എച്ച്-1ബി വിസ; ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന 10 യുഎസ് ടെക് കമ്പനികള്‍ ഇവയാണ്
എച്ച്-1ബി വിസയ്ക്കു മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഇരുട്ടടിയിലൂടെ പ്രതിസന്ധിയിലായത് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളാണ്. കരിയറില്‍ മികച്ച ഭാവിയും ഉന്നത ജീവിത നിലവാരവും സ്വപ്നം കണ്ടാണ് പലരും എച്ച്-1ബി വിസയില്‍ അമേരിക്കയില്‍ എത്തുന്നത്. എന്നാല്‍ സ്വന്തം നാട്ടിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കിയിട്ട് മതി ഇനി പുറത്തുള്ളവര്‍ എന്നാണ് ട്രംപിന്റെ നിലപാട്. ട്രംപിന്റെ ഈ നയം നിരവധി ഇന്ത്യന്‍ ടെക്കികളുടെ സ്വപ്നങ്ങള്‍ക്ക് മേലാണ് കരിനിഴല്‍ വീഴ്ത്തിയത്.
എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ഫീസ് ഏര്‍പ്പെടുത്തി കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. പുതിയ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പുതിയ നയത്തിലൂടെ കുറഞ്ഞ ചെലവില്‍ അതി വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്ക് എടുക്കാനുള്ള അവസരമാണ് അമേരിക്കയിലെ മുന്‍നിര ടെക് കമ്പനികള്‍ക്ക് നഷ്ടമാകുന്നത്. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം എല്ലാം ട്രംപ് ഭരണകൂടം അവഗണിക്കുകയാണ്. യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്നതു മാത്രമാണ് ട്രംപിന്റെ ലക്ഷ്യം.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും എന്ന് ഉറപ്പാണ്. എച്ച്-1ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. രണ്ടാമത് ചൈനക്കാരും. എന്നാല്‍ ഇന്ത്യക്കാരെ അപേക്ഷിച്ച് ചൈനീസ് പ്രൊഫഷണലുകള്‍ വളരെ കുറവാണ്. അതിനാല്‍ തന്നെ ഈ ഉത്തരവു മൂലം തിരിച്ചടി നേരിടുന്നതും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായിരിക്കും.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഏതൊക്കെ യുഎസ് കമ്പനികളാണ് വിദേശ ജീവനക്കാരെ എച്ച്-1ബി വിസകള്‍ നല്‍കി നിയമിക്കുന്നതെന്ന് നോക്കാം. ഫെഡറല്‍ ഡേറ്റാ പ്രകാരം ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 10 കമ്പനികളുടെ പട്ടിക ഇതാ:
ആമസോണ്‍.കോം സര്‍വീസസ് - 10,044 എച്ച്1-ബി വിസ
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് - 5,505
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍- 5,189
മെറ്റാ പ്ലാറ്റ്ഫോമുകള്‍- 5123
ആപ്പിള്‍ - 4,202
ഗൂഗിള്‍ - 4,181
കോഗ്‌നിസാന്റ് ടെക്‌നോളജി സൊല്യൂഷന്‍ - 2,493
ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി - 2,440
വാള്‍മാര്‍ട്ട് അസോസിയേറ്റ്‌സ് - 2,390
ഡെലോയിറ്റ് കണ്‍സള്‍ട്ടിങ് - 2353












Click it and Unblock the Notifications