നസ്‌റുല്ലയുടെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഇറാന്‍, യുഎന്‍ രക്ഷാസമിതി വിളിക്കണമെന്ന് ആവശ്യം
ടെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകത്തിന് പിന്നാലെ യുഎന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍. ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകത്തെ അപലപിക്കണം എന്നാണ് യുഎന്നിലെ ഇറാന്‍ അംബാസിഡര്‍ ആമിര്‍ സായി ഇര്‍വാനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന്റെ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം ഇസ്രായേലിന്റെ ഭീരുത്വത്തെയാണ് വെളിവാക്കുന്നത് എന്നും ഇര്‍വാനി പറഞ്ഞു. തങ്ങളുടെ സുപ്രധാന ദേശീയ, സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എന്ത് നടപടികളും സ്വീകരിക്കാന്‍ ഇറാന്‍ മടിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം ചരിത്രപരമായ വഴിത്തിരിവാണ് എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.

നീതിയുടെ നടപടി എന്നാണ് നസ്‌റുല്ല കൊലപാതകത്തെ യുഎസ് വിശേഷിപ്പിച്ചത്. 32 വര്‍ഷമായി ഹിസ്ബുള്ളയെ നയിച്ച നേതാവാണ് ഹസന്‍ നസ്റുല്ല. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ആണ് നസ്‌റുല്ല കൊല്ലപ്പെട്ടത്. അതിനിടെ നസ്റുല്ലയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ സുരക്ഷിതയിടത്തിലേക്ക് മാറ്റി.
അതേസമയം നസ്‌റുല്ലയുടെ കൊലപാതകത്തിന് ശേഷവും ലെബനനില്‍ വലിയ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഇന്നലെ മാത്രം ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 195 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും 6000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പത്ത് ലക്ഷത്തോളം പേരാണ് ലെബനനില്‍ നിന്ന് പലായനം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഇന്നലെ ലെബനന്‍ ഉപയോഗിച്ച പ്രൊജക്ടൈല്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്ക് പ്രദേശത്ത് തകര്‍ന്ന് വീണത് തീപിടുത്തത്തിന് കാരണമായി. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉന്നത കമാന്‍ഡര്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.
ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു യൂണിറ്റിന്റെ തലവനായിരുന്ന ഹസന്‍ ഖലീല്‍ യാസിന്‍ ആണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. അതിനിടെ ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തെ അപലപിച്ച് കൊണ്ടും പ്രതിഷേധം രേഖപ്പെടുത്തിയും ഇറാനില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി.
നസ്‌റുല്ല കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചതോടെ സിറിയയില്‍ ആഘോഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സിറിയന്‍ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ ഹിസ്ബുള്ള സഹായിച്ചിരുന്നു. അതിനാല്‍ തന്നെ ഹിസ്ബുള്ളയെ സിറിയന്‍ ജനത ശത്രുപക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്.












Click it and Unblock the Notifications