പ്രകൃതിയ്ക്കും ജീവനും കരുതൽ; പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് അബുദാബിയിൽ നിരോധനം
അബുദാബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് അബുദാബിയിൽ നിരോധനം ഏർപ്പെടുത്തുന്നു. ജൂൺ മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക്കിൽ നിർമ്മിക്കുന്ന സഞ്ചി, ഗ്ലാസ്, പ്ലേറ്റ്, മൂടി, സ്പൂൺ, കത്തി, ഫോർക് എന്നിങ്ങനെ ഉളളവയുടെ ഉപയോഗം കുറയ്ക്കും. പകരം പുനരുപയോഗ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതിനാണ് അബുദാബി ലക്ഷ്യം ഇടുന്നത്.
നിരോധം ഏർപ്പെടുത്തുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സാധിക്കും. അബുദാബിയിലെ പരിസ്ഥിതി ഏജൻസി (ഇ എ ഡി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരോധനം കൊണ്ടു വരുന്നതിലൂടെ 2024 - ൽ ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ എന്നിവ നിർത്തലാക്കാൻ കഴിയും.

മികച്ച ആരോഗ്യവും അന്തരീക്ഷവും സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. ഇതിനെ പുറമെ മലിനീകരണം കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക എന്നതും ലക്ഷ്യം ഇടുകയാണ്. ഇതിന് വേണ്ടി ആണ് സമഗ്ര പരിസ്ഥിതി നയം പൂർണ്ണമായും വികസിപ്പിച്ചതെന്ന് ഇ എ ഡി വ്യക്തമാക്കി.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ പ്രകൃതിക്ക് ഏറെ ദോഷങ്ങൾ ഉണ്ടാകുകയാണ്. ഇത്തരം ദോഷങ്ങൾ പ്രകൃതിയെ മാത്രമല്ല ബാധിക്കുന്നത് മനുഷ്യനെയും സാരമായ രീതിയിൽ തന്നെ ബാധിക്കുന്നു.
ഇത്തരം കാര്യങ്ങൾ പൊതു ജനത്തെ ബോധ്യപ്പെടുത്തുന്നതിനായി ജനങ്ങൾക്ക് വേണ്ടി ബോധവൽക്കരണ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും ഇ എ ഡി വ്യക്തമാക്കി.
വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ എത്തിച്ചേരുകയാണ് ചെയ്യുന്നത്. സമുദ്ര ആവാസ വ്യവസ്ഥയെ ഇത് നശിപ്പിക്കും. റസ്റ്റോറൻറുകളിലും ഹോട്ടലുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിലവിൽ പതിയെ പതിയെ കുറച്ചു വരികയാണ്. ഇതിന് പകരം ഒന്നിലധികം തവണ ഉപയോഗിക്കാൻ സാധിക്കുന്ന ഷോപ്പിംഗ് ബാഗുകൾ പ്രോത്സാഹിപ്പിക്കുന്നു. സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഇത്തരം ഷോപ്പിംഗ് ബാഗുകൾ എത്തിയിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ തന്നെ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നിരോധിക്കാനാണ് അബുദാബി ലക്ഷ്യമിടുന്നതെന്നും ഇ എ ഡി വ്യക്തമാക്കി.
അതേസമയം, ജൂലൈ 1 മുതൽ ഒറ്റ തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കാൻ ദുബായ്. ഇക്കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ 90 ലധികം രാജ്യങ്ങളിൽ ഒറ്റ തവണ ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം നിലനിൽക്കുന്നു. 30 ലധികം രാജ്യങ്ങളിൽ അവയുടെ ഉപയോഗത്തിന് നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications