'അശ്ലീലമായ പ്രവൃത്തി'; കോളജുകളില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നത് വിലക്കി ഈ പ്രദേശം
ഇസ്ലാമാബാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നത് വിലക്കി പാകിസ്ഥാനിലെ പഞ്ചാബ് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സയ്യിദ് അന്‍സാര്‍ അസ്ഹറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് യുവാക്കള്‍ക്ക് ഇടയില്‍ വലിയ ജനപ്രീതിയാണുള്ളത്. പഞ്ചാബിലെ സര്‍ക്കാര്‍ - സ്വകാര്യ കോളജുകള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 'അധാര്‍മ്മികവും അശ്ലീലവുമായ' പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
നിര്‍ദേശം ലംഘിക്കുന്ന കോളജുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു. കോളജുകളില്‍ നടന്ന വിനോദ പരിപാടികളുടെയും സ്പോര്‍ട്സ് ഡേകളുടെയും ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നത് അടുത്തിടെ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന പവിത്രമായ സ്ഥലങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഇനി നടക്കാന്‍ പാടില്ല. പഞ്ചാബ് പ്രവിശ്യയിലെ മുഴുവന്‍ സ്വകാര്യ - സര്‍ക്കാര്‍ കോളജുകളും ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നിരോധനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, കോളജുകളിലെ ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നും കര്‍ശനമായ അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്. ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിന്‍സിപ്പാള്‍, ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ കൃത്യമായി നിരീക്ഷിക്കണം. ഉത്തരവ് ലംഘിക്കപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഇവര്‍ക്ക് മൂന്നു പേര്‍ക്കും ആയിരിക്കും. ഉത്തരവ് ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം എന്നും നിര്‍ദേശമുണ്ട്.
വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും ധാര്‍മ്മികതയും ഉറപ്പാക്കേണ്ടത് കോളജ് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. പാകിസ്ഥാനിലെ തിയേറ്ററുകളുടെ വരുമാനത്തിന്റെ എഴുപത് ശതമാനവും ബോളിവുഡ്, ഹോളിവുഡ് സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്നാണ് ലഭിക്കുന്നത്. പാകിസ്ഥാനില്‍ പ്രതിവര്‍ഷം നൂറുകണക്കിന് ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രായഭേദമന്യേ ഇന്ത്യന്‍ സിനിമകളിലെ പാട്ടുകള്‍ക്കും നൃത്തങ്ങള്‍ക്കും അവിടെ വലിയ ആരാധകരുണ്ട്. അതേസമയം, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ച ചരിത്രവും പാകിസ്ഥാന്‍ സര്‍ക്കാരിനുണ്ട്.












Click it and Unblock the Notifications