സ്വര്‍ണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഡോളര്‍; യൂറോ വീണു, ഇത് ഞെട്ടിക്കുന്ന മാറ്റം
വിപണിയുടെ നിയന്ത്രണം സ്വര്‍ണം ഏറ്റെടുക്കുകയാണോ? സ്വര്‍ണം കൈയ്യിലുള്ളവന്‍ രാജാവ് എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. നേരത്തെ ഡോളര്‍ കൈവശമുള്ളവരുടെ കരുത്തിന് സമാനമാണ് ഇപ്പോള്‍ സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളും വ്യക്തികളും. ഈ മാറ്റം വന്നതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിവരികയാണ്. ഇതോടെ ആശങ്ക നിറയുന്നതാകട്ടെ അമേരിക്കക്കും.
ഡോളറിന്റെ പ്രധാന്യം അസ്തമിക്കുന്നു എന്നതാണ് വിപണിയിലെ മാറ്റം. ഡോളര്‍ സൂചിക കരുത്ത് കൂട്ടാന്‍ സാധിക്കാതെ നില്‍ക്കുകയും ചെയ്യുന്നു. ലോക വ്യാപാരത്തിന് ഇപ്പോഴും ഡോളര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പഴയ പ്രതാപം നഷ്ടമായിരിക്കുന്നു എന്നതാണ് വസ്തുത. കാരണം നേരത്തെ ഡോളര്‍ ശേഖരിച്ചിരുന്നവര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

2022ന് ശേഷമാണ് വിപണിയില്‍ പുതിയ മാറ്റം സംഭവിക്കാന്‍ തുടങ്ങിയത്. യൂറോയും അമേരിക്കന്‍ ട്രഷറികളും തകരാന്‍ തുടങ്ങിയോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു. കേന്ദ്ര ബാങ്കുകളിലെ കരുതല്‍ ധനത്തില്‍ സ്വര്‍ണം 20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. യൂറോ 16 ശതമാനമേ ഉള്ളൂ. അതായത്, യൂറോയെ പിന്തള്ളിയാണ് സ്വര്‍ണത്തിന്റെ കുതിപ്പ്.
ലോകരാജ്യങ്ങളിലെ കരുതല്‍ ധനത്തില്‍ ഇപ്പോഴും ഡോളര്‍ തന്നെയാണ് മുന്നില്‍. 46 ശതമാനമാണ് ഡോളറിന്റെ കരുതല്‍ ശേഖരം. എങ്കിലും ക്രമേണ തോത് ഇടിയുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ഈ സ്ഥാനത്തേക്ക് കയറിവരുന്നത് സ്വര്‍ണമാണ്. 1996ന് ശേഷം ആദ്യമായി കേന്ദ്ര ബാങ്കുകളുടെ കരുതല്‍ ധനം യുഎസ് ട്രഷറികൡലക്കാള്‍ സ്വര്‍ണത്തിലായി മാറി.
ഇവിടെ സംഭവിക്കുന്നത് രണ്ട് മാറ്റം
കേന്ദ്ര ബാങ്കുകള്‍ കൂടുതലായി സ്വര്‍ണത്തെ ആശ്രയിക്കുമ്പോള്‍ സ്വര്‍ണവില ഇനിയും കുതിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. മറ്റൊന്ന് ഡോളറിന്റെ വീഴ്ചയാണ്. സ്വര്‍ണം രാജ്യാന്തര വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ് നിരക്കിലാണ് വ്യാപാരം. ഔണ്‍സ് സ്വര്‍ണത്തിന് 3592 ഡോളറിലെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് ഇരട്ടി വിലയായി. ഈ വര്‍ഷം മാത്രം വില 36 ശതമാനം കൂടി.
യുഎസ് ട്രഷറികളിലെ സ്വകാര്യ ഫണ്ടിന്റെ ഒരു ശതമാനം മാത്രം സ്വര്‍ണത്തിലേക്ക് തിരിഞ്ഞാല്‍ സ്വര്‍ണവില ഇനിയും കുതിക്കും. ഔണ്‍സ് സ്വര്‍ണത്തിന് 5000 ഡോളര്‍ വരെ എത്തുന്ന സാഹചര്യം വരുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നു. അമേരിക്കയിലെ ജീവനക്കാരുടെ കരുതല്‍ ഫണ്ടിന്റെ ഒരു ഭാഗം സ്വര്‍ണത്തില്‍ നിക്ഷേപിക്കണം എന്ന അഭിപ്രായവും ശക്തമാകുന്നത് സ്വര്‍ണവില കൂടുമെന്ന സൂചന നല്‍കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ട്രഷറി വിപണിയാണ് അമേരിക്കയിലേത്. ഇതിന്റെ ചെറിയ ഭാഗം സ്വര്‍ണത്തിലേക്ക് നീങ്ങിയാല്‍ പോലും വില കുതിക്കും. യുഎസ് ട്രഷറി ഇടിയുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്ന പ്രവണതയുമുണ്ട്. സ്വര്‍ണത്തിലെ നിക്ഷേപം ലാഭം മാത്രമേ തരികയുള്ളൂ എന്ന വിശ്വാസ്യത വര്‍ധിച്ചതും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ വില ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത.












Click it and Unblock the Notifications