സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തില്‍ വിപണിയില്‍ ട്വിസ്റ്റ്. ഇറാനുമായി ചര്‍ച്ച നടക്കുകയാണെന്നും ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് തല്‍ക്കാലം പിന്മാറുന്നു എന്നും പ്രഖ്യാപിച്ചതോടെ വിപണിയില്‍ വലിയ മാറ്റം. വലിയ തോതില്‍ താഴോട്ട് വീണിരുന്ന സ്വര്‍ണവില തിരിച്ചുകയറി. കേരളത്തില്‍ വൈകീട്ട് സ്വര്‍ണവില കൂടി. അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവുണ്ടായി.
അമേരിക്കയും ഇസ്രായേലും നടത്തുന്ന ഇറാനെതിരായ ആക്രമണം നിര്‍ത്തിയേക്കുമെന്ന സൂചനയാണ് ട്രംപിന്റെ പുതിയ കുറിപ്പില്‍ നിന്ന് അന്താരാഷ്ട്ര സമൂഹം വായിച്ചെടുക്കുന്നത്. അത് ശരിയാണെങ്കില്‍ യുദ്ധം വൈകാതെ അവസാനിച്ചേക്കും. വിപണി പഴയ പോലെ തിരിച്ചെത്തിയേക്കും. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയില്‍ എത്രമാത്രം വിശ്വസിക്കാമെന്ന ചോദ്യം ബാക്കിയാണ്.

ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ചര്‍ച്ച നടക്കുന്നു എന്ന വാദം നിഷേധിച്ച് ഇറാന്‍ സൈന്യം രംഗത്തെത്തി. തിരിച്ചടി ഭയന്നാണ് ട്രംപ് ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് പിന്മാറിയത് എന്ന് ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. 48 മണിക്കൂറിനകം ഇറാന്‍ ഹോര്‍മുസില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇറാന്റെ വൈദ്യുത നിലയങ്ങള്‍ ആക്രമിച്ചാല്‍ ജിസിസി രാജ്യങ്ങളിലെ എല്ലാ വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ഇരുട്ടിലാകുമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. 48 മണിക്കൂര്‍ അവസാനിക്കാനിരിക്കെയാണ് ട്രംപ് പുതിയ പ്രതികരണം നടത്തിയത്. ആക്രമണം അഞ്ച് ദിവസത്തേക്ക് നീട്ടിവയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി എന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇറാനുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ട്രംപ് പറയുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ച നടക്കുന്നില്ല എന്ന് ഇറാന്‍ പറയുന്നു.
വിപണയില്‍ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ആഗോള വിപണിയില്‍ സ്വര്‍ണവില 4200 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു എങ്കിലും പിന്നീട് തിരിച്ചുകയറി 4400 ഡോളറിലെത്തി. തൊട്ടുപിന്നാലെ കേരളത്തിലും വൈകീട്ട് സ്വര്‍ണവില കുറഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി 7500 രൂപ താഴ്ന്ന സ്വര്‍ണവില വൈകീട്ട് 1600 രൂപ ഉയര്‍ന്നു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 101080 രൂപയും ഗ്രാമിന് 12635 രൂപയുമാണ് വൈകീട്ട് രേഖപ്പെടുത്തിയ വില.
അതേസമയം, 112 ഡോളര്‍ വരെ ഉയര്‍ന്ന് നിന്നിരുന്ന ക്രൂഡ് ഓയില്‍ വില ട്രംപിന്റെ പ്രസ്താവനയോടെ 102 ഡോളറിലേക്ക് വീണു. ബ്രെന്റ് ക്രൂഡ് വിലയാണിത്. സമാനമായ വില ഇടിവ് മറ്റു ക്രൂഡുകളിലും രേഖപ്പെടുത്തി. വാതകത്തിന്റെ വിലയിലും ഇടിവുണ്ടായി. ചില രാജ്യങ്ങളിലെ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. അതേസമയം, ഇന്ത്യന്‍ രൂപ വലിയ തോതില്‍ മൂല്യം ഇടിയുകയാണ്. ഡോളറിനെതിരെ 94 എന്ന ചരിത്ര ഇടിവിലാണ് രൂപ.












Click it and Unblock the Notifications