ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ചയില്‍ വാഗ്വാദം: ഒച്ചയിട്ട് ട്രംപ്; എനിക്ക് വേണ്ടത് വേണ്ടത് വെടിനിർത്തല്‍ കരാറാണ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്നത് രൂക്ഷമായ വാദപ്രദിവാദങ്ങള്‍. ഓവല്‍ ഓഫീസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ 'ഒന്നുകിൽ ഒരു കരാറിലെത്തുക അല്ലെങ്കിൽ നമ്മൾ ഉടന്‍ പുറത്തുപോകും. നിങ്ങൾ വലിയ കുഴപ്പത്തിലാണ്... നിങ്ങൾ ഇതിൽ വിജയിക്കുന്നില്ല' എന്ന് പ്രസിഡന്റ് ട്രംപ് സെലെൻസ്‌കിയോട് ഉച്ചത്തിലും കർശനമായും പറഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ട്രംപ് ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ സെലെൻസ്‌കിയുടെ പ്രതികരണവും സമാനമായ രീതിയിലായിരുന്നു. 'ഞങ്ങൾ ഞങ്ങളുടെ സ്വന്തം രാജ്യത്താണ്. ഇക്കാലമത്രയും ഞങ്ങൾ ശക്തമായി നിലകൊണ്ടു. നിങ്ങളുടെ പിന്തുണയ്ക്ക് നിങ്ങളോട് ഞങ്ങള്‍ നന്ദി പറഞ്ഞിട്ടുണ്ട്' എന്നായിരുന്നു ഉക്രൈന്‍ നേതാവിന്റെ മറുപടി.

തുടർന്ന് ഈ രീതിയിൽ പെരുമാറുന്നത് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കൊണ്ടാണ് ചൂതാട്ടം നടത്തുന്നത്. മൂന്നാം ലോകമഹായുദ്ധവുമായി ചൂതാട്ടം നടത്തുകയാണ്, നിങ്ങൾ ചെയ്യുന്നത് ആ രാജ്യത്തോടുള്ള അനാദരവാണെന്നും ട്രംപ് ശബ്ദമുയർത്തി തന്നെ പറഞ്ഞു. 'ഉറക്കെ സംസാരിക്കേണ്ടതില്ലെന്ന്' സെലെൻസ്‌കി ആവശ്യപ്പെട്ടപ്പോൾ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റും സംസാരിക്കാന്‍ തുടങ്ങി.
യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രം ആവശ്യമാണെന്നായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സെലെൻസ്‌കിയോട് പറഞ്ഞത്. അത് എന്ത് തരത്തിലുള്ള നയതന്ത്രമാണെന്ന് എന്ന് സെലെൻസ്‌കി ചോദിച്ചപ്പോള്‍ പ്രസിഡന്റിന്റെ ഓഫീസിൽ വെച്ച് അനാദരവ് കാണിക്കുന്നുവെന്നായിരുന്നു ജെ ഡി വാൻസിന്റെ പ്രതികരണമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
വൈസ് പ്രസിഡന്റിനെ ന്യായീകരിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപും സെലെൻസ്‌കിയെ രൂക്ഷമായ ഭാഷയില്‍ തന്നെ വിമർശിച്ചു. 'ഞങ്ങൾ നിങ്ങൾക്ക് 350 ബില്യൺ ഡോളർ നൽകി, ഞങ്ങൾ നിങ്ങൾക്ക് സൈനിക ഉപകരണങ്ങൾ നൽകി, ധാരാളം പിന്തുണയും നൽകി. ഞങ്ങളുടെ സൈനിക ഉപകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമായിരുന്നു.' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ട്രംപും പുടിന് സമാനമായ രീതിയില്‍ പ്രതികരിക്കുന്നുവെന്നായിരുന്നു ഇതിന് സെലെൻസ്‌കി നല്‍കിയ മറുപടി. 'അതെ-അതെ, രണ്ട് ദിവസം നീണ്ടുനിൽക്കുമായിരുന്നില്ല - പുടിനിൽ നിന്നും ഞാൻ അത് കേട്ടു' അദ്ദേഹം പറഞ്ഞു.
വീണ്ടും യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്ൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവർത്തിച്ചു. "ആളുകൾ മരിക്കുന്നു, നിങ്ങൾക്ക് സൈനികർ കുറവാണ്, എന്നിട്ട് നിങ്ങൾ ഞങ്ങളോട് 'എനിക്ക് ഒരു വെടിനിർത്തൽ വേണ്ട' എന്നും 'എനിക്ക് യുദ്ധം തുടരണം' എന്നും പറയുന്നു. നോക്കൂ... വെടിയുണ്ടകൾ പറക്കുന്നത് നിർത്താനും കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാനും നിങ്ങൾ ഇപ്പോൾ ഒരു വെടിനിർത്തൽ പ്രഖ്യാപിക്കണം. ഞാൻ ഇവിടെയുണ്ട്, എനിക്ക് ഒരു വെടിനിർത്തൽ വേണം, പക്ഷേ നിങ്ങൾക്ക് ആ വെടിനിർത്തൽ വേണ്ടെന്ന് വ്യക്തമാണ്," ട്രംപ് പറഞ്ഞു.












Click it and Unblock the Notifications