സ്വർണ വില കുതിച്ചു, പക്ഷെ 'ചിലർ' വാങ്ങുന്നത് വിലക്കുറവിൽ..അതെങ്ങനെ?കാരണം അറിയാം
ന്യൂയോർക്ക്: സ്വർണ വില സകല റെക്കേഡുകളും ഭേദിച്ച് കുതികുകയാണ്. ബുധനാഴ്ച ആഗോളവിപണയിൽ സ്വർണം ഔൺസിന് 3061 ഡോളർ ആണ് രേഖപ്പെടുത്തിയത്. യുഎസ്-ചൈന വ്യാപാരയുദ്ധവും ആഗോള സാമ്പത്തിക മേഖലയിലെ കടുത്ത അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ സ്വീകാര്യത ഉയർത്തിയതാണ് വില വർധനവിലേക്ക് നയിച്ചത്.
ഈ മാസം 3 നായിരുന്നു ആഗോള വിപണയിൽ സ്വർണ വില റെക്കോഡ് തൊട്ടത്. അന്ന് ഔൺസിന് 3,167.57 ഡോളറാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 400 ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അടുത്ത മാസങ്ങളിൽ സ്വർണ വില ഔൺസിന് 3200 കടന്നേക്കുമെന്ന ആശങ്കയാണ് വിപണി വിദഗ്ധർ പങ്കുവെയ്ക്കുന്നത്.

ചൈനയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം വിപണിയിൽ കടുത്ത അനിശ്ചിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൈനയ്ക്ക് പകരച്ചുങ്കമായി 104 ശതമാനം തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടിയാണ് ആശങ്ക രൂക്ഷമാക്കിയത്. ഇതിന് അതേ നാണയത്തിൽ തന്നെ ചൈന മറുപടിയും നൽകിയിട്ടുണ്ട്. 84 ശതമാനം തീരുവ ഏർപ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് ചൈന വ്യക്തമാക്കിയത്
അതേസമയം വ്യാപാര യുദ്ധം മുറുകുന്നത് യുഎസ് വിപണിയെ ആഴത്തിലുള്ള ആശങ്കയിൽ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും ഇപ്പോഴത്തെ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ
ഈ വർഷം യുഎസ് ഫെഡ് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുമെന്നാണ് നിക്ഷേപകരുടെ ആശങ്കയെന്നും അനലിസ്റ്റുകൾ പറയുന്നു. ഇത് സ്വർണ വില ഇനിയും ഉയർത്തിയേക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.
മെയ് ആദ്യവാരത്തോടെ തന്നെ യുഎസ് ഫെഡ് പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. വ്യാഴാഴ്ച ഫെഡറൽ റിസർവ് യോഗം ചേരുന്നുണ്ട്. യോഗത്തിലെ തീരുമാനങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് വിപണി. വ്യാഴാഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും.
അതേസമയം കഴിഞ്ഞ ദിവസം യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും യുഎസിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വർണ്ണ വിലയെ വലിയ രീതിയിൽ പിന്തുണച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. യുഎസ് ഡോളർ ഇൻഡക്സ് 0.7 ശതമാനം ഇടിഞ്ഞത് മറ്റ് രാജ്യങ്ങളിലുള്ളവർക്ക് സ്വർണം വില കുറച്ച് ലഭിക്കാൻ കാരണമായതും സ്വർണത്തിന്റെ ആവശ്യകത ഉയർത്തി. ഈ സ്ഥിതി തുടർന്നാൽ സ്വർണ വില ഇനിയും പൊള്ളുമെന്നാണ് വിദഗ്ധർ പറയുന്നത്.
ആഗോള വിപണിയിലെ ചലനങ്ങൾ കേരളത്തിലും സ്വർണ വില കുതിക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് വില ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് ബുധനാഴ്ച 520 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 66,320 രൂപയായി. ഗ്രാമിന് 65 രൂപ ഉയർന്ന് 8,290 രൂപയിലെത്തി. ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേർത്ത് കുറഞ്ഞത് 72,000 രൂപയെങ്കിലും നൽകേണ്ടി വരും.












Click it and Unblock the Notifications