സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും?
കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകത്തിലെ സെന്‍ട്രല്‍ ബാങ്കുകളില്‍ പലരും സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇത് സ്വർണ വില വലിയ തോതിൽ കുതിച്ചുയരാൻ കാരണമായി. എന്നാൽ അടുത്തിടെ പോളണ്ട്, തുർക്കി തുടങ്ങിയ രാജ്യങ്ങളെല്ലാം ഇത്തരത്തിൽ വാങ്ങിവെച്ച സ്വർണം വിറ്റിരുന്നു. സൈനിക ആവശ്യങ്ങൾക്കുൾപ്പെടെ പണം കണ്ടെത്താനായിരുന്നു ഇത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി റഷ്യയും തങ്ങളുടെ സ്വർണ ശേഖരം വലിയ തോതിൽ വിറ്റഴിക്കുകയാണെന്നാണ് റിപ്പോർട്ട്.
വർധിച്ച സൈനിക ചെലവുകൾ കാരണമാണ് കരുതൽ ശേഖരത്തിൽ നിന്ന് ഭൗതിക സ്വർണം റഷ്യ വിറ്റതെന്നാണ് ബിഎൻഇ ഇൻ്റലിന്യൂസിൻ്റെ റിപ്പോർട്ട് പറയുന്നത്. റഷ്യ 2022നും 2025നും ഇടയിൽ 15 ട്രില്യൺ റൂബിൾ (ഏകദേശം 150 ബില്യൺ ഡോളർ) സ്വർണവും വിദേശനാണ്യവും വിറ്റഴിച്ചു. 2026-ന്റെ ആദ്യ രണ്ട് മാസങ്ങളിൽ 3.5 ട്രില്യൺ റൂബിൾ (35 ബില്യൺ ഡോളർ) കൂടി വിൽപ്പന നടത്തി. ജനുവരിയിൽ 300,000 ഔൺസും ഫെബ്രുവരിയിൽ 200,000 ഔൺസും സ്വർണം വിറ്റഴിച്ചതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. മുമ്പ്, ധനകാര്യ മന്ത്രാലയവും സെൻട്രൽ ബാങ്കും തമ്മിൽ രേഖാമൂലമുള്ള കൈമാറ്റങ്ങളായിരുന്നെങ്കിൽ, ഇപ്പോൾ സെൻട്രൽ ബാങ്ക് യഥാർത്ഥ ഭൗതിക സ്വർണം വിപണിയിൽ നേരിട്ട് വിൽക്കാൻ തുടങ്ങി. ഇതിൻ്റെ ഫലമായി റഷ്യയുടെ സ്വർണ്ണ ശേഖരം 74.3 ദശലക്ഷം ഔൺസായി കുറഞ്ഞു; നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 14 ടൺ ആണ് വിറ്റത്. 2002-ൽ 58 ടൺ വിറ്റതിനുശേഷമുള്ള ഏറ്റവും വലിയ രണ്ട് മാസത്തെ വിൽപ്പനയാണിത്.

വൻ സൈനിക ചെലവുകൾ റഷ്യയെ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാക്കുകയാണ്. 2025 അവസാനത്തോടെ രാജ്യത്തിന്റെ ബജറ്റ് കമ്മി ജിഡിപിയുടെ 2.6% ആയി ഉയർന്നു. യഥാർത്ഥ കണക്കായ 0.5% നെക്കാൾ വളരെ കൂടുതലാണിത്. 2026-ലേക്ക് മാറ്റിവച്ച പേയ്‌മെൻ്റുകൾ ഉൾപ്പെടുമ്പോൾ യഥാർത്ഥ കമ്മി 3.4% ആകാം എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എണ്ണവിലയിടിവും കടുത്ത യുഎസ് ഉപരോധങ്ങളും റഷ്യയുടെ സ്ഥിതി വഷളാക്കി. എണ്ണ, പ്രകൃതിവാതക നികുതി വരുമാനം ഇപ്പോൾ മൊത്തം വരുമാനത്തിന്റെ 20% മാത്രമാണ്, ഇത് സംഘർഷത്തിന് മുൻപുള്ളതിൻ്റെ പകുതിയോളമാണ്.
സ്വർണവില ഔൺസിന് 5,000 ഡോളർ കടന്ന് കുത്തനെ ഉയർന്നപ്പോഴാണ് റഷ്യ സ്വർണ്ണം വിറ്റഴിക്കാൻ തുടങ്ങിയതെന്ന് ബിഎൻഇ ഇൻ്റലിന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ഈ വിലവർദ്ധനവ് റഷ്യയുടെ മൊത്തം കരുതൽ ശേഖരത്തിൻ്റെ മൂല്യം ഫെബ്രുവരി 28 വരെ 809 ബില്യണിലധികമായി ഉയർത്തി. ഇതിൽ 300 ബില്യൺ ഡോളർ മരവിപ്പിച്ച ആസ്തികളാണ്. സ്വർണ്ണ ശേഖരം മാത്രം ഏകദേശം 384 ബില്യൺ ഡോളർ വരും. 2022 മുതൽ മൊത്തം കരുതൽ ശേഖരം 200 ബില്യൺ ഡോളർ വർദ്ധിച്ചു. ഇത് മരവിപ്പിച്ച ഫണ്ടുകളുടെ ഏകദേശം മൂന്നിൽ രണ്ടും വീണ്ടെടുത്തതിന് തുല്യമാണ്. 2,000 ടണ്ണിലധികം സ്വർണ്ണമുള്ള റഷ്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സ്വർണ ശേഖരമുള്ള രാജ്യമാണ്.
യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും യുക്രൈനുമായുള്ള സംഘർഷത്തിന് ശേഷമുള്ള ഉപരോധങ്ങളെ തുടർന്നുമാണ് റഷ്യ തങ്ങളുടെ സ്വർണ ശേഖരം വർധിപ്പിച്ചത്. അതേസമയം, റഷ്യ തങ്ങളുടെ ബാഹ്യ കടം ജിഡിപിയുടെ ഏകദേശം 14% ആയി കുറച്ചു, ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിലകളിൽ ഒന്നാണ്. യുദ്ധം മൂലമുണ്ടായ ബജറ്റ് കമ്മി കൈകാര്യം ചെയ്യാൻ 2022 മുതൽ ധനകാര്യ മന്ത്രാലയം വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേസമയംഭൗതിക സ്വർണം വിൽക്കുന്നത് റഷ്യ തങ്ങളുടെ കരുതൽ ധനം നേരിട്ട് സാമ്പത്തിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. യുക്രെയ്ൻ സംഘർഷം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications