ട്രംപിന്റെ വസതിയിൽ വെടിവയ്പ്; തോക്കുമായെത്തിയ അക്രമിയെ വധിച്ച് സുരക്ഷ സേന
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ വെടിവെയ്പ്പ്. മാർ-എ-ലാഗോ എസ്റ്റേറ്റിൽ അതിക്രമിച്ചു കടന്ന അക്രമിയെ യുഎസ് സീക്രട്ട് സർവീസ് ഏജൻസി വധിച്ചു. ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം. വെടിവെയ്പ്പ് നടക്കുമ്പോൾ ട്രംപ് വീട്ടിൽ ഉണ്ടായിരുന്നില്ല. ട്രംപും ഭാര്യ മെലാനിയയും ഈ സമയം വാഷിങ്ടണിൽ വൈറ്റ്ഹൗസിലായിരുന്നു.
20 വയസിനോട് അടുത്ത പ്രായമുള്ളയാളാണ് അക്രമി. തോക്കും ഇന്ധന കാനും അക്രമിയുടെ കൈവശമുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാർ-എ-ലാഗോയുടെ വടക്കേ ഗേറ്റിൽ തോക്കും ഇന്ധന കാനുമായിട്ടാണ് ഇയാളെ കണ്ടതെന്നും അടുത്ത ബന്ധുക്കളെ അറിയിക്കുന്നത് വരെ വ്യക്തിയുടെ പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് സീക്രട്ട് സർവ്വീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വെടിവെയ്പ്പിൽ എഫ്ബിഐ, യുഎസ് സീക്രട്ട് സർവീസ്, പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായി അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

അതേസമയം ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സൻ്റ് പറഞ്ഞു. 'താൻ പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു. അദ്ദേഹവും കുടുംബവും നിലവിൽ സുരക്ഷിതരാണ്. അവർക്ക് വീണ്ടും വീണ്ടും ഇത്തരം ശ്രമങ്ങൾ സഹിക്കേണ്ടി വരരുത്" അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റിന് ചുറ്റുമുള്ള സുരക്ഷാ വലയം മുമ്പത്തേക്കാൾ ശക്തമാണെന്നും ബെസ്സന്റ് വിശദീകരിച്ചു. 2024-ൽ പെൻസിൽവാനിയയിലെ ബട്ട്ലറിൽ നടന്ന വധശ്രമത്തെ അപേക്ഷിച്ച് സീക്രട്ട് സർവീസ് ഇപ്പോൾ കൂടുതൽ കാര്യക്ഷമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം രാഷ്ട്രീയ അതിക്രമങ്ങൾക്ക് പിന്നിൽ ഇടതുപക്ഷമാണെന്നും ബെസ്സന്റ് കുറ്റപ്പെടുത്തി.
"ഈ നിലനിൽപ്പിനുള്ള ഭീഷണി, ഇടതുപക്ഷത്തിൽ നിന്നുള്ള ഈ വിഷം ശരിക്കും നിർത്തണം. അവർ ഈ അക്രമത്തെ സാധാരണവൽക്കരിച്ചിരിക്കുന്നു',ബെസ്സന്റ് പറഞ്ഞു. അതേസമയം അക്രമിയുടെ യഥാർത്ഥ്യ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തേ ട്രംപിനെതിരെ നേരത്തേയും വധശ്രമങ്ങൾ നടന്നിരുന്നു. 2024 ലായിരുന്നു ആദ്യ സംഭവം. അന്ന് രക്ഷപ്പെടാൻ ശ്രമിച്ച റയാൻ റൂത്ത് എന്നയാളെ സീക്രട്ട് സർവ്വീസ് ഉടൻ പിടികൂടി. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റൂത്തിനെ 2026 ഫെബ്രുവരിയിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
2024 ജൂലൈയിൽ, പെൻസിൽവാനിയയിലെ ബട്ട്ലറിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോഴും ട്രംപിന് നേരെ ആക്രമണമുണ്ടായി. 20 വയസ്സുകാരനായ തോമസ് മാത്യു ക്രൂക്ക്സ് എന്നയാളാണ് വെടിയുതിർത്തതിന്. ട്രംപിന്റെ ചെവിയ്ക്കാണ് വെടിയേറ്റത്. അന്ന് സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications