4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണശേഖരം ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് മാറ്റാന്‍ വെനസ്വേല

ഏകദേശം 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലേക്ക് മാറ്റുന്നതിനുള്ള കരാറിലെത്താന്‍ വെനസ്വേലന്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയാകുന്നു. പരിഗണനയിലുള്ള കരാര്‍ പ്രകാരം ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് സ്വര്‍ണത്തിന്മേല്‍ നിയമപരമായ നിയന്ത്രണം ലഭിക്കും.

എങ്കിലും, ഈ ശേഖരം ഉടന്‍ വില്‍ക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടാകില്ല. പകരം, ജൂണിലുണ്ടായ വിനാശകരമായ ഇരട്ട ഭൂകമ്പത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി സര്‍ക്കാര്‍ എടുക്കുന്ന വായ്പകള്‍ക്ക് ഈ സ്വര്‍ണം ഈടായി ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടക്കാല സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ യുഎസ് പിന്തുണയോടെ നടക്കുന്ന ചര്‍ച്ചയില്‍ നിന്നുണ്ടാകുന്ന ആദ്യത്തെ ഫലങ്ങളിലൊന്നാണ് ഈ സ്വര്‍ണ കരാര്‍.

Gold Reserve

കരാര്‍ അന്തിമമായാല്‍, 2019-ല്‍ ആരംഭിച്ച ഏഴ് വര്‍ഷം നീണ്ട തര്‍ക്കത്തിന് അതോടെ വിരാമമാകും. അന്ന് നാഷണല്‍ അസംബ്ലി തലവനായിരുന്ന പ്രതിപക്ഷ നേതാവ് ജുവാന്‍ ഗൈ്വഡോയെ അമേരിക്കയും യുകെയും മറ്റ് ചില രാജ്യങ്ങളും വെനസ്വേലയുടെ നിയമാനുസൃത പ്രസിഡന്റായി അംഗീകരിച്ചതോടെയാണ് ഈ തര്‍ക്കം തുടങ്ങിയത്. അന്നുമുതല്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ നിലവറകളില്‍ വെനസ്വേലന്‍ സെന്‍ട്രല്‍ ബാങ്ക് സൂക്ഷിച്ചിരുന്ന സ്വര്‍ണക്കട്ടികളുടെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു.

ഈ നിയമതര്‍ക്കം ഒരു ഘട്ടത്തില്‍ യുകെ സുപ്രീം കോടതി വരെ എത്തിയിരുന്നു. കരാര്‍ ഇതുവരെ അന്തിമമായിട്ടില്ലെന്നും സാങ്കേതികമായ കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് കുറച്ച് സമയമെടുക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ അമേരിക്ക നടത്തിയ നടപടികള്‍ക്ക് ശേഷം വെനസ്വേലയുമായുള്ള അന്താരാഷ്ട്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ഏറ്റവും പുതിയ നീക്കമായിരിക്കും സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണത്തെക്കുറിച്ചുള്ള ഈ കരാര്‍.

നേരത്തെ വെനസ്വേലന്‍ സമ്പദ്വ്യവസ്ഥയ്ക്കെതിരായ ചില ഉപരോധങ്ങള്‍ അമേരിക്ക പിന്‍വലിച്ചിരുന്നു. ഏപ്രിലില്‍, ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎംഎഫ് വെനസ്വേലയുമായുള്ള ഔദ്യോഗിക ഇടപാടുകള്‍ പുനരാരംഭിച്ചു. ഇതോടെ കരാക്കാസിലെ സര്‍ക്കാരിന് ആ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന ഫണ്ട് ലഭ്യമാക്കാന്‍ സാധിച്ചു. ജനുവരിയില്‍ ഇടക്കാല നേതാവായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് റോഡ്രിഗസ്, സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വഴികള്‍ തേടുകയാണ്.

ഭൂകമ്പത്തിന് മുന്‍പുതന്നെ പ്രതീക്ഷിച്ചതിലും കുറഞ്ഞ വേഗതയിലായിരുന്നു ഇവിടുത്തെ സാമ്പത്തിക വളര്‍ച്ച. വെനസ്വേലയില്‍ പുതിയ തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ പിന്തുണയുള്ള ചര്‍ച്ചാ നടപടികള്‍ നടക്കുന്നത്. 2024-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍, പ്രതിപക്ഷത്തിന്റെ സ്വതന്ത്രമായ കണക്കെടുപ്പില്‍ വലിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടെന്ന് വ്യക്തമായിട്ടും മഡുറോ സ്വയം വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

നാഷണല്‍ അസംബ്ലിയുടെ നിലവിലെ തലവനായ ജോര്‍ജ്ജ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുന്നതിനായി പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘം ഈ ആഴ്ച കാരക്കാസിലുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന 31 ടണ്‍ സ്വര്‍ണം ലഭ്യമാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് സര്‍ക്കാരും പ്രതിപക്ഷവും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, പതിറ്റാണ്ടുകളായി അഴിമതിയും സാമ്പത്തിക കാര്യങ്ങളിലെ കെടുകാര്യസ്ഥതയും സോഷ്യലിസ്റ്റ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ആരോപിക്കുന്ന പ്രതിപക്ഷം, സ്വര്‍ണശേഖരം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 'സ്വര്‍ണം അമേരിക്കയിലേക്ക് പോകും, എന്നാല്‍ ഡെല്‍സിക്ക് അതില്‍ നേരിട്ട് നിയന്ത്രണം ഉണ്ടായിരിക്കില്ല,' ചര്‍ച്ചകളില്‍ പങ്കാളിയായ ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുകെയും വെനസ്വേലയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ഈ ആഴ്ച ധാരണയായ സാഹചര്യത്തിലാണ് സ്വര്‍ണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നത്. കാരക്കാസിലേക്ക് അംബാസഡറെ വീണ്ടും നിയമിക്കാന്‍ തീരുമാനിച്ച യുകെ സര്‍ക്കാര്‍, പുതിയ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. യുകെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനായി ജോര്‍ജ്ജ് റോഡ്രിഗസ് ഈ ആഴ്ച ആദ്യം ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു.

സ്വര്‍ണം അമേരിക്കയിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനത്തെയും യുകെ സര്‍ക്കാരും ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വാഗതം ചെയ്യാന്‍ സാധ്യതയുണ്ട്. കാരണം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ ഈ നിയമതര്‍ക്കത്തില്‍ പങ്കാളികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma