റഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ 'ഭീകരാക്രമണം'; മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ബോംബ് സ്‌ഫോടനം. റഷ്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാറിനുള്ളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രാദേശികമായി നിര്‍മ്മിച്ച സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്.
മോസ്‌കോ ഒബ്ലാസ്റ്റിലെ ഒരു നഗരമായ ബലശിഖയിലാണ് ആക്രമണം ഉണ്ടായത്. റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റഷ്യന്‍ സൈന്യത്തിലെ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ യാറോസ്ലാവ് മോസ്‌കാലിക്കാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയിലേക്ക് പ്രത്യേക ദൂതനെ അയച്ചിരുന്നു. യു.എസിന്റെ മധ്യസ്ഥതയിലാണ് ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനം ഉണ്ടായത്.
റഷ്യയിലുണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചത് സമാധാന ചര്‍ച്ചകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ആക്രമണം സംബന്ധിച്ച് ഉക്രെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ റഷ്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തെ ഭീകരാക്രമണം എന്നാണ് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ നടന്ന കാര്‍ ബോംബാക്രമണവുമായി യുക്രൈനെ നേരിട്ടു ബന്ധപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും റഷ്യന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച് യുക്രൈന്‍ മുന്‍പും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. യുക്രൈനു മേലുള്ള റഷ്യയുടെ അധിനിവേശത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഈ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ കൊല്ലപ്പെടുന്ന പത്താമത്തെ സൈനിക ജനറലാണ് യാറോസ്ലാവ് മോസ്‌കാലിക്.
ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് പിന്മാറുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ ഈസ്റ്റര്‍ ദിനത്തില്‍ ഒരു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം റഷ്യ വീണ്ടും യുക്രൈനില്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു.
യുക്രൈന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചിരുന്നു. 63 പേര്‍ക്ക് പരിക്കേറ്റു. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ യുക്രൈനിലെത്തിയിരുന്നു.












Click it and Unblock the Notifications