ഹമാസ് സൈനിക വിഭാഗം തലവൻ ഇസ്സുദ്ദീൻ അൽ-ഹദ്ദാദ് കൊല്ലപ്പെട്ടു; ഇസ്രയേൽ ആക്രമണത്തിന്റെ സൂത്രധാരൻ
ഹമാസ് സൈനിക വിഭാഗം തലവൻ ഇസ്സുദ്ദീൻ അൽ-ഹദ്ദാദ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. വെള്ളിയാഴ്ച ഗാസ സിറ്റിയിലെ അപ്പാർട്മെന്റിന് നേരെയും വാഹനത്തിനു നേരെയും ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇസ്സുദ്ദീൻ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7-ലെ ഇസ്രായേൽ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് അൽ-ഹദ്ദാദ്. വെടിനിർത്തലിന് ശേഷം ഇസ്രയേൽ വധിക്കുന്ന ഏറ്റവും മുതിർന്ന ഹമാസ് നേതാവാണ് ഹദ്ദാദ്
ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത അവസാനത്തെ മുതിർന്ന ഹമാസ് കമാൻഡർമാരിൽ ഒരാൾ കൂടിയാണ് ഇസ്സുദ്ദീൻ. ആക്രമണത്തിൽ ഇസ്രായേലിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250-ലധികം പേരെ ഗാസയിലേക്ക് ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്തിരുന്നു. ഈ സംഭവമാണ് പിന്നീട് ഗാസ ആക്രമണങ്ങൾക്ക് വഴിവെച്ചത്.

അൽ-ഹദ്ദാദിന്റെ മരണം കുടുംബവും സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഗാസ സിറ്റിയിൽ നടന്ന സംസ്കാരച്ചടങ്ങിൽ മൃതദേഹം ഹമാസ്, പലസ്തീൻ പതാകകളിൽ പൊതിഞ്ഞാണ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മറ്റ് ആറ് പേരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഹമാസ് മുൻ സൈനിക നേതാവ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിന് ശേഷമാണ് അൽ-ഹദ്ദാദ് സൈനിക വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തത്. യുദ്ധകാലത്ത് ഇസ്രായേലി ബന്ദികളെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നുവെന്നും ഇസ്രായേൽ സൈന്യം ആരോപിച്ചു.
1980-കളിൽ ഹമാസ് രൂപീകരിച്ച സമയത്ത് തന്നെ സംഘടനയിൽ ചേർന്ന ആളാണ് അൽ-ഹദ്ദാദ്. ഖസ്സാം ബ്രിഗേഡുകളുടെ മജ്ദ് വിഭാഗത്തിലെ അംഗമായിരുന്ന ഇയാൾ പിന്നീട് ഹമാസിന്റെ സൈനിക കൗൺസിലിലും അംഗമായി. ഇസ്രായേലുമായി സഹകരിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ചുമതലയും അദ്ദേഹം വഹിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 72,700-ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷവും ആക്രമണങ്ങൾ തുടരുകയാണെന്നും ആ കാലയളവിൽ മാത്രം 850-ലധികം പേർ കൊല്ലപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ഹമാസിന്റെ നിരായുധീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ധാരണയില്ലാത്തതാണ് ചർച്ചകൾക്ക് തടസ്സമാകുന്നത്. ഇരുപക്ഷവും വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച് പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. അൽ-ഹദ്ദാദിന്റെ വധത്തെ ഇസ്രായേൽ സൈനിക നേതൃത്വം "പ്രധാന നടപടി" എന്നാണ് വിശേഷിപ്പിച്ചത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള നടപടികൾ തുടരുമെന്നും സൈന്യം വ്യക്തമാക്കി.












Click it and Unblock the Notifications