ക്ഷേത്രം ആക്രമിച്ച് ശിവലിംഗത്തില്‍ കരിഓയില്‍ ഒഴിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ ഹിന്ദു ക്ഷേത്രം അജ്ഞാതർ ആക്രമിച്ച് അശ്ലീല പദങ്ങള്‍ എഴുതിവെക്കുകയും ശിവലിംഗത്തില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. മണ്‍റോ സിറ്റിയിലുള്ള വിശ്വ ഭവന്‍ മന്ദിരമാണ് ആക്രമണത്തിന് ഇരയായത്. ഇവടത്തെ പ്രതിഷ്ഠയായ ശിവലിംഗത്തില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ക്ഷേത്ര ചുമരുകളില്‍ അശ്ലീലം എഴുതിവെക്കുകയും ചെയ്തു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഭക്തര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് പ്രതിഷ്ഠ വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടത്. ക്ഷേത്രച്ചുമരുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ലോള്‍ എന്നും ഹ ഹ ഹ എന്നും എഴുതിവെച്ചിരുന്നത്രെ. വെറെയും എന്തൊക്കെയോ എഴുതിയിട്ടിരുന്നു. ക്ഷേത്രം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടതും താന്‍ തകര്‍ന്നുപോയി എന്ന് ക്ഷേത്ര ട്രസ്റ്റിലെ അംഗമായ കെല്ലി ദാമര്‍ പറഞ്ഞു.

ജോര്‍ജിയയിലുള്ള ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ആരാധനായലങ്ങളില്‍ ഒന്നാണ് മണ്‍റോ സിറ്റിയിലെ വിശ്വ ഭവന്‍. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അപമാനിക്കപ്പെട്ടതില്‍ ജോര്‍ജിയയിലെ ഹിന്ദുസമൂഹം അസ്വസ്ഥരാണ്. എന്നാല്‍ പോലീസില്‍ പരാതിപ്പെട്ടതല്ലാതെ വിശ്വാസികള്‍ മറ്റ് പ്രതിഷേധങ്ങള്‍ക്കൊന്നും മുതിര്‍ന്നതായി റിപ്പോര്‍ട്ടില്ല. പ്രദേശത്ത് വെറെയും ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രം ആക്രമിച്ചവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.
സംഭവത്തില്‍ ഹിന്ദു അമേരിക്കന്‍ സേവാ കമ്മ്യൂണിറ്റി ആശങ്ക അറിയിച്ചു. തങ്ങളുടെ ആരാധനാലയങ്ങള്‍ അപമാനിക്കപ്പെടുന്നതിനെതിരെ ഹിന്ദു സമൂഹവും മറ്റ് ക്ഷേത്രങ്ങളും ഒന്നിച്ച് നില്‍ക്കണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ സിഖ് വംശജന്‍ ആക്രമിക്കപ്പെട്ടിരുന്നു. കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മതവിശ്വാസികള്‍ ഈ സംഭവങ്ങളില്‍ അസംതൃപ്തരാണ്.












Click it and Unblock the Notifications