ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം; 4 സൈനികർ കൊല്ലപ്പെട്ടു, 60 ഓളം പേർക്ക് പരിക്ക്
ഇസ്രായേൽ സൈന്യത്തിനെതിരെ ഡ്രോൺ ആക്രമണവുമായി ഹിസ്ബുള്ള. ലെബനനിൽ നിന്നും 40 മൈൽ അകലെയുള്ള ബിന്യാമിനയിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. 60 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഇസ്രായേൽ ആക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ഇസ്രായേൽ ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. 117 ഓളം പേർക്കാണ് പരിക്കേറ്റത്.
ദക്ഷിണ ലെബനനിൽ വിന്യസിച്ചിരിക്കുന്ന ഇസ്രായേൽ സേന വിഭാഗത്തിന്റെ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ഹസൻ നസ്രല്ലയുടെ ഒരു ഓഡിയോ സന്ദേശം ഹിസ്ബുള്ള പുറത്തുവിട്ടിരുന്നു. നിങ്ങളുടെ ജനങ്ങളേയും കുടുംബങ്ങളേയും രാജ്യത്തേയും മൂല്യങ്ങളേയും പദവിയേയും പ്രതിരോധിക്കുക എന്നാണ് ഓഡിയോയിൽ പറയുന്നത്. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ 27 നായിരുന്നു ഇസ്രായേൽ ആക്രമണത്തിൽ നസ്റല്ല കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രായേലി പട്ടണങ്ങളായ നഹാരിയ, ഏക്കർ എന്നിവിടങ്ങളിലും ഹിസ്ബുള്ള ഡസൻ കണക്കിന് ഡ്രോണുകൾ തൊടുത്തുവിട്ടു.

സാധാരണ നിലയിൽ ഹിസ്ബുള്ള ആക്രമണങ്ങൾ സംബന്ധിച്ച് വ്യക്തമായ സൂചന ഇസ്രായേലിന് ലഭിക്കാറുണ്ട്. പലപ്പോഴും ഇത്തരം തിരിച്ചടികളെ തകർക്കാനും ഇസ്രായേലിന് സാധിക്കാറുണ്ട്. എന്നാൽ ബിന്യാമിനയിൽ നടന്ന ആക്രമണം സംബന്ധിച്ച് യാതൊരു അറിവും ഇസ്രായേലിന് ഉണ്ടായിരുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മുന്നറിയിപ്പും ഉണ്ടാകാതെ എങ്ങനെയാണ് ഡ്രോൺ സൈനിക കേന്ദ്രത്തിൽ പതിച്ചതെന്ന കാര്യം പരിശോധിക്കുമെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയൽ ആഡം ഡാനിയേൽ പഞ്ഞു. ഡ്രോൺ ആക്രമണങ്ങളാണ് തങ്ങൾക്ക് പ്രധാന വെല്ലുവിളിയെന്നും പ്രതിരോധം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസവും ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ദീർഘദൂര മിസൈലുകൾ അയക്കാനുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങൾ ഇസ്രായേലിന് വെല്ലുവിളി തീർക്കുന്നുണ്ട്. വെള്ളിയാഴ്ച ഹിസ്ബുള്ള തൊടുത്ത രണ്ട് ഡ്രോണുകളിൽ ഒന്ന് പരാജയപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും മറ്റൊരു ഡ്രോണിന് എന്ത് സംഭവിച്ചെന്നോ ആഘാതം എന്തായിരുന്നുവെന്നോ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
അതേസമയം സപ്റ്റംബർ 16 മുതൽ ലെബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇതുവരെ 1,500 ഓളം പേരാണ് കൊല്ലപ്പെട്ടത്. 8000തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകൾ. 10 ലക്ഷത്തോളം പേർ മേഖലയിൽ നിന്നും പലായനം ചെയ്തിട്ടുണ്ടെന്നും ലെബനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications