അടിക്ക് തിരിച്ചടിയോ? മൊസാദ് കേന്ദ്രം ലക്ഷ്യമാക്കി കുതിച്ച് ഹിസ്ബുള്ളയുടെ ബാലിസ്റ്റിക് മിസൈല്‍
ടെല്‍അവീവ്: ഇസ്രായേലിന് മറുപടിയായി ഹിസ്ബുള്ളയുടെ മിസൈലാക്രമണം. ഇസ്രായേല്‍ തലസ്ഥാനായ ടെൽ അവീവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മൊസാദിൻ്റെ ആസ്ഥാനം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നുവെന്നാണ് റിപ്പോർട്ട്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുള്ള തന്നെയാണ് ഇക്കാര്യം സ്ഥീരികരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
പേജറുകളും മറ്റ് വയർലെസ് ഉപകരണങ്ങളും ഉപയോഗിച്ച് സമീപകാലത്ത് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസി ആക്രമണം ആസൂത്രണം ചെയ്ത കെട്ടിടമാണ് ലക്ഷ്യമിടുന്നതെന്നും ഹിസ്ബുള്ള പറഞ്ഞു. കുറഞ്ഞത് 500 പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്ത ലെബനനിലെ ഇസ്രായേൽ ബോംബാക്രമണത്തിനിടയിലാണ് ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നുമുള്ള തിരിച്ചടി.

ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് ഇറാൻ പിന്തുണയുള്ള സായുധ സംഘം ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അവകാശപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. "ഇസ്ലാമിക് റെസിസ്റ്റൻസ് ടെൽ അവീവിൻ്റെ പ്രാന്തപ്രദേശത്തുള്ള മൊസാദ് ആസ്ഥാനത്തെ ലക്ഷ്യമാക്കി 25-9-2024 ബുധനാഴ്ച രാവിലെ 6:30 ന് (03:30 ജിഎംടി) 'ഖാദർ 1' ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു," ഹിസ്ബുള്ള ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി.
"ഞങ്ങളുടെ നേതാക്കളെ കൊലപ്പെടുത്തുന്നതിനും പേജറുകളുടെയും വയർലെസ് ഉപകരണങ്ങളുടെയും പൊട്ടിത്തെറിക്കും ഈ ആസ്ഥാനമാണ് ഉത്തരവാദി. ഗാസയിലെ ജനങ്ങൾക്ക് പിന്തുണയർപ്പിച്ചും ലെബനൻ്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണത്തിനും വേണ്ടിയാണ് ഇത്തരമൊരു ആക്രമണം" ഹിസ്ബുള്ള സംഘം കൂട്ടിച്ചേർത്തു.
അതേസമയം, ലെബനനിൽ നിന്ന് ആദ്യമായാണ് ഒരു പ്രൊജക്റ്റൈൽ മധ്യ ഇസ്രായേലിലെത്തുന്നതെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി.കഴിഞ്ഞ മാസം ടെൽ അവീവിനു സമീപമുള്ള ഒരു രഹസ്യാന്വേഷണ കേന്ദ്രത്തെ വ്യോമാക്രമണത്തിൽ ലക്ഷ്യം വച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നുവെങ്കിലും ഇസ്രായേലിൻ്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.
ഹിസ്ബുള്ള ആക്രമണത്തില്‍ ഇസ്രായേലിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല, മധ്യ ഇസ്രായേലിനുള്ള സിവിൽ ഡിഫൻസ് നിർദ്ദേശങ്ങളിൽ മാറ്റമില്ലെന്ന് സൈന്യം അറിയിച്ചു. ലെബനനിലെ നഫഖിയ പ്രദേശത്ത് തങ്ങളുടെ വിമാനങ്ങൾ മിസൈൽ തൊടുത്ത ലോഞ്ചറിൽ ഇടിച്ചതായി ഇസ്രായേൽ എയർഫോഴ്‌സ് എക്‌സിൽ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
അധിനിവേശ സിറിയൻ പ്രദേശമായ ഗോലാൻ കുന്നുകളിലും വടക്കൻ ഇസ്രായേലിലെ കാർമൽ പർവതത്തിന് സമീപവും ഹിസ്ബുള്ള ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനെ വിജയകരമായി പ്രതിരോധിക്കാന്‍ സാധിച്ചു. അതേസമയം ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം വർധിപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications