ഹിസ്ബുള്ളയെ നയിക്കാൻ ഹാഷിം സഫിദ്ദീൻ ; ഹസൻ നസ്രല്ലയുടെ പകരക്കാരനെ കുറിച്ച് അറിയാം
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹസൻ നസ്രല്ല വധിക്കപ്പെട്ടതിന് പിന്നാലെ പുതിയ മേധാവിയെ നിയോഗിക്കാനൊരുങ്ങി ഹിസ്ബുള്ള. നസ്രല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീൻ ആണ് പുതിയ തലവൻ എന്നാണ് റിപ്പോർട്ട്. 64 കാരനായ സഫിദ്ദീൻ ശരീരപ്രകൃതത്തിലും നസ്രലല്ലയുമായി ഏറെ സാമ്യമുള്ള നേതാവാണ്. നേരത്തേ അദ്ദേഹം ഇസ്രായൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം ഉണ്ടയിരുന്നു. എന്നാൽ സഫിദ്ദീൻ ജീവനോടെ ഉണ്ടെന്ന് സംഘടനയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ ആദ്യ കാലത്ത് നസ്രല്ലയ്ക്കൊപ്പം തന്നെ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് സഫിദ്ദീൻ. 1964 ൽ ദക്ഷിണ ലെബനനിലെ ദെയ്ർ ഖാനൻ ൽ നഹർ എന്ന സ്ഥലത്താണ് സഫദ്ദീൻ ജനിച്ചത്. 1990 ൽ ഇറാനിൽ തന്റെ പഠനം പൂർത്തിയാക്കി ബെയ്റൂട്ടിൽ എത്തിയതിന് പിന്നാലെ തന്നെ നസ്രല്ലയ്ക്കൊപ്പം പ്രവർത്തനം തുടങ്ങി. ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളുടെ മേൽനോട്ടം വഹിച്ച് വരികയായിരുന്നു. ഗ്രൂപ്പിന്റെ ജിഹാദ് കൗൺസിൽ അംഗം കൂടിയാണ് സഫിദ്ദീൻ. സംഘടനയുടെ സൈനികകാരങ്ങ്യളുടെ ചുമതലയാണ് ജിഹാദ് കൗൺസിലിനുള്ളത്.

കഴിഞ്ഞ 30 വർഷമായി ഹിസ്ബുള്ളയുടെ സിവിലിയൻ ഓപ്പറേഷനുുകൾ, വിദ്യാഭ്യാസ സംവിധാനങ്ങൾ , സാമ്പത്തിക കാര്യങ്ങൾ എന്നിവയുടെയെല്ലാം മേൽനോട്ടം വഹിച്ചിട്ടുണ്ട് സഫിദ്ദീൻ. സംഘടനയുടെ തന്ത്രപരമായ കാര്യങ്ങളായിരുന്നു നസ്രല്ലയുടെ ചുമതല. നസ്രല്ലയിൽ നിന്നും വ്യത്യസ്തമായി ഏറെ കാലം ഇദ്ദേഹം ഒളിവിലായിരുന്നു. അടുത്തിടെയാണ് രാഷ്ട്രീയ-മതപരമായ പരിപാടികളിൽ സജീവമായിത്തുടങ്ങിയത്.
യുഎസ് നയങ്ങളുടെ കൊടിയ വിമർശകൻ കൂടിയാണ് സഫുദ്ദീൻ. 2017 ൽ യുഎസ് തീവ്രവാദികളുടെ പട്ടികയിൽ സഫീദ്ദിനെ ഉൾപ്പെടുത്തിയിരുന്നു. ഹിസ്ബുള്ളയ്ക്കെതിരായ യുഎസ് നടപടിയെ 2017 ൽ സഫിദ്ദീൻ അതിരൂക്ഷമായി വിമർശിച്ചിരുന്നു. ട്രംപിന്റെ കീഴിലുള്ള മാനസിക വൈകല്യമുള്ള യുഎസ് ഭരണകുടത്തിന് തങ്ങളുടെ ചെറുത്തുനിൽപ്പുകളെ നശിപ്പിക്കാൻ സാധിക്കില്ലെന്നും ഇത്തരം നടപടികളെല്ലാം സംഘടനയെ കൂടുതൽ ശക്തമാക്കുകയേ ഉള്ളൂവെന്നുമാണ് അദ്ദേഹം പറഞത്.
സിറിയൻ ഭരണത്തെ പിന്തുണച്ചതിന്റെ പേരിൽ 2017 ൽ സൗദിയും സഫീദ്ദീനെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. അന്തരിച്ച ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനിയുടെ ഭർതൃപിതാവ് കൂടിയാണ് സഫിദ്ദീൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായും അദ്ദേഹത്തിന് ശക്തമായ ബന്ധമുണ്ട്.
അതേസമയം നസ്രല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി ശനിയാഴ്ച വകവരുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായ ഹസ്സൻ ഖലീൽ യാസിൻ എന്ന നേതാവിനെ വധിച്ചുവെന്നാണ് ഇസ്രായേൽ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications