63600 കോടിയുടെ സ്വര്‍ണം ഭൂമിക്കടിയില്‍; പരിശോധനയില്‍ തെളിഞ്ഞു, പാകിസ്താന്റെ കടം ഒറ്റയടിക്ക് വീട്ടാം
പാകിസ്താനിലെ ഭൂമിക്കടിയില്‍ വന്‍തോതില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. ഖൈബര്‍ പക്തുന്‍ക്വ ജില്ലയിലെ തര്‍ബിലയിലാണ് സ്വര്‍ണം ഉണ്ട് എന്ന് മണ്ണ് പരിശോധനയില്‍ തെളിഞ്ഞത്. 63600 കോടി ഡോളറിന്റെ മൂല്യമുള്ള സ്വര്‍ണമാണ് ഇവിടെ ഉള്ളത് എന്ന് പാകിസ്താന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ഹനീഫ് ഗോഹാര്‍ പറഞ്ഞു.
പാകിസ്താന്റെ പൊതുകടം ഒറ്റയടിക്ക് വീട്ടാന്‍ സാധിക്കുന്ന അത്രയും സ്വര്‍ണം തര്‍ബിലയിലുണ്ട് എന്നാണ് ഹനീഫ് പറയുന്നത്. കറാച്ചി പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണമുണ്ട് എന്ന് പരിശോധനയില്‍ തെളിഞ്ഞ കാര്യം ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ (എസ്‌ഐഎഫ്‌സി) മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും ഹനീഫ് പറഞ്ഞു.

ഇനി ഖനനം നടക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയിലേയും കാനഡയിലെയും ഖനന കമ്പനികളുമായി പാകിസ്താന്‍ അധികൃതര്‍ ബന്ധപ്പെട്ടു. പാകിസ്താന്‍ സ്റ്റേറ്റ് ബാങ്കുമായി ആശയവിനിമയം ചെയ്തുവെന്ന് ഹനീഫ് പറഞ്ഞു. പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ അനുമതി കൂടി ലഭിച്ചാല്‍ തര്‍ബിലയില്‍ ഖനനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ സാമ്പത്തിക പ്രതിസന്ധിയിലുള്ള രാജ്യമാണ് പാകിസ്താന്‍. ബലൂചിസ്താനിലെ പലയിടത്തും മണ്ണിനടിയില്‍ സ്വര്‍ണവും ചെമ്പുമുണ്ട് എന്ന് വ്യക്തമായിരുന്നു. റിക്കോ ദിഖ് സ്വര്‍ണ ഖനിയില്‍ ഖനനം തുടങ്ങാനും പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി വിദേശ നിക്ഷേപം തേടിയിരിക്കുകയാണ്. ജപ്പാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് ഒടുവിലെ വിവരം. ബലൂചിസ്താനിലെ പോലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലാത്ത മേഖലയാണ് തര്‍ബില.
ഇത്തത്തെ സ്വര്‍ണവില അറിയാം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഇന്ന് വില കൂടി. രാജ്യാന്തര വിപണിയില്‍ വീണ്ടും 3400 ഡോളറിലേക്ക് ഔണ്‍സ് വില എത്തുകയാണ്. 3930 വരെ കുറഞ്ഞ ശേഷമാണ് വീണ്ടും കയറിയത്. ഇത് ലോകത്തെ എല്ലാ രാജ്യങ്ങളിലും സ്വര്‍ണ വില കൂടാന്‍ കാരണമായേക്കും. കേരളത്തിലും ഇന്ന് സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 89400 രൂപയാണ് വില. 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 11175 രൂപയായി. അതേസമയം, 18 കാരറ്റ് ഗ്രാമിന് 9190 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7155 രൂപയിലെത്തി. 9 കാരറ്റ് ഗ്രാമിന് 4630 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വര്‍ണവിലയില്‍ ഇനിയുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നത് സ്വര്‍ണവില കുറഞ്ഞേക്കുമെന്ന സൂചന നല്‍കുന്നു. ഏറെ നാള്‍ക്ക് ശേഷം ഡോളര്‍ സൂചിക 100 എന്ന നിരക്ക് പിന്നിട്ട് മുന്നേറി. എന്നാല്‍ വലിയ മുന്നേറ്റം കാണിക്കുന്നുമില്ല. ഡോളറും ഇന്ത്യന്‍ രൂപയും മൂല്യം വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും.












Click it and Unblock the Notifications