ഇന്ത്യ വെട്ടിലാകുന്ന പ്രവചനം; അങ്ങനെ സംഭവിച്ചാല്‍ പണം വിദേശത്തേക്ക് ഒഴുകും, 110 ഡോളര്‍ എത്തും
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ അനന്തരഫലം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളര്‍ എത്തിയേക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് നിക്ഷേപ ബാങ്ക് പുതിയ പ്രവചനം നടത്തിയത്.
കഴിഞ്ഞ മാസം വരെ ക്രൂഡ് ഓയില്‍ വില 60 ഡോളറിലായിരുന്നു. ഇത് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസവുമായി. വൈകാതെ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്നായിരുന്നു അന്നത്തെ പ്രചാരണം. വിലയില്‍ സ്ഥിരത കൈവരിച്ചാല്‍ കുറയ്ക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍ പൊടുന്നനെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇസ്രായേല്‍ അപ്രതീക്ഷിതമായി ഇറാനെ ആക്രമിക്കുകയായിരുന്നു. അമേരിക്ക ഇറാനുമായി ആണവ കരാറിലെത്തുന്നത് തടയുക, ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയുക, ഇറാന് പശ്ചിമേഷ്യയില്‍ മേധാവിത്വം ലഭിക്കുന്നത് തടയുക എന്നിവയായിരുന്നുവത്രെ ഇസ്രായേലിന്റെ ലക്ഷ്യം.
യുദ്ധം തുടങ്ങിയതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ച വഴിമുട്ടി. യുദ്ധം നടക്കുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും അമേരിക്ക അറിയാതെ ഇസ്രായേല്‍ ആക്രമിക്കില്ലെന്നുമാണ് ഇറാന്‍ ഒടുവില്‍ പ്രതികരിച്ചത്. ഫലത്തില്‍ ചര്‍ച്ച നിലച്ചതോടെ ഇസ്രായേല്‍ ലക്ഷ്യം കണ്ടു. എന്നാല്‍ മറുഭാഗത്ത് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ആഗോള സമൂഹം നേരിടാന്‍ പോകുന്നത്.
ഇന്ത്യ ഭയക്കുന്ന കാര്യം ഇതാണ്
ഇറാനെതിരെ അമേരിക്ക കൂടി ആക്രമണം നടത്തിയതോടെ കടുത്ത നീക്കം ഇറാന്‍ നടത്തുമെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ പ്രധാന ചരക്കുപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമെന്നും ബാരലിന് 110 ഡോളര്‍ വരെ എത്തുമെന്നുമാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത്.
നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 78 ഡോളറാണ് വില. ഹോര്‍മുസ് വഴി ചരക്കുകൊണ്ടുപോകാന്‍ പല കപ്പല്‍ കമ്പനികളും മടിക്കുന്നുണ്ട്. ആക്രമണമുണ്ടായാല്‍ നഷ്ടം നേരിടുമെന്ന് ഭയന്നാണിത്. മാസത്തില്‍ എണ്ണയുടെ കടത്ത് പകുതിയായി കുറഞ്ഞാല്‍ തന്നെ വിലയില്‍ വലിയ വര്‍ധനവ് വരുമെന്നാണ് ഗോള്‍ഡ്മാര്‍ സാക്‌സ് പറയുന്നത്. അടുത്ത 11 മാസത്തേക്ക് പത്ത് ശതമാനം എണ്ണ ചരക്ക് കുറഞ്ഞാലും വിപണിയില്‍ വലിയ പ്രതിഫലനമുണ്ടാകും.
ഹോര്‍മുസ് കടലിടുക്ക് വഴി പ്രധാനമായും പശ്ചിമേഷ്യയില്‍ നിന്നുള്ള ചരക്കുകളാണ് വരുന്നത്. വഴി തടയരുത് എന്ന് എല്ലാ ജിസിസി രാജ്യങ്ങളും ഇറാനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇസ്രായേലിനെ തടയണം എന്ന് യുഎന്നിനോടും അമേരിക്കയോടും അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും ഇസ്രായേലും ഇറാനും പരസ്പരം ആക്രമണം നടത്തി.
പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ മാത്രമല്ല ഇന്ത്യ വാങ്ങുന്നത് എന്നതാണ് താല്‍ക്കാലിക ആശ്വാസം. എങ്കിലും റഷ്യ, അമേരിക്ക, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയ്ക്ക് ചെലവ് വലുതാണ്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യന്‍ എണ്ണയുടെ വരവ് കുറയുന്നത് ഇന്ത്യയ്ക്ക് അധിക ബാധ്യതയുണ്ടാക്കും. എണ്ണവില കൂടാന്‍ തുടങ്ങിയാല്‍ ഇന്ത്യ കൂടുതല്‍ പണം നല്‍കി എണ്ണ വാങ്ങേണ്ട അവസ്ഥ വരും. അത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും. മാത്രമല്ല പണപ്പെരുപ്പത്തിന് ഇടയാക്കുകയും ചെയ്യും.












Click it and Unblock the Notifications