മനുഷ്യനിൽ പക്ഷി പനി; ചൈനയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു...രോഗം നാല് വയസുകാരന്
ബീജിംഗ്; കൊവിഡ് ഭീഷണിക്കിടെ ചൈനയിൽ മനുഷ്യരിൽ പക്ഷി പനി റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് എച്ച്3എന്‍8 (H3N8) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ രോഗം ആളുകൾക്കിടയിൽ വ്യാപകമായി പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

സെൻട്രൽ ഹെനാൻ പ്രവിശ്യയിൽ താമസിക്കുന്ന നാല് വയസ്സുള്ള ആൺകുട്ടിയിലാണ് രോഗം കണ്ടെത്തിയത്. പനിയും മറ്റ് ലക്ഷണങ്ങളുമായിട്ടായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു.
കുട്ടിയുടെ കുടുംബം വീട്ടിൽ കോഴികളെ വളർത്തിയിരുന്നതായും കാട്ടു താറാവുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് താമസിച്ചിരുന്നതെന്നും എൻഎച്ച്സി പ്രസ്താവനയിൽ പറഞ്ഞു. കുട്ടിക്ക് പക്ഷിയിൽ നിന്നും നേരിട്ടാണ് രോഗം ബാധിച്ചത്. കുട്ടിയിൽ കണ്ടെത്തിയ വകഭേദം മനുഷ്യരിലേക്ക് എളുപ്പം പകരില്ലെന്നും ആരോഗ്യ കമ്മീഷൻ അറിയിച്ചു. കുടുംബാംഗങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളിൽ നിന്ന് അകന്നുനിൽക്കാനും പനിയോ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വടക്കേ അമേരിക്കയിൽ ആയിരുന്നു ആദ്യമായി പക്ഷിപനി സ്ഥിരീകരിച്ചത്. ശേഷം 2002 മുതൽ H3N8 പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. കുതിരകൾ, നായ്ക്കൾ എന്നിവയ്ക്കെല്ലാം പക്ഷി പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മുമ്പ് മനുഷ്യരിൽ കണ്ടെത്തിയിരുന്നില്ല.
പക്ഷിപ്പനി പ്രധാനമായും കാട്ടുപക്ഷികളിലും കോഴികളിലുമാണ് സ്ഥിരീകരിക്കാറുള്ളത്. മനുഷ്യർക്കിടയിൽ അപൂർവ്വമായി മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ.












Click it and Unblock the Notifications