എച്ച്-1ബി വിസ ഫീസ് വര്‍ധന: യുഎസ് കമ്പനികള്‍ മാറിച്ചിന്തിക്കും: ഇന്ത്യ നേട്ടമുണ്ടാക്കുന്നത് ഈ മേഖലയില്‍
വിദേശ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം എച്ച് വണ്‍ ബി വിസയില്‍ ഫീസ് വര്‍ധന ഏര്‍പ്പെടുത്തിയതോടെ അമേരിക്കന്‍ കമ്പനികള്‍ മാറി ചിന്തിക്കുന്നു. ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ യുഎസിലേക്കു കൊണ്ടുപോകുന്നതിന് പകരം നിര്‍ണായക ജോലികള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതിനെ കുറിച്ചാണ് യുഎസ് കമ്പനികള്‍ ചിന്തിക്കുന്നത്.
അമേരിക്കയില്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തതോടെ കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. ഈ മാസം പുതിയ എച്ച്-1ബി വിസ അപേക്ഷകളുടെ ഫീസ് 100,000 ഡോളറായി കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇത് വിദേശ രാജ്യങ്ങളില്‍ നിന്ന് വിദഗ്ദ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസ് സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരം വരുത്തും. ഐടി മേഖലകളില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രൊഫഷണലുകളെ വ്യാപകമായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത് സാമ്പത്തികമായി ലാഭകരമാകില്ല എന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ കമ്പനികളുടെ ഈ നീക്കം ഗുണകരമാകുന്നത് ഇന്ത്യക്കാണ്. ധനകാര്യം മുതല്‍ ഗവേഷണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ആഗോള നൈപുണ്യ
കേന്ദ്രങ്ങളുടെ (ജിസിസികള്‍) വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധരും വ്യവസായ മേഖലയില്‍ ഉള്ളവരും വിലയിരുത്തുന്നു.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ 1700 ജിസിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ആഡംബര കാറുകളുടെ ഡാഷ്‌ബോര്‍ഡിന്റെ രൂപകല്‍പന മുതല്‍ മയക്കുമരുന്ന് കണ്ടെത്തുന്ന സാങ്കേതികവിദ്യകള്‍ വരെ വികസിപ്പിച്ചെടുക്കുന്നു. ലക്ഷക്കണക്കിന് പ്രൊഫഷണലുകള്‍ക്കാണ് ജിസിസികള്‍ തൊഴില്‍ നല്‍കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉല്‍പ്പന്ന വികസനം, സൈബര്‍ സുരക്ഷ, എന്നിവയുമായി ബന്ധപ്പെട്ട ഉയര്‍ന്ന നിലവാരമുള്ള ജോലികള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെ ജിസിസികളിലേക്ക് മാറ്റുമെന്നാണ് വ്യവസായ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് എന്നിവയുള്‍പ്പെടെയുള്ള ടെക് കമ്പനികളും വാള്‍സ്ട്രീറ്റിലെ ജെപി മോര്‍ഗന്‍ ചേസ് ബാങ്ക്, റീട്ടെയിലര്‍ വാള്‍മാര്‍ട്ട് എന്നിവയും ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ അമേരിക്കയിലേക്കു കൊണ്ടുപോകുന്ന മുന്‍നിര സ്‌പോണ്‍സര്‍മാരാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ജിസിസികളിലേക്ക് മാറ്റിയാല്‍ അത് രാജ്യത്തിനും നേട്ടമുണ്ടാകും.












Click it and Unblock the Notifications