Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും ഇറാനും വഴിയൊരുക്കി; റഷ്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിന്‍... അപൂര്‍വം

റിയാദ്/ടെഹ്‌റാന്‍: റഷ്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിനില്‍ ചരക്ക് എത്തുക. സമീപ കാലം വരെ ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു ഇത്. എന്നാല്‍ അതു സംഭവിച്ചിരിക്കുന്നു. ഇറാന്‍ വഴിയാണ് ട്രെയിനില്‍ ചരക്ക് വന്നത്. ഇതിന് വഴി വെട്ടിയ പ്രധാന രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ട് എന്നതാണ് എടുത്തുപറയേണ്ടത്. മേഖലയിലെ വ്യാപാര പാത എളുപ്പമാകുകയാണ്.

റഷ്യയില്‍ നിന്ന് സൗദിയിലേക്കുള്ള ചരക്കുകളുമായി ട്രെയിന്‍ ആദ്യമായിട്ടാണ് ഇറാനിലെത്തുന്നത്. റഷ്യയിലെ ഷെല്‍യാബിന്‍സ്‌ക് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ കസാകിസ്ഥാനും തുര്‍ക്ക്‌മെനിസ്ഥാനും കടന്നാണ് ഇറാനിലെത്തിയത്. 36 കണ്ടെയ്‌നറുകളിലാണ് ചരക്കുള്ളത്. ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്തെത്തിയ ചരക്കുകള്‍ ഇവിടെ നിന്ന് കപ്പല്‍ വഴി സൗദിയിലേക്ക് അയക്കും.

saudi-iran-train

അന്താരാഷ്ട്ര നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ (ഐഎന്‍എസ്ടിസി) എന്ന ചരക്ക് ഇടനാഴിയാണ് റഷ്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ചരക്കു നീക്കം എളുപ്പമാക്കിയിരിക്കുന്നത്. നിലവിലുള്ള പാതകള്‍ക്ക് പകരം ഈ വഴി ഉപയോഗിക്കുന്നതോടെ ഏറെ ദിവസം മുന്നേ ചരക്കുകള്‍ സൗദിയിലെത്താന്‍ വഴിയൊരുക്കും. മാത്രമല്ല, ഇറാന്‍ നികുതി ഇളവ് നല്‍കിയതിനാല്‍ സാമ്പത്തിക ലാഭവും കിട്ടും.

ഐഎന്‍എസ്ടിസി ഇടനാഴിയുടെ നിര്‍മാണം പല രാജ്യങ്ങളിലും അന്തിമഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയായാല്‍ ഇതുവഴി 25000 കോടി ഡോളറിന്റെ ചരക്കുകള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും. ഇന്ത്യ, ചൈന, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ യൂറോപ്പിലേക്ക് എത്താനുള്ള വഴി കൂടിയാണിത്.

ഇന്ത്യ, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ഈ ചരക്കുപാതയുടെ സ്ഥാപക അംഗങ്ങള്‍. ഇറാനിലെ ചാബഹാര്‍ തുറമുഖം ഇന്ത്യ നവീകരിക്കുന്നത് ഈ പാതയുടെ ഭാഗമായിട്ടാണ്. കഴിഞ്ഞ മാസം മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ യോഗം ചേര്‍ന്നിരുന്നു. നിര്‍മാണ പുരോഗതി വിലയിരുത്തിയ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് വിക്രം മിസ്രിയാണ് പങ്കെടുത്തത്.

2000ത്തിലാണ് ഐഎന്‍എസ്ടിസി ചരക്ക് പാതയുടെ നിര്‍മാണ നടപടികള്‍ക്ക് തുടക്കമിട്ടത്. 7200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പാത. റെയില്‍, റോഡ്, കപ്പല്‍ പാതകള്‍ ഇതില്‍പ്പെടും. ഇന്ത്യ, ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യാപാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചരക്കുപാത നിര്‍മിക്കുന്നത്.

ഇറാനിലെ ചാബഹാര്‍ തുറമുഖം ഇതിന്റെ തന്ത്രപ്രധാന മേഖലയാണ്. ചരക്കുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും അയക്കാന്‍ ഈ തുറമുഖത്ത് നിന്ന് സാധിക്കും. ഇറാന്‍, റഷ്യ, കാസ്പിയര്‍ കടല്‍-പേര്‍ഷ്യന്‍ കടല്‍ എന്നിവയോട് ചേര്‍ന്നുള്ള രാജ്യങ്ങളിലെയും വ്യാപാര രംഗം സമ്പന്നമാക്കുന്നതാണ് പുതിയ പാത. റഷ്യയില്‍ നിന്ന് സൗദിയിലേക്ക് ഇറാനിലൂടെ ആദ്യമായി ചരക്ക് വന്നതോടെയാണ് ഈ പാത സംബന്ധിച്ച വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+