വൈദ്യുതി സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി, ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചിട്ടു, വീടുകളിലും കറന്റില്ല
ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി വരെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. ഹെയ്സിലെ നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനില്‍ ആണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ നൂറുകണക്കിന് വീടുകളിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്.
യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ വിമാനത്താവളമാണിത്. അതേസമയം പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഹീത്രൂ അടച്ചിടുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല എന്നും വിമാനത്താവള വക്താവ് പറഞ്ഞു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നടപടി എന്നും പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണ് ശ്രമിക്കുന്നത് എന്നും വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു.

യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീ അണയ്ക്കുന്നതിന് 10 ഫയര്‍ എഞ്ചിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിദിനം ഏകദേശം 1300 ലാന്‍ഡിംഗ്, ടേക്ക്-ഓഫുകള്‍ കൈകാര്യം ചെയ്യുന്ന വിമാനത്താവളമാണ് ഹീത്രൂ. കഴിഞ്ഞ വര്‍ഷം 83.9 ദശലക്ഷം യാത്രക്കരാണ് വിമാനത്താവളത്തില്‍ എത്തിയത്. ഹീത്രൂവിലേക്കും തിരിച്ചുമുള്ള കുറഞ്ഞത് 1351 വിമാനങ്ങളെയെങ്കിലും വെള്ളിയാഴ്ചത്തെ തടസം ബാധിക്കുമെന്ന് ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ് റാഡാര്‍ 24 എക്സില്‍ പറഞ്ഞു.
അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്ന സമയത്ത് ഏകദേശം 120 വിമാനങ്ങള്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. ഹീത്രൂവിലേക്ക് പോകേണ്ട ഏഴ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ മടങ്ങുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്തതായി യുഎസ് ആസ്ഥാനമായുള്ള വിമാനക്കമ്പനി ബിബിസി ന്യൂസിനോട് പറഞ്ഞു. രണ്ട് വിമാനങ്ങള്‍ ലണ്ടനില്‍ നിന്ന് പാരീസിലേക്ക് തിരിച്ചുവിട്ടതായി ഓസ്ട്രേലിയയുടെ മുന്‍നിര ക്വാണ്ടാസ് എയര്‍ലൈനും അറിയിച്ചു.
അതേസമയം, മധ്യ, തെക്കന്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി ഏകദേശം നാല് ദശലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സ്‌കോട്ടിഷ്, സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക്, നോര്‍ത്ത് ഹൈഡ് സബ്‌സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായതെന്നും അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
'ഹെയ്സ്, ഹൗണ്‍സ്ലോ, പരിസര പ്രദേശങ്ങള്‍ (ലണ്ടന്‍) എന്നിവിടങ്ങളിലെ ഞങ്ങളുടെ നിരവധി ഉപഭോക്താക്കളെ വ്യാപകമായി വൈദ്യുതി മുടക്കം ബാധിച്ചതായി ഞങ്ങള്‍ക്കറിയാം. തീപിടുത്തമുണ്ടായ സ്ഥലം ഒഴിപ്പിച്ചു, പ്രദേശവാസികളുടെയും സഹപ്രവര്‍ത്തകരുടെയും അടിയന്തര സംഘങ്ങളുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന,' അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications