സ്വര്‍ണം കൂടിക്കിടക്കുന്നത് ഇവിടെ; വില കൂട്ടുന്നതും ഇവര്‍, 879 ടണ്ണുമായി ഇന്ത്യയുടെ മുന്നേറ്റം
സ്വര്‍ണം ഒരു കാലത്ത് ആഭരണവും അലങ്കാരവും ആയിരുന്നു എങ്കില്‍ ഇന്ന് അതല്ല, ആസ്തിയും സമ്പന്നതയും തെളിയിക്കുന്ന അടയാളമാണ്. എത്രത്തോളം സ്വര്‍ണം കൈവശമുണ്ടോ അത്രയും സാമ്പത്തിക ഭദ്രതയുണ്ട് എന്നാണ് പുതിയ ചിന്ത. വ്യക്തികളുടെ മാത്രം കാര്യമല്ലിത്. ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മല്‍സരിക്കാന്‍ കാരണവും ഇതാണ്.
സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഓരോ രാജ്യങ്ങളും കരുതല്‍ ധനം ശേഖരിച്ചുവയ്ക്കും. പ്രതിസന്ധി വേളയില്‍ ഉപയോഗപ്പെടുത്താനാണിത്. ഇങ്ങനെ സൂക്ഷിച്ചുവച്ചിരുന്ന ധനം ഡോളര്‍ ആയിരുന്നു. എന്നാല്‍ സമീപ കാലത്ത് ഇത് സ്വര്‍ണത്തിലേക്ക് മാറി. പല രാജ്യങ്ങളും ഡോളര്‍ വിറ്റാണെങ്കിലും സ്വര്‍ണം ശേഖരിക്കാന്‍ തുടങ്ങി. ഇതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം. ഇങ്ങനെ സ്വര്‍ണം സൂക്ഷിച്ചവരില്‍ പ്രധാന എട്ട് രാജ്യങ്ങളെ അറിയാം...

അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. 8133 ടണ്‍ സ്വര്‍ണമാണ് അമേരിക്കയുടെ കൈവശമുള്ളത്. 2000 മുതല്‍ ഏകദേശം ഇതേ അളവില്‍ സ്വര്‍ണം അമേരിക്ക സൂക്ഷിക്കുന്നുണ്ട്. 2001ലാണ് ഇതില്‍ അല്‍പ്പം കൂടുതല്‍ വന്നത്. 2005ല്‍ അല്‍പ്പം കുറവ് വരികയും ചെയ്തു. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ക്രമേണ സ്വര്‍ണത്തിന്റെ അളവ് കൂട്ടുന്നുണ്ട്.
രണ്ടും മൂന്നും സ്ഥാനക്കാര്‍
3350 ടണ്‍ സ്വര്‍ണമാണ് ജര്‍മനി സൂക്ഷിച്ചുവച്ചിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് 3351 ടണ്‍ ഉണ്ടായിരുന്നു. അതായത്, അല്‍പ്പം കുറവ് വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ജര്‍മനി. പക്ഷേ, അമേരിക്കയേക്കാള്‍ എത്രയോ കുറവാണ് എന്നതും എടുത്തു പറയണം. മൂന്നാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 2451 ടണ്‍ സ്വര്‍ണമാണുള്ളത്.
ഫ്രാന്‍സിന്റെ കൈവശമുള്ളത് 2437 ടണ്‍ സ്വര്‍ണമാണ്. 2002ല്‍ 3000 ടണ്‍ കടന്ന് കുതിച്ചിരുന്നു ഫ്രാന്‍സിന്റെ സ്വര്‍ണ ശേഖരം. 2012ലാണ് നിലവിലുള്ള സ്ഥിതിയിലേക്ക് എത്തിയത്. റഷ്യ കരുതല്‍ ധനമായി സൂക്ഷിക്കുന്നത് 2329 ടണ്‍ സ്വര്‍ണമാണ്. നേരത്തെ സൂക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതലാണിത്. റഷ്യയുടെ സ്വര്‍ണ ശേഖരം ക്രമേണ വര്‍ധിക്കുന്നുണ്ട്. ചൈനയുടെ കൈവശമുള്ളത് 2279 ടണ്‍ സ്വര്‍ണമാണ്. റഷ്യയെ പോലെ ചൈനയും സ്വര്‍ണ കരുതല്‍ വര്‍ധിപ്പിക്കുകയാണ്.
ഇന്ത്യ വന്‍തോതില്‍ കൂട്ടുന്നു
യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്‌സര്‍ലാന്റ് ആണ് സ്വര്‍ണം കൂടുതല്‍ കൈവശം വയ്ക്കുന്ന ഏഴാമത്തെ രാജ്യം. 1040 ടണ്‍ സ്വര്‍ണമാണ് ഇവരുടെ കൈവശമുള്ളത്. അതേസമയം, എട്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ കൈവശം 879 ടണ്‍ സ്വര്‍ണമാണ്. കഴിഞ്ഞ 25 വര്‍ഷത്തെ ശരാശരി കരുതല്‍ ശേഖരം 531 ടണ്‍ സ്വര്‍ണമായിരുന്നു. കൊവിഡിന് ശേഷം ഇന്ത്യ ക്രമേണ സ്വര്‍ണ ശേഖരം കൂട്ടുകയാണ്. മാത്രമല്ല, വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണവും ഇന്ത്യ നാട്ടിലേക്ക് എത്തിക്കുന്നുണ്ട്.
ഡോളര്‍ സൂക്ഷിക്കുന്നത് കുറച്ച് മിക്ക രാജ്യങ്ങളും സ്വര്‍ണത്തിലേക്ക് തിരിയുന്നുണ്ട്. ഇത് ഡോളറിന്റെ ആവശ്യം കുറയ്ക്കുകയും സ്വര്‍ണത്തിന്റെ ആവശ്യം കൂട്ടുകയും ചെയ്തു. ആവശ്യക്കാര്‍ ഏറിയതോടെ സ്വര്‍ണത്തിന് വില കൂടി. ഓരോ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേനയാണ് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത്. ഇതിന് പുറമെ വ്യക്തികളും സ്വര്‍ണം വാങ്ങുന്നു. ആഭരണമായും കോയിനായും ബാര്‍ ആയും ഡിജിറ്റല്‍ സ്വര്‍ണമായുമെല്ലാം സൂക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications