ഹജ്ജിനും ഉംറക്കും ഇനി മുതല്‍ വിദേശികൾക്ക് നേരിട്ട് അനുമതി: പുതിയ പ്രഖ്യാപനവുമായി സൗദി അറേബ്യ
റിയാദ്: വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഉംറ, മക്ക, മദീന എന്നിവിടങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് അനുമതി തേടി പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കി സൗദി. ഇഅ്തമർനാ, തവക്കൽനാ എന്നീ രണ്ട് ആപ്പുകള്‍ വഴി വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് നേരിട്ട് പെര്‍മിറ്റ് എടുക്കാന്‍ സാധിക്കും.
നേരത്തെ സൗദിയിലെ ഉംറ ഏജൻസികൾ വഴിയായിരുന്നു വിദേശ യാത്രക്കാർക്ക് പെർമിറ്റ് നൽകിയിരുന്നത്. ഈ സേവനത്തിന് പ്രത്യേക ഫീസും ഏജന്‍സികള്‍ ഈടാക്കിയിരുന്നു. എന്നാല്‍ ഇനിമുതില്‍ ഇനി ഇടനിലക്കാരുടെ ആവശ്യം ഉണ്ടാകാതെ തന്നെ വിശ്വാസികള്‍ക്ക് പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാം.

സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹകരണത്തോടെയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അതേസമയം സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും അനുമതി നല്‍കുക. ആപ്പ് വഴി ഇത് സംബന്ധിച്ച രേഖകള്‍ കൈമാറേണ്ടതുണ്ട്.

സൗദി അറേബ്യയിൽ എത്തുന്നതിന് മുമ്പ് തീര്‍ത്ഥാടകര്‍ ഖുദൂം പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യണം. മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിൽ പങ്കെടുക്കാനും മസ്ജിദുൽ നബവിയിൽ സന്ദർശിക്കാനും പുതിയ ആപ്പിലെ അനുമതി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കും. പുതിയ പ്രഖ്യാപനം വിദേശികളായ തീര്‍ത്ഥാടകര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ, ആപ്പ് ഗാലറി, ഗാലക്‌സി സ്റ്റോർ എന്നീ പ്ലാറ്റ് ഫോമുകളില്‍ പുതിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. എല്ലാ ഉപയോക്താക്കളും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സേവനം ഉപയോഗപ്പെടുത്തണമെന്ന് വിദേശകാര്യ-ഹജ്ജ് മന്ത്രാലയങ്ങളും എസ്ഡിഎഐഎയും അഭ്യർത്ഥിച്ചു.

ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർ ഇനി 14 ദിവസം ബുക്കിങ്ങിനായി കാത്തിരിക്കേണ്ടി വരില്ല എന്ന് 2021 ഒക്‌ടോബർ 24-ന് സൗദി അറേബ്യയിലെ ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതികളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബറില്‍ തന്നെ സാമൂഹിക അകലം പാലിക്കൽ നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളിൽ ഉള്‍പ്പടെ കൂട്ട പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം ഇന്ത്യയില്‍ നിന്നുള്ളെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ ഈ മാസം ആദ്യത്തോടെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഹജ്ജ് നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനായിട്ടാണ് നടത്തുന്നത്. 2022ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 31 വരെയാണ്. താൽപ്പര്യമുള്ള തീർത്ഥാടകർക്ക് ഓൺലൈനായും "ഹജ്ജ് മൊബൈൽ ആപ്പ്" വഴിയും അപേക്ഷിക്കാന്‍ സാധിക്കും.












Click it and Unblock the Notifications