സൗദിയുടെ ഇളവ് ചരിത്രത്തിലാദ്യം; 1.75 ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം
റിയാദ്: ഇന്ത്യയ്ക്ക് വന്‍ ഇളവ് നല്‍കി സൗദി അറേബ്യ ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു. ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജിന് ഇന്ത്യയില്‍ നിന്ന് പോകാന്‍ സാധിക്കുക. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും വലിയ ക്വാട്ട ഇന്ത്യയ്ക്ക് സൗദി അനുവദിക്കുന്നത്. ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഹജ്ജിന് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെലവ് നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.

175025 പേര്‍ക്കാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജ് ചെയ്യാന്‍ സാധിക്കുക. സൗദി ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലം എന്നിവരാണ് ജിദ്ദയില്‍ കരാര്‍ ഒപ്പുവച്ചത്. ഇതിന് മുമ്പ് ഏറ്റവും വലിയ ക്വാട്ട ഇന്ത്യയക്ക് അനുവദിച്ചത് 2019ലാണ്. അന്ന് 1.4 ലക്ഷം പേര്‍ക്കായിരുന്നു ഹജ്ജിന് അവസരം. പിന്നീടുള്ള രണ്ട് വര്‍ഷം കൊവിഡ് കാരണം ഹജ്ജിന് അനുമതിയുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം 79237 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു.
ഈ വര്‍ഷം ഇന്ത്യയ്ക്കുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട സൗദി സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയെങ്കിലും കേന്ദ്ര ഹജ്ജ് നയം പ്രഖ്യാപിക്കാന്‍ വൈകുന്നത് മൂലം അപേക്ഷ സ്വീകരിക്കാന്‍ വൈകും. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഹജ്ജ് പോളിസിയുടെ കരട് രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നു. അഞ്ച് വര്‍ഷ ഹജ്ജ് പോളിസിയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇന്ത്യയ്ക്ക് അനുവദിച്ചിരിക്കുന്ന ക്വാട്ട വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും 5766 പേര്‍ക്കാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഈ വര്‍ഷം കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഹജ്ജ് യാത്രയ്ക്കുള്ള എംബാര്‍ക്കേഷന്‍ പോയന്റുകളായി ഉള്‍പ്പെടുത്തുമെന്നാണ് ഹജ്ജ് നയത്തിന്റെ കരട് രേഖയില്‍ നിന്നും വ്യക്തമാകുന്നത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടി കേരളത്തിലെ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ കൂട്ടുന്നത് സംബന്ധിച്ച് പറഞ്ഞിരുന്നു. കേരളത്തിന് ഇത്തവണ ക്വാട്ട വര്‍ധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ എത്ര പേര്‍ക്ക് അവസരം കിട്ടുമെന്ന് വ്യക്തമല്ല.












Click it and Unblock the Notifications