സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട്
അങ്കാറ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം മിക്ക രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും വില കൂടിയതാണ് വെല്ലുവിളി. കൂടുതല്‍ ഡോളര്‍ ആവശ്യമാണ് എന്ന സാഹചര്യത്തിലേക്ക് എല്ലാ രാജ്യങ്ങളും എത്തിയിരിക്കുകയാണ്. നേരത്തെ വിദേശ കരുതല്‍ ധനമായി ഡോളര്‍ സ്വരുകൂട്ടി വച്ചിരുന്ന രാജ്യങ്ങള്‍ അടുത്ത കാലത്തായി സ്വര്‍ണത്തിലേക്ക് തിരിഞ്ഞിരുന്നു.
ലോകത്തെ പല പ്രമുഖ രാജ്യങ്ങളും ഡീ ഡോളറൈസേഷന്‍ നടപ്പാക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡോളര്‍ ഒഴിവാക്കി സ്വര്‍ണം ശേഖരിക്കുക ആയിരുന്നു ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ഡോളര്‍ പൂര്‍ണമായും കൈവിടാതെ, സ്വര്‍ണ ശേഖരം കൂട്ടുകയാണ് ഇന്ത്യ ചെയ്തത്. ഇത്തരത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയത് സ്വര്‍ണവില കുതിച്ചുയരാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറുകയാണ്.

ക്രൂഡ് ഓയില്‍, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് തുര്‍ക്കി. രണ്ടിന്റെയും ഇടപാട് ഡോളറിലാണ് കാര്യമായും നടക്കുന്നത്. ചില രാജ്യങ്ങള്‍ മാത്രമാണ് പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്തുന്നത്. ഡോളറിലുള്ള ഇടപാട് വര്‍ധിച്ചതിനാല്‍ ഡോളര്‍ കൂടുതലായി ആവശ്യം വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളുടെയും കറന്‍സി മൂല്യം ഇടിഞ്ഞു.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 94 എന്ന നിരക്കിലേക്ക് കൂപ്പുകുത്തി. സമാനമായ വെല്ലുവിളി തുര്‍ക്കിയുടെ കറന്‍സിയായ ലിറയും നേരിടുന്നു. കറന്‍സി മൂല്യം കൂടുതല്‍ ഇടിയാതിരിക്കാന്‍ തുര്‍ക്കി കണ്ടെത്തിയ ഉപായം കൈവശമുള്ള സ്വര്‍ണം വിറ്റഴിക്കുക എന്നതാണ്. തുര്‍ക്കി ബ്രിട്ടനില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം വിറ്റഴിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.
സ്വര്‍ണം വില്‍ക്കുന്നത് കൈവിട്ട കളി
ലണ്ടന്‍ വിപണിയില്‍ സ്വര്‍ണം വിറ്റഴിക്കാന്‍ തുര്‍ക്കി ആലോചിക്കുന്നണ്ടത്രെ. സ്വര്‍ണം കൊടുത്ത് ഡോളര്‍, യൂറോ ഉള്‍പ്പെടെയുള്ള മൂല്യമേറിയ കറന്‍സി വാങ്ങാനാണ് ആലോചന. സ്വര്‍ണം വിറ്റഴിക്കാന്‍ തുടങ്ങുമ്പോള്‍ സ്വര്‍ണവില കുറയും. തുര്‍ക്കിയുടെ മാതൃക മറ്റു രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ സ്വര്‍ണം കൂടുതലായി വിപണിയിലെത്തും. സ്വര്‍ണവില കുറയാനും ഡോളര്‍ മൂല്യം കൂടാനും ഇത് കാരണമാകും.
മാര്‍ച്ച് ആദ്യം വരെയുള്ള കണക്കുകള്‍ പ്രകാരം തുര്‍ക്കിയുടെ കൈവശം 135 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണുള്ളത്. ഇതല്‍ 30 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ്. ഇവ വേഗത്തില്‍ ലണ്ടന്‍ വിപണിയില്‍ വിറ്റഴിക്കാന്‍ തുര്‍ക്കിക്ക് സാധിക്കുമെന്ന് ജെപി മോര്‍ഗനിലെ ഫാതിഹ് അക്ജലികിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പണപ്പെരുപ്പം കൂടുന്നു എന്നതാണ് തുര്‍ക്കി നേരിടുന്ന മറ്റൊരു വെല്ലുവിളി. 31.5 ശതമാനമാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പം. ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള അവസ്ഥായാണിത്. ഫെബ്രുവരി 28നാണ് യുദ്ധം തുടങ്ങിയത്. ഇതിന് ശേഷം ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും വില കുതിച്ചതോടെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നേക്കാം. ഈ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. സ്വര്‍ണം വിറ്റ് ലിറ കറന്‍സിയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള തുര്‍ക്കിയുടെ നീക്കം കൈവിട്ട കളിയാണ്.












Click it and Unblock the Notifications