ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട: ഹിന്ദു യുവാവിനെ ഗാരേജിലിട്ട് തീകൊളുത്തി കൊന്നു
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ആയി ഇന്നലെ രാത്രി നർസിങ്ഡി ജില്ലയിലെ ഒരു ഗാരേജ് ജീവനക്കാരനായ ചഞ്ചൽ ചന്ദ്ര ഭൗമിക് എന്ന യുവാവിനെയാണ് അക്രമികൾ അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയത്. ജോലി ചെയ്തിരുന്ന ഓട്ടോമൊബൈൽ ഗാരേജിനുള്ളിലേക്ക് ശനിയാഴ്ച രാത്രി അതിക്രമിച്ചു കയറിയ അക്രമികൾ ചഞ്ചലിനെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് തീകൊളുത്തുകയുമായിരുന്നു. പൂർണ്ണമായും കത്തിയ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ചഞ്ചൽ ചന്ദ്ര ഭൗമിക്കിന്റെ കൊലപാതകം ഒറ്റപ്പെട്ട ഒരു സംഭവമല്ല. ബംഗ്ലാദേശിൽ സമീപകാലത്തായി ഹിന്ദു സമൂഹത്തിന് നേരെ നടന്ന ആസൂത്രിതമായ ആക്രമണങ്ങളുടെ ഒരു വലിയ പരമ്പര തന്നെ നിലനിൽക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസങ്ങളിൽ മാത്രം സമാനമായ രീതിയിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഷരിയത്പൂരിൽ ഖോക്കൻ ചന്ദ്ര ദാസ് എന്നയാളെ അക്രമികൾ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. മൈമൻസിംഗിൽ മതനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയും മൃതദേഹം തീകൊളുത്തുകയും ചെയ്ത സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബംഗ്ലാദേശിൽ ഭരണമാറ്റത്തിന് ശേഷം ന്യൂനപക്ഷങ്ങൾക്കെതിരെ രണ്ടായിരത്തിലധികം അതിക്രമങ്ങൾ നടന്നതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷേത്രങ്ങൾ തകർക്കുന്നതും വീടുകൾക്ക് തീയിടുന്നതും ഇപ്പോൾ കൊലപാതകങ്ങളിലേക്ക് വളർന്നിരിക്കുന്നു. ചഞ്ചൽ ചന്ദ്ര ഭൗമിക്കിന്റെ മരണത്തിന് പിന്നാലെ ചിറ്റഗോങ്ങിൽ പ്രതിഷേധം ഇരമ്പുകയാണ്. തൊഴിലിടങ്ങളിൽ പോലും സുരക്ഷിതരല്ലെന്ന സാഹചര്യം ഹിന്ദു സമൂഹത്തെ വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കുറ്റവാളികളെ പിടികൂടാൻ സർക്കാർ തയ്യാറാകണമെന്നും ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിദേശ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications