സല്‍മാന്‍ ഖാനെ ഭീകരരുടെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയോ? വിശദീകരണവുമായി പാക് സര്‍ക്കാര്‍
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പാകിസ്ഥാന്‍ ഭീകരരുടെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പാകിസ്ഥാനില്‍ വലിയ ജനപ്രീതിയുള്ള സാഹചര്യത്തിലാണ് സല്‍മാന്‍ ഖാനെ ആ രാജ്യത്തിന്റെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമുള്ള നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ വന്നത്. നടന് പാകിസ്ഥാനിലേക്ക് യാത്രാ നിയന്ത്രണം അടക്കമുള്ള വിലക്കുകള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
സൗദി അറേബ്യയില്‍ നടന്ന ഒരു പരിപാടിയില്‍ പാകിസ്ഥാനെയും ബലൂചിസ്ഥനെയും രണ്ടു വ്യത്യസ്ത രാജ്യങ്ങള്‍ എന്ന നിലയില്‍ നടന്‍ പരാമര്‍ശിച്ചതാണ് പാകിസ്ഥാന്റെ പ്രകോപനത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ട് പാക്കിസ്ഥാന് എതിരെയുള്ള വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ സത്യമാണോ? ഈ വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണെന്ന് വിശദീകരിച്ച് പാക് സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സല്‍മാന്‍ ഖാനെ ഭീകരരുടെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും പൂര്‍ണമായും തെറ്റാണെന്നും വിശദീകരിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി പ്രസ്താവന ഇറക്കി.
പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്ത് വന്നത്. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതാണെന്നും സെന്‍സേഷണല്‍ തലക്കെട്ട് മാത്രമാണെന്നും വിശദീകരിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെ ആയിരുന്നു ഇക്കാര്യത്തിലുള്ള വിശദീകരണം നല്‍കിയത്. ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാന്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റിയുടെ നിരോധിത വ്യക്തികളുടെ പേജില്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കുകയോ പാകിസ്ഥാന്‍ സര്‍ക്കാരിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയോ ഉണ്ടായിട്ടില്ല.
റിയാദില്‍ നടന്ന ഒരു പരിപാടിയിലാണ് സല്‍മാന്‍ ഖാന്റെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശം ഉണ്ടായത്. ഷാരൂഖ് ഖാനും ആമിര്‍ഖാനും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സിനിമകള്‍ ബലൂചിസ്ഥാനിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞതാണ് വിവാദമായത്. അതേസമയം, ബലൂചിസ്ഥാന്‍ നേതാക്കള്‍ ഈ പരാമര്‍ശത്തെ അഭിനന്ദിച്ചതാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്. ബലൂചിസ്ഥാന്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യ ആണെങ്കിലും ജനസംഖ്യയില്‍ ഏറ്റവും ചെറുതാണ്.
1997 ലെ പാകിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ പട്ടികയാണ് 'നാലാം ഷെഡ്യൂള്‍'. ഈ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കും. ഇവര്‍ക്ക് പാകിസ്ഥാനില്‍ സഞ്ചാരത്തിനും വിലക്കുണ്ടാകും. അതിനാലാണ് പാകിസ്ഥാനില്‍ ഏറെ ജനപ്രീതിയുള്ള നടനായ സല്‍മാന്‍ ഖാന്റെ പേര് ഇത്രയും ഗുരുതരമായ ഒരു പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്ന അഭ്യൂഹം പെട്ടെന്ന് വൈറലായത്.












Click it and Unblock the Notifications