ് സ്വര്‍ണവിലയിലെ വര്‍ധനവ്. ആഗോള രാഷ്ട്രീയ മാറ്റങ്ങള്‍, യുഎസ് ഡോളറിന്റെ വിനിമയ നിരക്ക്, ട്രംപിന്റെ താരിഫ് നയങ്ങള്‍, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്ന തോത് എന്നിവയെല്ലാം വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിക്ഷേപിക്കുക, ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വാങ്ങുന്നവര്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങണം. അല്ലെങ്കില്‍ ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കണം. വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വിലയാണ് ഈ സ്വര്‍ണത്തിന് ലഭിക്കുക. അതേസമയം, 22, 18 കാരറ്റിലെ ആഭരണം വാങ്ങുന്നവര്‍ക്ക് വില്‍ക്കുന്ന വേളയില്‍ വിപണി വില കിട്ടില്ല എന്ന് മാത്രമല്ല, പണിക്കൂലി, ജിഎസ്ടി എന്നിവ നഷ്ടമാകുകയും ചെയ്യും.












Click it and Unblock the Notifications