പണി കിട്ടുന്നത് ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും; എച്ച്-1ബി വിസയില്‍ ഇന്ത്യക്കാരുടെ ശമ്പളം ഇങ്ങനെ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഓരോ ദിവസവും ഇടിത്തീയായി ഇന്ത്യന്‍ ടെക്കികളുടെ മേല്‍ പതിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലയില്‍ അമേരിക്ക സ്വപ്‌നം കാണുന്ന ഇന്ത്യന്‍ ചെറുപ്പക്കാരോട് ഇനി അമേരിക്ക സ്വപ്‌നം കാണേണ്ടതില്ലെന്ന സന്ദേശമാണ് ട്രംപ് നല്‍കുന്നത്. എച്ച്-1ബി വിസകള്‍ക്കുള്ള വാര്‍ഷിക ഫീസ് 100,000 ഡോളറായി (ഇന്ത്യന്‍ രൂപയില്‍ 88 ലക്ഷത്തോളം വരുമിത്) ഉയര്‍ത്തിയ നടപടി വലിയ ആശങ്കയോടെയാണ് ഇന്ത്യക്കാര്‍ കാണുന്നത്.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്‍പ്പെടെ വിദഗ്ധരായ ഐടി തൊഴിലാളികളെ നിയമിക്കുന്ന അമേരിക്കന്‍ ടെക് കമ്പനികള്‍ക്കും തിരിച്ചടിയാണ് പുതിയ നയം. ഇതുപ്രകാരം ഓരോ എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷ പ്രോസസ് ചെയ്യുന്നതിനും കമ്പനികള്‍ പ്രതിവര്‍ഷം 100,000 ഡോളര്‍ മുടക്കേണ്ടി വരുമെന്നാണ് ട്രംപ് ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്. പുതിയ അപേക്ഷകള്‍ക്കാണ് ഇത് പ്രധാനമായും ബാധകമാകുന്നത്.

തൊഴിലുടമകളായ കമ്പനികള്‍ എച്ച്-1ബി വിസ അപേക്ഷകള്‍ക്കുള്ള പണമടച്ചതിന്റെ തെളിവ് സൂക്ഷിക്കണം. വിസ അപേക്ഷ പ്രോസസ് ചെയ്യുമ്പോള്‍ പണമടച്ചിട്ടുണ്ടോ എന്ന് സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിക്കും. പേയ്മെന്റിന്റെ തെളിവ് നഷ്ടപ്പെട്ടാല്‍ വിസ അപേക്ഷ നിരസിക്കാനുള്ള അധികാരം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിനുമുണ്ട്.
പുതിയ ഫീസ് വര്‍ധന പ്രധാനമായും ബാധിക്കുന്നത് ഇന്ത്യന്‍ തൊഴിലാളികളെയാണ്. രണ്ടാമത് ചൈനക്കാരെയും. യുഎസിലെ മിക്ക ഇന്ത്യന്‍ തൊഴിലുടമകളും സ്‌റ്റെം മേഖലകളിലാണ് ജോലി ചെയ്യുന്നത്. അതായത് സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, ഗണിത മേഖലകളില്‍. എച്ച്-1ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. തൊട്ടുപിന്നില്‍ ചൈനയും.
അടുത്ത കാലത്തായി എച്ച്-1ബി വിസ സ്വന്തമാക്കിയവരില്‍ 71 ശതമാനം ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ നിന്നുള്ള ചെറുപ്പക്കാരില്‍ രണ്ട് പ്രധാന വിഭാഗങ്ങള്‍ക്കാണ് പ്രധാനമായും എച്ച്-1ബി വിസ ലഭിക്കുന്നത്. യുഎസിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളാണ് ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗം യുഎസ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ സ്വന്തമാക്കിയ ശേഷം അവിടെ തന്നെ താമസിക്കാനും ജോലി ചെയ്യാനുമായി എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.
എച്ച്-1ബി വിസ ലഭിക്കുന്ന 65 ശതമാനം ഇന്ത്യക്കാരും ജോലി ചെയ്യുന്നത് കമ്പ്യൂട്ടര്‍ സംബന്ധമായ സാങ്കേതിക മേഖലയിലാണ്. ഇവരുടെ ശരാശരി ശമ്പളം പ്രതിവര്‍ഷം ഏകദേശം 118,000 ഡോളറാണ്. ഇതിനു പുറമേയാണ് 100,000 ഡോളര്‍ ഫീസും കമ്പനികള്‍ക്ക് മുടക്കേണ്ടി വരിക. യുഎസില്‍ നിന്നുള്ള ജീവനക്കാരേക്കാള്‍ കുറഞ്ഞ തുകയാണ് ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത്. പുതിയ ഫീസ് വര്‍ധന ശമ്പളത്തിലും പ്രതിഫലിക്കും. അമേരിക്കയിലെ ഉയര്‍ന്ന ജീവിതച്ചെലവ് ഇന്ത്യന്‍ പ്രൊഫഷണലുകളുടെ അതിജീവനവും ബുദ്ധിമുട്ടിലാക്കും.
പുതിയ നയം യുഎസ് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള പ്രതിഭകളെ കൂടുതലായി ആശ്രയിക്കുന്ന യുഎസ് കമ്പനികള്‍ക്ക് തിരിച്ചടിയാണ് ട്രംപിന്റെ നയങ്ങള്‍.












Click it and Unblock the Notifications