സ്വർണ്ണ വിലയുടെ കുതിപ്പിന് ഇന്ധനം എന്ത്: ഇന്ത്യ-തുർക്കി തർക്കം എരിതീയിലേക്ക് എണ്ണ ഒഴിക്കുന്നു
മുംബൈ: കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി സ്വർണവില കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ മാത്രം 50 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയ സ്വർണം നേട്ടത്തില്‍ നിഫ്റ്റി സൂചികയും മറ്റ് പ്രധാന സൂചികകളും പിന്നിലാക്കി. സെൻട്രൽ ബാങ്കുകളുടെ വന്‍തോതിലുള്ള വാങ്ങലുകൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, വ്യാപാര അനിശ്ചിതത്വങ്ങൾ, ഡോളർ സൂചികയുടെ ദുർബലത, സാമ്പത്തിക മാന്ദ്യ ഭയം, ഈടിഎഫ് (ETF) ഫണ്ടുകളിലെ ശക്തമായ ഡിമാന്‍ഡ് തുടങ്ങിയവയാണ് സ്വർണ വില വർധനക്ക് പിന്നിലെ പ്രധാന കാരണം.
ആഗോളതലത്തിൽ റഷ്യ-യുക്രെയിൻ സംഘർഷം തുടരുന്നതിനാൽ സ്വർണത്തിന്റെ 'സുരക്ഷിത നിക്ഷേപം' എന്ന നിലയിലുള്ള ആകർഷണം ഇപ്പോഴും ശക്തമാണ്. വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ പിരിമുറുക്കം ഉണ്ടാക്കിയേക്കാമെന്ന ആശങ്കയും സൃഷ്ടിച്ചു. ഇതിനു പുറമെ, ഏഴ് വർഷത്തിന് ശേഷം യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ ആരംഭിച്ചതും പ്രതിസന്ധിയിലായി. ഇത് അനിശ്ചിതത്വം വർധിപ്പിച്ച് സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിക്കുന്നുവെന്നും വിദഗ്ധർ വിലയിരുത്തുന്നു.

ഒപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യ-തുർക്കി ബന്ധം വഷളാകുന്നതും ലോകത്ത് പുതിയ പിരുമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പാകിസ്ഥാൻ, തുർക്കി, അസർബൈജാൻ എന്നിവയുടെ ഉയർന്നുവരുന്ന സഖ്യത്തിനെതിരെ ഇന്ത്യ ഗ്രീസ്, സൈപ്രസ്, ഇസ്രായേൽ എന്നിവയുമായി ബന്ധം ശക്തിപ്പെടുത്തുകയാണ്. ഇന്ത്യൻ, ഗ്രീക്ക്, സൈപ്രിയൻ നാവികസേനകളുടെ സംയുക്ത അഭ്യാസങ്ങൾ ഇതിന്റെ തെളിവാണ്. ഈ പ്രദേശങ്ങളുടെ തന്ത്രപരമായ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്താൽ, സംഘർഷം രൂക്ഷമാകുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ആക്സിസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ദേവയ ഗഗ്ലാനി മുന്നറിയിപ്പ് നൽകുന്നു.
പാകിസ്ഥാനുമായുള്ള അടുപ്പം കാരണം ഇന്ത്യ-തുർക്കി ബന്ധം വഷളായിരിക്കുകയാണെന്ന് റിലയൻസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ജിഗർ ത്രിവേദിയും പറയുന്നു. ഭൌമരാഷ്ട്രീയ പിരിമുറുക്കങ്ങൾ സ്വർണത്തിന്റെ സുരക്ഷിത ആസ്തി ആവശ്യകത വർധിപ്പിക്കുകയും ദീപാവലിയോടെ പത്ത് ഗ്രാമിന്റെ വില 1.25 ലക്ഷം വരെ എത്തിയേക്കാമെന്ന ചില നിരീക്ഷണങ്ങളും ശക്തമാണ്. 1.25 ലക്ഷം വരെ എത്തിയില്ലെങ്കിലും 119000-122000 എന്നതിലേക്ക് എത്തിയേക്കാമെന്നാണ് ത്രിവേദി അഭിപ്രായപ്പെടുന്നത്.
ഒപ്പറേഷന്‍ സിന്ദുർ സമയത്ത് പാകിസ്താനെ ഏറ്റവും അധികം പിന്തുണച്ച് രംഗത്ത് എത്തിയ രാജ്യമായിരുന്നു തുർക്കി. ഇന്ത്യയുടെ നടപടികളെ "പ്രകോപനപരമായ" നീക്കം എന്നും തുർക്കി വിമർശിച്ചു. തുർക്കി പാകിസ്ഥാന് ഡ്രോണുകൾ (350-ലധികം) വിതരണം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. ഇത് സംഘർഷത്തിൽ ഇന്ത്യൻ നഗരങ്ങൾക്കെതിരെ ഉപയോഗിച്ചുവെന്നാണ് സൂചന.
നിർണ്ണായക ഘട്ടത്തിലെ ഈ പിന്തുണയെത്തുടർന്ന് ഇന്ത്യയിൽ തുർക്കിക്കെതിരായ ബഹിഷ്കരണാഹ്വാനം ഉയർന്നിരുന്നു. വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, വിമാന സർവീസുകൾ എന്നിവയെ ബാധിച്ചു. ഉദാഹരണത്തിന്, ഇന്ത്യൻ ട്രേഡേഴ്സ് കൺഫെഡറേഷൻ തുർക്കിയുമായുള്ള ബിസിനസ് ബഹിഷ്കരണം പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ ഐ ഐ ടി മുംബൈ, ജെ എന്‍ യു തുടങ്ങിയ സ്ഥാപനങ്ങൾ തുർക്കി സർവകലാശാലകളുമായുള്ള കരാറുകൾ റദ്ദാക്കി. പാകിസ്ഥാന്റെ കശ്മീർ നിലപാടിനെ ദീർഘകാലമായി പിന്തുണയ്ക്കുന്ന രാജ്യവുമാണ് തുർക്കി.












Click it and Unblock the Notifications