അന്താരാഷ്ട്ര വനിതാ ദിനം: ചരിത്രം, പ്രാധാന്യം, ഈ വര്‍ഷത്തെ തീം, അറിയേണ്ടതെല്ലാം
അന്താരാഷ്ട്ര വനിതാ ദിനം ലോകരാജ്യങ്ങള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് എട്ടിനാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ലിംഗ തുല്യതയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. നാനാതുറകളിലുമുള്ള സ്ത്രീകള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ ഈ ദിനം പ്രശംസിക്കപ്പെടും. 1975ല്‍ ഐക്യരാഷ്ട്രസഭയാണ് മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. പര്‍പ്പിള്‍ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവന്‍ ഉപയോഗിക്കുക.

ഈ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഐക്യരാഷ്ട്രസഭയാണ് ഇത് തീരുമാനിക്കുക. ഇന്നത്തെ ലിംഗ തുല്യത സുസ്ഥിരമായ നാളേയ്ക്ക് എന്നാണ് തീം. ഈ തീം പ്രകാരം ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേട്ടങ്ങളെ ആദരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ കുറച്ചുകൊണ്ടുവരാനും, അതിലൂടെ മികച്ച ഭാവി സാധ്യമാക്കുകയും ചെയ്യുന്നവരുടെ സേവനങ്ങളെയാണ് അംഗീകരിക്കുക. ഒരുപാട് വൈകിയിട്ടില്ല: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ ചെയ്യണം എന്ന വീഡിയോയും ഐക്യരാഷ്ട്രസഭ പുറത്തിറക്കുന്നുണ്ട്.
അന്താരാഷ്ട്ര വനിതാ ദിനത്തിന് പറയാനും ഒരു ചരിത്രമുണ്ട്. ന്യൂയോര്‍ക്കില്‍ 1908ല്‍ നടന്ന തൊഴിലാളി സമരത്തില്‍ നിന്നാണ് ഇങ്ങനൊരു ദിനത്തിന്റെ തുടക്കം. നെയ്ത്ത് വ്യവസായ ശാലകളിലെ ആയിരക്കണക്കിന് വനിതാ തൊഴിലാളികളാണ് അന്ന് തെരുവിലിറങ്ങിയത്. പ്രവര്‍ത്തി സമയം കുറയ്ക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. താങ്ങാവുന്നതില്‍ അധികം സമയം ജോലിയെടുത്ത് ഇവര്‍ ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് മാത്രമല്ല വേതനം വര്‍ധിപ്പിക്കുക, വോട്ടവകാശം നല്‍കുക എന്നതും ഇവരുടെ പ്രധാന ആവശ്യമായിരുന്നു. ഇതിനടുത്ത വര്‍ഷമാണ് ദേശീയ വനിതാ ദിനം അമേരിക്കയില്‍ ആദ്യമായി ആഘോഷിച്ചത്.
1910ല്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഓഫ് വര്‍ക്കിംഗ് വുമണ്‍ പിന്നീട് ഇത് ആഗോള തലത്തില്‍ ആഘോഷിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ജര്‍മന്‍ ക്യാമ്പയിനറും സോഷ്യലിസ്റ്റുമായ ക്ലാര സെറ്റ്കിനാണ് ഇത്തരമൊരു ദിനം ആഘോഷിക്കാന്‍ മുന്നില്‍ നിന്നത്. 1917ല്‍ സ്ത്രീകള്‍ ഭക്ഷണത്തിനും സമാധാനത്തിനുമായി പ്രതിഷേധം നടത്തിയിരുന്നു. ഇത് ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച്ചയായിരുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഇത് മാര്‍ച്ച് എട്ടാണ്. ആ സമയം രാജ്യം യുദ്ധത്തിലായിരുന്നു. ഭക്ഷണ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമമായിരുന്നു. ഈ പ്രതിഷേധം നടന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സാര്‍ ചക്രവര്‍ത്തി സ്ഥാനഭ്രഷ്ടനായി. പിന്നീട് വന്ന ഭരണകൂടം സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. ഇങ്ങനെയാണ് ഇന്ന് കാണുന്ന അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നതിലേക്ക് എത്തിയത്.












Click it and Unblock the Notifications