ഹോർമുസിലൂടെ കടക്കാൻ കാപ്റ്റൻമാർക്ക് ശമ്പളം 96 ലക്ഷം, 47 ലക്ഷം വരെ ബോണസും
ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന എണ്ണ ടാങ്കറുകളുടെ കാപ്റ്റൻമാരുടെ പ്രതിമാസ ശമ്പളം 100,000 ഡോളറാക്കി ഉയർത്തി കമ്പനികൾ. ഓരോ തവണ കടലിടുക്ക് കടക്കുന്നതിന് മാസം 50,000 ഡോളർ ബോണസും. ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് എണ്ണ കമ്പനികൾ ശമ്പള വർധനവ് ഏർപ്പെടുത്തിയത്.
പശ്ചിമേഷ്യൻ സംഘർഷം കടുത്തതോടെ ഹോർമുസിലൂടെ എണ്ണ കൊണ്ടുപോകുന്നത് വളരെ ചിലവേറിയതായിരിക്കുകയാണ്. ഈ പാതയിലൂടെ കടന്നുപോകുന്നതിന് ദിവസേനയുള്ള ചരക്കുകൂലി നേരത്തേ 20,000 മുതൽ 50,000 ഡോളർ വരെ ആയിരുന്നു. എന്നാൽ ഇന്ന് പ്രതിദിനം 1.3 മില്യണ്‍ ഡോളർ നൽകണം.

സംഘർഷത്തിന് മുൻപ് ടാങ്കർ കാപ്റ്റൻമാർക്ക് ലഭിച്ചിരുന്ന പ്രതിമാസ ശമ്പളം 15,000 ഡോളർ ആയിരുന്നു.അതേസമയം സാധാരണ നാവികർക്ക് പ്രതിമാസം 1,500 ഡോളർ വരെയാണ് ലഭിച്ചിരുന്നത്. എന്നാൽ ചെങ്കടലിൻ്റെ ദക്ഷിണ മേഖലയിലും ഒമാൻ ഉൾക്കടലിലും ജോലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പളം ലഭിക്കും.
നിലവിൽ കടലിടുക്കിലൂടെ ഷട്ടിൽ സർവ്വീസുകളായാണ് ടാങ്കറുകളപടെ പ്രവർത്തനം. അത്തരത്തിൽ പ്രവർത്തിക്കുമ്പോൾ ക്രൂ അംഗങ്ങൾക്ക് ഉയർന്ന ശമ്പളം സ്വന്തമാക്കാൻ സാധിക്കും.എന്നാൽ ആക്രമണം രൂക്ഷമായതോടെ ജീവൻ പണയം വെച്ചാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായ ഹോർമുസിലെ സ്ഥിതി രൂക്ഷമാണ്. സപ്റ്റംബർ 20 ന് ശേഷം കുറഞ്ഞത് 14 ആക്രമണങ്ങളെങ്കിലും ഇവിടെ നന്നിടിട്ടുണ്ടെന്നാണ് കണക്കുകൾ. ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരം 93 കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ ഇതുവരെ 24 പേരാണ് കൊല്ലപ്പെട്ടത്.
ഇൻഷുറൻസ് ചാർജും ഉയരുന്നു
ഒരു വലിയ ടാങ്കറിന് 2 മില്യണ്‍ ബാരൽ എണ്ണയാണ് കൊണ്ടുപോകാൻ സാധിക്കുക. ഇതിൽ 35 ഓളം ജീവനക്കാരും ഉണ്ടാകും. ഹോർമുസിലേക്ക് കടക്കാനും ഇവിടെ നിന്ന് പുറത്തേക്ക് വരാനുമായി ആകെ നാല് ദിവസമാണ് വേണ്ടി വരിക. ആക്രമണം ഭയന്ന് പല ടാങ്കറുകളും ഇതുവഴി പോകാൻ മടിക്കുന്നുണ്ട്.
ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഉയർന്ന ഇൻഷുറൻസാണ് കപ്പൽ കമ്പനികൾക്കും നൽകേണ്ടി വരുന്നത്. കപ്പലിന്റെ ഹള്ളിന്റെ വിലയുടെ 6 മുതൽ 10 ശതമാനം വരെയുള്ള തുകയ്ക്ക് തുല്യമായ പ്രീമിയമാണ് കമ്പനികൾ നൽകുന്നതത്രേ. അതായത് ഗൾഫിലേക്കുള്ള ഒരു യാത്രയ്ക്ക് സൂപ്പർടാങ്കറുകൾ കുറഞ്ഞത് 20 മില്യണ്‍ ഡോളറെങ്കിലും നൽകേണ്ടി വരുന്നുണ്ട്.
കപ്പലുകൾക്ക് ആവശ്യമായ ഇന്ധന വിലയും വളരെ കൂടുതലാണ്. ഫുജൈറയിലുള്ള സൂപ്പർടാങ്കറുകൾക്ക് ടണ്ണിന് 686 ഡോളറാണ് വരുന്നത്. സംഘർഷത്തിന് മുൻപത്തെക്കാൾ 67 ശതമാനം അധികമാണിത്.


Click it and Unblock the Notifications
