Qatar News: ഇസ്രായേലില്‍ നിന്ന് ഖത്തറിലേക്ക് വിമാനം; ഇതാദ്യം!! പലസ്തീന്‍കാര്‍ക്കും ആഹ്ലാദം, പുതിയ കരാര്‍
ദോഹ: ഇസ്രായേലിനെ ഇതുവരെ ഖത്തര്‍ അംഗീകരിച്ചിട്ടില്ല. ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനും ഖത്തര്‍ തയ്യാറായിട്ടില്ല. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച വേളയില്‍ ഉയര്‍ന്ന ചോദ്യം, സൗദിയും ഖത്തറും എന്ത് നിലപാടെടുക്കും എന്നതായിരുന്നു. എന്നാല്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും ഇസ്രായേലിനെ അകറ്റി നിര്‍ത്തുമെന്നും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമാണ് തങ്ങളുടെ ആവശ്യമെന്നും ഖത്തര്‍ വ്യക്തമാക്കി.
സൗദിക്കും മറിച്ചൊരു നിലപാടുണ്ടായിരുന്നില്ല. നയതന്ത്ര ബന്ധമില്ലാത്തതു കൊണ്ടുതന്നെ ഖത്തറിനും ഇസ്രായേലുമിടയില്‍ വിമാന സര്‍വീസില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഇസ്രായേലില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറക്കാന്‍ തീരുമാനമായി. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇസ്രായേലിനും ഖത്തറിനുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഇസ്രായേലുകാര്‍ക്ക് മാത്രമല്ല, പലസ്തീന്‍കാര്‍ക്കും ഈ വിമാനങ്ങളില്‍ ദോഹയിലെത്താന്‍ സാധിക്കും. ഫിഫ നടത്തിയ സമവായ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ലോകകപ്പ് മല്‍സരം കാണാനുള്ള ടിക്കറ്റ് കൈവശമുള്ളവര്‍ക്കും ഖത്തറിന്റെ ഹയ്യ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കും ഇസ്രായേലില്‍ നിന്ന് ഖത്തറിലേക്ക് വിമാനം കയറാം. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ദോഹയിലേക്കുള്ള വിമാനം. ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യവും ഒരുക്കും.

പലസ്തീന്‍കാര്‍ക്കും പുതിയ കരാറിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ഇസ്രായേല്‍ പിടിച്ചടക്കിയ വെസ്റ്റ് ബാങ്കിലുള്ള പലസ്തീന്‍കാര്‍ക്കും ഗാസയിലെ പലസ്തീന്‍കാര്‍ക്കും ഇസ്രായേലിലെ വിമാനത്താവളത്തില്‍ നിന്ന് ഖത്തറിലേക്ക് വിമാനം കയറാം. പലസ്തീനില്‍ അന്താരാഷ്ട്ര വിമാനത്താവളമില്ലാത്തതിനാലാണിത്. ഇസ്രായേല്‍-പലസ്തീന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരുമിച്ച് ദോഹയിലേക്ക് യാത്ര ചെയ്യാമെന്ന സന്തോഷ വാര്‍ത്ത ഫിഫയും പങ്കുവച്ചു.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ യാഥാര്‍ഥ്യമായതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യെര്‍ ലാപിഡ് പറഞ്ഞു. ഇസ്രായേല്‍ കോണ്‍സുലര്‍ ഓഫീസ് ഖത്തറില്‍ തുറക്കും. ടെല്‍ അവീവില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും ഖത്തറിലെത്തിയാല്‍ ഈ ഓഫീസ് ചെയ്യും. ഇസ്രായേലി പൗരന്മാര്‍ക്ക് എല്ലാ സൗകര്യവും ഖത്തറില്‍ ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തറുമായി ബന്ധം മെച്ചപ്പെടുന്നത് സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി കഴിഞ്ഞ ജൂണില്‍ സൂചിപ്പിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാന്‍ ഇസ്രായേലിലെ ആരാധകര്‍ക്കും അവസരം ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നുണ്ടെങ്കിലും ഇസ്രായേലിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ഖത്തര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫിഫയുമായുള്ള ധാരണയുടെ പുറത്താണ് പുതിയ തീരുമാനങ്ങള്‍. ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പശ്ചാത്തലത്തില്‍ എടുക്കുന്ന തീരുമാനം രാഷ്ട്രീയവല്‍ക്കരിക്കരുത്. പലസ്തീന്‍കാര്‍ക്കും ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ഈ കരാറിലൂടെ സൗകര്യം ഒരുങ്ങിയിട്ടുണ്ട്. ഫുട്‌ബോള്‍ മാമാങ്കം എല്ലാ അറബ് ലോകവും ആഘോഷമാക്കണമെന്നും ഖത്തര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇസ്രായേല്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് നിലവില്‍ ഖത്തറില്‍ വരാന്‍ നിയന്ത്രണമുണ്ട്. കായിക ആവശ്യങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മാത്രമാണ് ഇളവുള്ളത്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസ് ഉണ്ടായിരുന്നില്ല. പുതിയ കരാര്‍ യാഥാര്‍ഥ്യമായതോടെ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ജോര്‍ദാന്‍ വിമാനം സര്‍വീസ് നടത്തിയേക്കും. 8000 പലസ്തീന്‍കാരും 3900 ഇസ്രായേല്‍കാരും ഇതുവരെ ഖത്തറിന്റെ ഹയ്യ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications