ഖത്തറിന്റെ ഇടപെടല്‍ ഫലം കാണുന്നു: ഇസ്രായേലും ഹമാസും വെടിനിർത്തല്‍ കരാറിലേക്ക്
ടെല്‍ അവീവ്: ഇസ്രായേൽ ഹമാസ് വെടിനിർത്തൽ ചർച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. ഇസ്രായേലുമായുള്ള വെടിനിർത്തല്‍ ചർച്ചകള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ഹമാസ് തന്നെ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഉടന്‍ തന്നെ ചർച്ചകള്‍ വ്യക്തമായ കരാറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയ ഹമാസ് കരാറിന്റെ കരട് അംഗീകരിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു.
വെടിനിർത്തല്‍ കരാറിന്റെ ഭാഗമായി തടവില്‍ കഴിയുന്ന ഇസ്രായേലുകാരായ ബന്ദികളെ വിട്ടയക്കാനും ഹമാസ് തയ്യറായിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇരു കക്ഷികള്‍ക്കും ഇടയിലാണ് ചർച്ചകള്‍ നടക്കുന്നത്. വെടിനിർത്തലും, ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാർ എത്രയും വേഗത്തില്‍ നടപ്പിലാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

വെടിനിർത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. വെടിനിർത്തല്‍ കരാറില്‍ വ്യക്തമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്തിമമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുമാണ് ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലി കാബിനറ്റ് അംഗീകരിച്ചാൽ മാത്രമേ വെടിനിർത്തൽ കരാറിന് അന്തിമ ധാരണയാകു എന്നും അദ്ദേഹം വ്യക്തമാക്കി.
നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ക്രിയാത്മകവും ഫലപ്രദവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരിയും അഭിപ്രായപ്പെട്ടു. എന്നാല്‍ ചർച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ അദ്ദേഹം തയ്യാറായില്ല. പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ ശരിവെക്കുകയാണെങ്കില്‍ ചൊവ്വാഴ്ചയോടെ കരാറിന് അന്തിമരൂപമായേക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തല്‍ കരാർ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. നൂറിലേറെ ഇസ്രായേലുകാരായ തടവുകാർ ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ട്. ആറാഴ്ച കാലയളവില്‍ ഇതില്‍ സ്ത്രീകള്‍, കുട്ടികള്‍, മുതിർന്നവർ, പരിക്കേറ്റവർ എന്നിവരുള്‍പ്പെടെ 33 ബന്ദികളെ ആദ്യ ഘട്ടത്തില്‍ ഗാസയില്‍ നിന്നും മോചിപ്പിക്കും. ഇതിന് പകരം ഇസ്രായേലിന്റെ തടവിലുള്ള നൂറുകണക്കിന് പലസ്തീന്‍ സ്ത്രീകളേയും കുട്ടികളേയും വിട്ടയക്കും.
ഇതോടൊപ്പം തന്നെ ആദ്യഘട്ടത്തിലെ 42 ദിവസത്തിനിടെ ഗാസയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഇസ്രായേലി സേന പിന്മാറും. വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ പലസ്തീന്‍ സേനകള്‍ക്ക് അനുമതി നല്‍കും. ഇതോടൊപ്പം തന്നെ ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും ശക്തമാക്കും. ഒരോ ദിവസവും 600 ട്രക്കുകള്‍ ഗാസയിലേക്ക് സഹായസാമഗ്രികളുമായി എത്തുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ഗാസയുടെ ഈജിപ്‌ഷ്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം അവസാനഘട്ടത്തില്‍ മാത്രമായിരിക്കും ഇസ്രായേല്‍ ഹമാസിന് വിട്ടുനല്‍കുക.












Click it and Unblock the Notifications